|    Jan 21 Sat, 2017 11:16 pm
FLASH NEWS

വെള്ളൂരില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു

Published : 12th July 2016 | Posted By: SMR

തലയോലപ്പറമ്പ്: മയക്കുമരുന്ന് മാഫിയകളും അനാശാസ്യവും മാലിന്യനിക്ഷേപവും വെള്ളൂരില്‍ ജനജീവിതം ദുഷ്‌കരമാക്കുന്നു. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സിമന്റ് ഫാക്ടറിയുടെ പരിസരത്താണ് കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുമായി സംഘം കേന്ദ്രീകരിച്ചിരിക്കുന്നത്.
ജനസഞ്ചാരം കുറഞ്ഞ ഇവിടെ ട്രെയിനിലും ഇരുചക്ര വാഹനങ്ങളിലുമാണ് മാഫിയ സംഘം മയക്കുമരുന്നുകളും മറ്റും എത്തിക്കുന്നത്. ഫാക്ടറിയുടെ ഗ്രീന്‍ ബെല്‍റ്റിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങളും അതിനിടയിലെ കുറ്റിക്കാടുകളും മറയാക്കിയാണ് ഇടപാടുകള്‍ നടത്തുന്നത്.
വിദ്യാര്‍ഥികള്‍ അടക്കമുള്ളവരാണ് ഇവിടെ സ്ഥിരമായി എത്തുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഇവിടെ നിന്നു കഞ്ചാവ് വാങ്ങിവലിച്ച മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ ചാടിയ സംഭവം ഉണ്ടായത്.
നാട്ടുകാരുടെ സമയോചിത ഇടപെടല്‍ ദുരന്തം ഒഴിവാക്കി. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രീകളടക്കമുള്ളവര്‍ ഇവിടെ എത്തുന്നുണ്ട്.
പകല്‍ സമയത്തും കോളജ് വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവര്‍ ഇവിടെ എത്തുന്നതായും നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ ഈ പ്രദേശം സ്വകാര്യ സിമന്റ് ഫാക്ടറിയുടെ കൈവശമായതിനാല്‍ എച്ച്എന്‍എല്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാവുന്നില്ല. പോലിസ് പട്രോളിങും ഇവിടെ കാര്യക്ഷമമല്ലെന്ന ആക്ഷേപമുണ്ട്.
വെള്ളൂര്‍ വെട്ടിക്കാട്ട്മുക്ക് റോഡില്‍ പുതിയ റോഡ് ജങ്ഷനു സമീപം കക്കൂസ് മാലിന്യം തള്ളുന്നതും നിത്യസംഭവമാണ്. ഈ സ്ഥലവും എച്ച്എന്‍എല്ലിന്റെ കൈവശമുള്ളതാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കമ്പനി ഇവിടെ നെറ്റ് വേലി സ്ഥാപിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴും മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല. പ്രദേശത്ത് പോലിസ് പരിശോധനകള്‍ കര്‍ശനമാക്കുന്നതിനോ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക