|    Apr 26 Thu, 2018 3:54 am
FLASH NEWS

വെള്ളിത്തിരയില്‍ നിന്നൊരു രോഗി

Published : 30th October 2015 | Posted By: TK

ടി പി  വാസു വൈദ്യര്‍

വെള്ളിത്തിരയില്‍ തിളങ്ങിനില്‍ക്കുന്ന താര രാജാക്കന്‍മാരെ അദ്ഭുതത്തോടെയും ആരാധനയോടെയുമാണ് മലയാളികള്‍ കാണാറുള്ളത്. അതിഭാവുകത്വം നിറഞ്ഞ കഥകളിലെ നായകന്‍മാരാണ് അവര്‍. പക്ഷേ, യഥാര്‍ഥ ജീവിതത്തില്‍ അടുത്തറിയുമ്പോഴാണ് താരരാജാക്കളില്‍ പലരുടെയും മഹത്ത്വം മനസ്സിലാവുക. ഒരുകാലത്ത് മലയാള സിനിമാലോകം അടക്കിഭരിച്ച സത്യനും ബഹദൂറുമായി ബന്ധപ്പെട്ട അനുഭവം വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നതും അതുകൊണ്ടു തന്നെയാണ്.
ഗാര്‍ലിക്കന്‍ കമ്പനിയുടെ ജനറല്‍ മാനേജറുടെ മകളെ ചികില്‍സിക്കാന്‍ ചെന്നൈയിലേക്കു പോയത് 1964ല്‍ ആയിരുന്നു. അരയ്ക്കു താഴെ തളര്‍ന്ന പെണ്‍കുട്ടിയെ ചികില്‍സിക്കുന്നതിനു വേണ്ടി കമ്പനി പ്രതിനിധികളാണ് ചെന്നൈയിലേക്കു ക്ഷണിച്ചത്.

പ്രശസ്തമായ സ്വാമീസ് ലോഡ്ജിലായിരുന്നു താമസം. 20 ദിവസം അവിടെ താമസിച്ചു വേണമായിരുന്നു രോഗിയെ ചികില്‍സിക്കാന്‍. ഭാര്യയുടെ സഹോദരന്‍ കാളിദാസനെ സഹായത്തിനു കൂട്ടി ആവശ്യം വേണ്ട മരുന്നുകളെല്ലാമായിട്ടായിരുന്നു ചെന്നൈയിലേക്കു വണ്ടി കയറിയത്.
സ്വാമീസ് ലോഡ്ജിലെ താമസത്തിനിടയ്ക്ക് ഒരു ദിവസം രോഗിയുമായി വന്ന ഒരാള്‍ വാതിലില്‍ മുട്ടി. തുറന്നുനോക്കിയപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് മലയാള സിനിമയിലെ ഭാവചക്രവര്‍ത്തി സാക്ഷാല്‍ സത്യന്‍. ഷൂട്ടിങിനിടെ വീണു പരിക്കേറ്റ നടന്‍ ബഹദൂറിനെ ചേര്‍ത്തുപിടിച്ചായിരുന്നു സത്യന്റെ നില്‍പ്പ്.

കളഞ്ഞു കിട്ടിയ തങ്കം എന്ന സിനിമയുടെ ഷൂട്ടിങിന് ചെന്നൈയിലെത്തിയതായിരുന്നു സത്യനും ബഹദൂറും ഉള്‍പ്പെടെയുള്ള സിനിമാ സംഘം. അതിനിടെയാണ് വീണ് ബഹദൂറിന്റെ ഇടതു കൈക്ക് പരിക്കേറ്റത്. മുറിയിലിരുത്തി ബഹദൂറിനെ പരിശോധിച്ചപ്പോള്‍ കൈ ഉളുക്കിയതായി കണ്ടെത്തി. പരിക്ക് സാരമുള്ളതല്ലെങ്കിലും പത്തു ദിവസത്തോളം ഉഴിയണമായിരുന്നു.

സത്യന്റെ അഭിപ്രായ പ്രകാരം ഉടന്‍ തന്നെ ചികില്‍സ തുടങ്ങി. അക്കാലത്ത് ലോഡ്ജില്‍ താമസിച്ചിരുന്ന ഗുസ്തി താരം വടകര സ്വദേശി നമ്പ്യാരാണ് ബഹദൂറിനെ ഉഴിയുന്നതിന് സഹായിച്ചത്. പത്തു ദിവസത്തെ ഉഴിച്ചിലിന് മിക്ക ദിവസങ്ങളിലും ബഹദൂറിനൊപ്പം സത്യനും എത്തുമായിരുന്നു. ദിവസങ്ങള്‍ നീണ്ട ചികില്‍സയ്ക്കു ശേഷം ബഹദൂറിന്റെ അസുഖം മാറി. പോവുന്നതിന് മുമ്പ് സത്യന്‍ പണം നീട്ടിയെങ്കിലും മലയാളത്തിന്റെ താരചക്രവര്‍ത്തിയില്‍നിന്നു പണം വാങ്ങിയില്ല. ഉടനെ മുറിയില്‍ നിന്ന് പോയ സത്യന്‍ വിശേഷപ്പെട്ട അഞ്ചു കുപ്പി സെന്റുമായി മടങ്ങിവന്ന് അത് സമ്മാനിച്ചു.

ചെന്നൈയില്‍ എന്തെങ്കിലും പ്രയാസമുണ്ടോ എന്നായിരുന്നു സത്യന്റെ അടുത്ത ചോദ്യം. നോണ്‍ വെജിറ്റേറിയനാണെന്നും ചെന്നൈയില്‍ വന്നിട്ട് മാംസവിഭവങ്ങളൊന്നും കഴിച്ചിട്ടില്ലെന്നും സത്യനോട് മറുപടി പറഞ്ഞു. രാത്രി ഭക്ഷണം കഴിക്കുന്ന സമയം അന്വേഷിച്ച സത്യന്‍ എട്ടരയാകുമ്പോള്‍ ഒരാള്‍ വരുമെന്നും തരുന്ന സാധനം വാങ്ങണമെന്നും ആവശ്യപ്പെട്ടു. അതിനു ശേഷം എല്ലാ ദിവസവും രാത്രി എട്ടരയോടെ ആവി പറക്കുന്ന മട്ടന്‍ കറിയുമായി സത്യന്‍ പറഞ്ഞയക്കുന്ന ആള്‍ എത്തുമായിരുന്നു. ചെന്നൈയില്‍ താമസിച്ച ദിവസങ്ങളിലത്രയും ഈ പതിവ് തുടര്‍ന്നു. ഒരു ദിവസം കാറുമായി വന്ന സത്യന്‍ ചെന്നൈയിലെ ഷൂട്ടിങ് സ്ഥലങ്ങളെല്ലാം കൊണ്ടുപോയി കാണിച്ചു.

അക്കാലത്ത് മലയാള സിനിമയില്‍ താരപദവി അലങ്കരിച്ചിരുന്ന ഒരു നടനാണ് ഇത്തരത്തില്‍ പെരുമാറിയത് എന്നുള്ളത് തീര്‍ത്തും അവിശ്വസിനീയമായിരുന്നു. തിരക്കേറിയ നടനായ ബഹദൂര്‍ കത്തിലൂടെ തുടര്‍ന്നും ഞാനുമായി ബന്ധം നിലനിര്‍ത്തി. അദ്ദേഹത്തിന്റെ മരണം വരെ ഈ പതിവു തുടര്‍ന്നിരുന്നു.
1952ല്‍ കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍നിന്നു ബിരുദം നേടി മാസങ്ങള്‍ക്കകമായിരുന്നു അച്ഛന്റെ മരണം. അതിനു ശേഷം അച്ഛന്റെ അഴിഞ്ഞിലത്തുള്ള വൈദ്യശാല നടത്താന്‍ തുടങ്ങി. ചികില്‍സകനെന്ന രീതിയില്‍ 60 വര്‍ഷത്തെ ജീവിതത്തിനിടയ്ക്ക് ഒട്ടേറെ രോഗികളെ ചികില്‍സിച്ചിട്ടുണ്ട്.

നടന്‍ ബഹദൂറിന്റെ അസുഖം ഓര്‍ത്തുവയ്ക്കത്തക്ക വിധത്തില്‍ ഒരു പ്രത്യേകതയും ഉള്ളതായിരുന്നില്ല. പക്ഷേ, വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും സത്യനും ബഹദൂറും നല്‍കിയ മധുരിക്കുന്ന അനുഭവങ്ങള്‍ മനസ്സില്‍നിന്നു മായാതെ നില്‍ക്കുന്നു. അത്യുന്നതങ്ങളില്‍നിന്നും ഇറങ്ങിവന്ന താരരാജാക്കന്‍മാരില്‍ നിന്നുണ്ടായ ആ അനുഭവങ്ങള്‍ തന്നെയാണ് എന്റെ ചികില്‍സാ ജീവിതത്തില്‍ ഏറെ ഓര്‍ത്തുവയ്ക്കപ്പെടുന്നത്. ി

പാരമ്പര്യ ആയുര്‍വേദ ചികില്‍സകനും ഡോക്ടറുമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss