|    Nov 19 Mon, 2018 11:00 pm
FLASH NEWS

വെള്ളികുളങ്ങര-ഒഞ്ചിയം റോഡ് ശോച്യാവസ്ഥ: 13ന് പിഡബ്ല്യുഡി ഓഫിസ് ഉപരോധിക്കും; പ്രത്യക്ഷ സമരവുമായി റോഡ് വികസന സമിതി

Published : 7th August 2018 | Posted By: kasim kzm

വടകര: വെള്ളികുളങ്ങര-ഓഞ്ചിയം-കണ്ണൂക്കര റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് റോഡ് വികസന സമതി ശക്തമായ പ്രത്യക്ഷ സമരവുമായി രംഗത്ത്. സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഈ മാസം 13ന് വടകര പിഡബ്ല്യുഡി ഓഫീസ് ഉപരോധിക്കുമെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒന്നര കിലോമീറ്റര്‍ 9 മീറ്റാക്കി വികസിപ്പിച്ച് ബിഎം റോഡാക്കി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 3 കോടി രൂപ വിനിയോഗിച്ച് റോഡ് പരിഷ്‌കരണ പ്രവൃത്തികള്‍ നിശ്ചിതസമയത്തിനുള്ളില്‍ നടത്തുന്നതില്‍ കരാറുകാരനും എഞ്ചിനീയര്‍മാരും കാണിക്കുന്ന കള്ളക്കളിയില്‍ വലിയ അസഹിഷ്ണുതയാണ് ജനങ്ങള്‍ പ്രകടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. 2017 ജൂലായ് 1ന് വടകര എംഎല്‍എ സികെ നാണു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വച്ച് ഈ പദ്ധതി വിശദീകരിക്കുകയും ആവശ്യമായ ഭൂമി ലഭ്യമാക്കിയാല്‍ 2018 മാര്‍ച്ചിന് മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും അറിയിച്ചിരുന്നു. ഈ തീരുമാനം വളരെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. മാത്രമല്ല റോഡിനായി 157 കുടുംബങ്ങള്‍ സ്ഥലം വിട്ടു നല്‍കുകയും, 2017 നവംബര്‍ മാസം റോഡ് പണി ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ ഉദ്ദേശിച്ച രീതിയില്‍ പ്രവൃത്തി മുന്നോട്ടു കൊണ്ടുപോകുവാന്‍ കരാറുകാരന് കഴിഞ്ഞില്ല. പഴയ റോഡ് ഒന്നര കിലോ മീറ്റര്‍ കുത്തിപ്പൊളിക്കുകയും 3 പാലങ്ങളുടെ പുതുക്കി പണിയലുമാണ് 2018 മെയ് മാസമായിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. പണി പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ പലപ്പോഴും പിഡബ്ല്യുഡിയുമായി ബന്ധപ്പെട്ടപ്പോള്‍ ഉടനെ പൂര്‍ത്തീകരിക്കുമെന്നാണ് കഴിഞ്ഞ 10 മാസക്കാലമായി ലഭിച്ചത്. അതേസമയം കാലവര്‍ഷം തുടങ്ങിയത് മുതല്‍ ഈ റോഡിലൂടെയുള്ള യാത്ര വളരയെ ദുഷ്‌കരമായിരിക്കുകയാണ്. ഈ പ്രദേശത്ത് വാഹനങ്ങള്‍ സര്‍വ്വീസ് നടത്താന്‍ മടി കാണിക്കുന്നതോടൊപ്പം കാല്‍നടയാത്രയും ദുസ്സഹമായി മാറിയിരിക്കുകയാണ്.
ഇത്രയും പ്രശ്‌നം ഉടലെടുത്തിട്ടും കഴിഞ്ഞ 3 മാസമായി ഒരു പ്രവൃത്തി പോലും റോഡില്‍ നടത്തിയില്ലെന്ന് മാത്രമല്ല കരാറുകാരനോ, എഞ്ചിനീയര്‍മാരോ സന്ദര്‍ശിക്കാന്‍ പോലും തയ്യാറായിട്ടില്ല. ടാറിടല്‍ ഒഴിച്ചുള്ള മറ്റു പ്രവൃത്തികളെല്ലാം മഴക്കാലത്ത് ചെയ്യാവുന്നതാണ്. റോഡിലെ 15 ഇലക്ട്രിക് പോസ്റ്റുകള്‍ ഇനിയും മാറ്റി സ്ഥാപിക്കപ്പെട്ടിട്ടില്ല. മാത്രമല്ല വെള്ളികുളങ്ങര അങ്ങാടിയില്‍ നിന്നും ക്രേഷ് റോഡ് വരെയുള്ള ശുദ്ധജല വിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി തീരുമാനിച്ചെങ്കിലും ഇതുവരെയും നടപ്പിലാക്കിയിട്ടില്ലെന്നും സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
വികസന സമിതി ഇതെല്ലാം പരിഹരിച്ച് കിട്ടുന്നതിന് പല തവണ കരാറുകാരനെയും എഞ്ചിനീയര്‍മാരെയും നേരില്‍ കണ്ട് സംസാരിക്കുകയും, ഏറ്റവും ഒടുവില്‍ ആഗസ്ത് 1ന് പിഡബ്ല്യുഡി സുപ്രിണ്ടിംഗ് എഞ്ചിനീയറെ കണ്ട് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തി നിശ്ചിത സമയത്തിനുള്ളില്‍ വേണ്ടത് ചെയ്യിക്കാമെന്നും, ജില്ലാ കലക്ടര്‍ എഡിഎം എന്നിവരെ നേരില്‍ കണ്ട് പരാതിയും പറഞ്ഞു. ഈ ശ്രമങ്ങള്‍ക്കെല്ലാം പ്രതികരണങ്ങള്‍ ഉണ്ടാകാതായതോടെയാണ് ഉപരോധമടക്കമുള്ള പ്രത്യക്ഷ സമരത്തിനിറങ്ങുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
അതേസമയം തൊണ്ണൂറ് ശതമാനം പ്രവൃത്തിയും പൂര്‍ത്തിയായി എന്ന് കഴിഞ്ഞ നിയമസഭ സമ്മേളനത്തിലെ എംഎല്‍എയുടെ സബ്മിഷന് ബന്ധപ്പെട്ട മന്ത്രി മറുപടി പറഞ്ഞത് ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണ പരത്തുന്ന റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലാണ് അത് ജനങ്ങളുടെ അസ്വാസ്ഥത ആളിക്കത്തിക്കാനാണ് സഹായിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ റോഡ് വികസന സമിതി ചെയര്‍മാന്‍ പി ജയരാജന്‍, കണ്‍വീനര്‍ കിഴക്കയില്‍ ഗോപാലന്‍, എകെ നാണു, ബാബു പറമ്പത്ത്, മെഹറൂഫ് വെള്ളികുളങ്ങര, വികെ നജീഷ് കുമാര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss