|    Jan 20 Fri, 2017 11:25 am
FLASH NEWS

വെള്ളാപ്പള്ളി-പിണറായി ബന്ധത്തിനു കടിഞ്ഞാണിട്ട് വിഎസ്; തട്ടിപ്പുകേസില്‍ കക്ഷിചേരും

Published : 26th September 2016 | Posted By: SMR

തിരുവനന്തപുരം: സിപിഎമ്മുമായി അടുക്കാനുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നീക്കങ്ങള്‍ക്കു കടിഞ്ഞാണിട്ട് വി എസ് അച്യുതാനന്ദന്‍. ബിഡിജെഎസ്-ബിജെപി ബന്ധം വഷളായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് വിഎസ് നിലപാട് കടുപ്പിച്ചത്.
എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട ഈഴവസമുദായത്തിലെ പാവപ്പെട്ട സ്ത്രീകളെ വഞ്ചിച്ച കേസിലെ ഒന്നാം പ്രതിയാണ് വെള്ളാപ്പള്ളി നടേശനെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ വെള്ളാപ്പള്ളി നടത്തുന്ന ചെപ്പടിവിദ്യകള്‍ വിലപ്പോവില്ല. മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എടുത്ത കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടേശന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കക്ഷിചേരാന്‍ താന്‍ തീരുമാനിച്ചതായും വിഎസ് വ്യക്തമാക്കി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും നടേശനും കൂട്ടരും കൂടി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ തട്ടിപ്പ്. സര്‍വീസില്‍ നിന്നു വിരമിച്ച പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്റെ എംഡിക്ക് അനധികൃതമായി പുനര്‍നിയമനം നല്‍കിയത് ഇതിന്റെ ഉത്തമോദാഹരണമാണ്. ഇത്തരത്തില്‍ പുനര്‍നിയമനം നടത്തുന്നതില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പിന്നാക്കവിഭാഗ മന്ത്രി എ പി അനില്‍കുമാറും അവിഹിതമായി ഇടപെട്ടതിന്റെ തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കും. ഈഴവസമുദായത്തിലെ സ്ത്രീകളെ സാമ്പത്തികമായി ചൂഷണം ചെയ്ത ഇക്കൂട്ടര്‍ക്കെതിരേയുള്ള കേസില്‍ സര്‍ക്കാര്‍ അതീവജാഗ്രത പാലിക്കണമെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളി നടേശന്‍ ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയം ചര്‍ച്ച ചെയ്യാനല്ല കൂടിക്കാഴ്ചയെന്നു വെള്ളാപ്പള്ളി പറയുന്നുണ്ടെങ്കിലും ഭാവിയില്‍ സിപിഎമ്മിനോട് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എല്‍ഡിഎഫുമായി പണ്ടേ അകല്‍ച്ചയില്ലെന്നും പിണറായി ശക്തനായ മുഖ്യമന്ത്രിയാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ അഭിപ്രായം.
പിണറായിയുടെ ഭരണത്തെ മുക്തകണ്ഠം പ്രശംസിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. മുഖ്യമന്ത്രിയാവട്ടെ, വെള്ളാപ്പള്ളിയുടെ കാറിനരികില്‍ വരെ എത്തിയാണ് അദ്ദേഹത്തെ യാത്രയാക്കിയത്. കൂടിക്കാഴ്ചയ്ക്കു ശേഷം അടുത്ത ദിവസങ്ങളില്‍ ബിജെപിയുമായുള്ള ബന്ധം നഷ്ടക്കച്ചവടമാണെന്ന് വെള്ളാപ്പള്ളി ആവര്‍ത്തിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിഎസ് എത്തിയതെന്നതും ശ്രദ്ധേയമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക