|    Jun 22 Fri, 2018 10:51 pm
FLASH NEWS

വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്ക് ശാപം: വി എം സുധീരന്‍

Published : 5th March 2016 | Posted By: SMR

പറവൂര്‍: മഹനീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മഹാത്മാക്കള്‍ രൂപംനല്‍കിയ എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്തിരിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്ക് ശാപമാണെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
പറവൂര്‍ ഹിന്ദു മഹാസംഗമത്തില്‍ വി ഡി സതീശന്‍ എംഎല്‍എയെ നീചമായ ഭാഷയില്‍ ആക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയില്‍ നരേന്ദ്രമോഡി അധികാരത്തിലേറിയതിനുശേഷം എംപിമാരും മന്ത്രിമാരുമായി വര്‍ഗീയവിഷം ചീറ്റുന്ന ഒരു പ്രത്യേക ജനുസ്സ് രൂപംകൊണ്ടിട്ടുണ്ട്. വെള്ളാപ്പള്ളി നടേശന്‍ ഇവരുടെ തലതൊട്ടപ്പനായി മാറിയിരിക്കുകയാണ്. ആര്‍എസ്എസ്സിന്റെ അടിമയായി മാറിയ വെള്ളാപ്പള്ളിയുടെ പാര്‍ട്ടി കേരളത്തില്‍ ഒന്നുമാകാന്‍ പോവുന്നില്ല.
വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുമായി മാത്രമല്ല വെള്ളാപ്പള്ളിയുമായി ബന്ധമുള്ളവരുമായിപോലും യുഡിഎഫ് ഒരു നീക്കുപോക്കിനുമുണ്ടാവില്ല. അതിന്റെ ഭാഗമായിട്ടാണ് ജെഎസ്എസ്സിന്റെ രാജന്‍ ബാബുവിനെ യുഡിഎഫില്‍നിന്നും പുറത്താക്കിയത് സുധീരന്‍ ചൂണ്ടിക്കാട്ടി. പക്ഷേ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഇക്കാര്യത്തില്‍ വിശ്വസിക്കാന്‍ കഴിയില്ല.
വി ഡി സതീശന്‍ കോണ്‍ഗ്രസ്സിന്റെ അഭിമാനവും യുഡിഎഫിന്റെ കരുത്തുമാണ്. സംഘ്‌വര്‍ഗീയവാദികള്‍ ക്ഷേത്രവരുമാനം സര്‍ക്കാര്‍കൊണ്ടുപോവുന്നുവെന്ന് വ്യാപകമായ പ്രചാരണം നടത്തിയപ്പോള്‍ അതിനെ വസ്തുനിഷ്ടമായി പൊളിച്ചതാണ് സതീശനെതിരേ വര്‍ഗീയവാദികള്‍തിരിയാന്‍ കാരണം. കേരളീയ സമൂഹത്തിനുവേണ്ടി സതീശന്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ജനാധിപത്യ വിശ്വാസികളുടെ പിന്തുണയുണ്ടാവണമെന്ന് സുധീരന്‍ പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ എ അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. വി ഡി സതീശന്‍ എംഎല്‍എ, ടി എന്‍ പ്രതാപന്‍ എംഎല്‍എ, കെപിസിസി ഭാരവാഹികളായ അഡ്വ. ബി എ അബ്ദുല്‍ മുത്തലിബ്, വല്‍സല പ്രസന്നകുമാര്‍, ലതിക സുഭാഷ്, മുന്‍ എംപി കെ പി ധനപാലന്‍, കെ പി ഗോപിനാഥ്, രമേഷ് ഡി കുറുപ്പ്, എം ടി ജയന്‍, മുനമ്പം സന്തോഷ്, പി ആര്‍ സൈജന്‍, ഡി രാജ്കുമാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss