|    Apr 26 Thu, 2018 8:50 pm
FLASH NEWS

വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റിനെതിരേ വിദ്യാര്‍ഥി പ്രക്ഷോഭം

Published : 4th November 2016 | Posted By: SMR

ആലപ്പുഴ: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റിനെതിരേ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായി. കോളജിലെ മാനേജ്‌മെന്റിന്റെ  അനാവശ്യ ഇടപെടലിനും ഫീസ് വര്‍ധനവിനുമെതിരേയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. സമരത്തെ തുടര്‍ന്ന് രണ്ടാഴ്ചക്കാലം കോളജ് അടച്ചിടാനാണ് മാനേജ്‌മെന്റ് നീക്കം. കോളജില്‍ നിന്ന് രണ്ടു പേരെ പുറത്താക്കിയതിനെതിരേ കഴിഞ്ഞ തിങ്കളാഴ്ച ക്ലാസ് ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍ സമരം നടത്തുകയുണ്ടായി. എന്നാല്‍ സമരം നടത്തിയ വിദ്യാര്‍ഥിനികളെ ബിഡിജെഎസ് നേതാവും കോളജ് സെക്രട്ടറിയുമായ സുഭാഷ് വാസു ആക്രമിക്കാന്‍ തയ്യാറായി. വിദ്യാര്‍ഥിനികളോട്് അപമര്യാദയായി പെരുമാറിയതുമായി കാണിച്ച് ഇയാള്‍ക്കെതിരേ 44 വിദ്യാര്‍ഥികള്‍ വള്ളികുന്നം എസ്‌ഐക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലിസ് കേസെടുത്ത് അന്വേഷണം നടത്താന്‍ തയ്യാറായിട്ടില്ല. മെക്കാനിക്കല്‍, ഇലക്ട്രികല്‍ ഡിപാര്‍ട്‌മെന്റുകളിലെ വിദ്യാര്‍ഥികളും സമരക്കാര്‍ക്കൊപ്പം ക്ലാസ് ബഹിഷ്‌കരിച്ചു. വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തതിനെതിരേ സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുയര്‍ന്നു. വിദ്യാര്‍ഥികള്‍ക്കുവേണ്ടി അഭിപ്രായം പറഞ്ഞുവെന്നതിന്റെ പേരില്‍ വിവേക്, ആല്‍വിന്‍ എന്നീ രണ്ട് അധ്യാപകരെ കോളജില്‍ നിന്നു പുറത്താക്കുകയുണ്ടായി. കോളജില്‍ നിശ്ചിത ക്ലാസ് സമയമില്ലെന്നും ആരോപണമുണ്ട്. പരാവിലെ 6.30ന് തുടങ്ങുന്ന ക്ലാസ് രാത്രി എട്ടു വരെ നീളാറുണ്ട്. മുസ്്‌ലിം വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് പോവാനും അനുവാദം നല്‍കാറില്ല. ഇതിനെതിരെ പരാതിപ്പെടാന്‍ തയ്യാറാകുന്ന വിദ്യാര്‍ഥികളെ ഇന്റേണല്‍ മാര്‍ക്കിന്റെ പേരുപറഞ്ഞു ഭീഷണിപ്പെടുത്തുകയും മാനേജ്‌മെന്റിന്റെ വറുതിയില്‍ നിര്‍ത്തുകയുമാണ്.മാനേജ്‌മെന്റ് ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ  കളായ സുഭാഷ് വാസുവും ഓച്ചിറ ബിനുവുമാണ് വിദ്യാര്‍ഥികള്‍ക്കെതിരേ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സമരത്തിനിറങ്ങിയ വിദ്യാര്‍ഥിനികളെ കോളജ് ഹോസ്റ്റലില്‍ നിന്നു ഇറക്കിവിടുകയാണ്. വിദ്യാര്‍ഥികളെ സസ്‌പെന്റുചെയ്യുന്നത് രേഖകളില്‍ പോലുമില്ലാത്ത പ്രവണത കോളജില്‍ കണ്ടുവരികയാണെന്നും ഇവര്‍ ആരോപിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കോളജ് തുറക്കുന്ന ദിവസം വിദ്യാര്‍ഥി റാലി സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേല്‍, പ്രസിഡന്റ് അരുണ്‍കുമാര്‍ എം എസ്, ടെക്‌നോസ് ജില്ലാ കണ്‍വീനര്‍ അഖില്‍ ഷാജി, ആലപ്പുഴ ഏരിയാ സെക്രട്ടറി യാസിന്‍ മുഹമ്മദ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss