|    Mar 23 Thu, 2017 3:42 am
FLASH NEWS

വെള്ളാപ്പള്ളിയുടെ ഭാവിനീക്കങ്ങള്‍ക്ക്  മങ്ങലേല്‍ക്കുന്നു

Published : 7th December 2015 | Posted By: SMR

തിരുവനന്തപുരം: വിശാല ഹിന്ദു ഐക്യമെന്ന പ്രഖ്യാപനം വര്‍ഗീയ ധ്രുവീകരണത്തിലേക്കു വഴിമാറിയതോടെ വെള്ളാപ്പള്ളി നടേശന്‍ നയിച്ച സമത്വ മുന്നേറ്റ യാത്രയ്ക്ക് കേരളക്കരയില്‍ പ്രതീക്ഷിച്ച ഇടംനേടാനായില്ല. ബിജെപി-ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര സംഘടനകളുമായി സഖ്യമുണ്ടാക്കി നമ്പൂതിരി മുതല്‍ നായാടി വരെയുള്ള വിഭാഗങ്ങളെ ഏകീകരിക്കാന്‍ ലക്ഷ്യമിട്ടാണ് ജാഥ നടത്തിയത്. എന്നാല്‍, ജാതിമതഭേദമെന്യേ പൊതുസമൂഹത്തിന്റെയും എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെയും രൂക്ഷവിമര്‍ശനത്തിനും ആക്ഷേപത്തിനും വഴിയൊരുങ്ങിയതല്ലാതെ ഹൈന്ദവ ഏകീകരണമെന്ന ലക്ഷ്യം കൈവരിക്കാനായില്ല.
നായര്‍ സമുദായ സംഘടനയായ എന്‍എസ്എസ് വെള്ളാപ്പള്ളിയുടെ ആര്‍എസ്എസ് നിലപാടിനോടും യാത്രയോടും ശക്തമായ വിയോജിപ്പാണു രേഖപ്പെടുത്തിയത്. ആര്‍എസ്എസുമായി മൃദുസമീപനം പുലര്‍ത്തിയിരുന്ന കേരള പുലയര്‍ മഹാസഭ (കെപിഎംഎസ്) പുന്നല ശ്രീകുമാര്‍ വിഭാഗം, വിഎസ്ഡിപി തുടങ്ങിയ സംഘടനകളും യാത്ര അവഗണിച്ചു. താരതമ്യേന ശുഷ്‌കമായ അംഗസംഖ്യയുള്ള കെപിഎംഎസ് ടി വി ബാബു വിഭാഗം, കേരള സാംബവ സൊസൈറ്റി, അഖില ഭാരതീയ വിശ്വകര്‍മ മഹാസഭ തുടങ്ങിയവര്‍ മാത്രമാണ് യാത്രയില്‍ പങ്കാളികളായത്. മൂന്നാം ബദല്‍ ലക്ഷ്യമിട്ട് വെള്ളാപ്പള്ളി രൂപീകരിച്ച പാര്‍ട്ടി ഭാരത് ധര്‍മ ജനസേനയ്ക്കും കേരളത്തില്‍ ഇടംലഭിക്കില്ലെന്ന വ്യക്തമായ സൂചനകളാണ് യാത്ര സമാപിച്ചപ്പോള്‍ ലഭിച്ചത്. ഇരുമുന്നണികളെയും വെല്ലുവിളിച്ച വെള്ളാപ്പള്ളി യാത്ര അവസാനിച്ചപ്പോള്‍ കോണ്‍ഗ്രസ്സിനോടും സിപിഎമ്മിനോടും സഹകരിക്കാന്‍ തയ്യാറാണെന്ന നിലപാടുമായി രംഗത്തെത്തിയത് വിലപേശലിന്റെ ഭാഗമാണെന്നാണ് ആക്ഷേപം.
ഹിന്ദു സാമുദായിക സംഘടനകളുടെ സഹകരണം നേടാന്‍ സമത്വ മുന്നേറ്റ യാത്രക്കായില്ലെന്നതും വലിയ പരാജയമാണ്. കഴിഞ്ഞ കാലങ്ങളില്‍ ഇടതു-വലതു മുന്നണികളോട് ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ ഭൂരിഭാഗം ഹിന്ദുസമുദായ സംഘടനകളും യാത്രയോട് കരുതലോടെയാണു പ്രതികരിച്ചത്. യാത്രയെ പിന്തുണച്ച ചില സംഘടനകളില്‍ കടുത്ത അഭിപ്രായഭിന്നതകളും ഉടലെടുത്തു. വെള്ളാപ്പള്ളി ചെയര്‍മാനായ ഹിന്ദു പാര്‍ലമെന്റ് അദ്ദേഹത്തെ സംഘടനയില്‍നിന്നു പുറത്താക്കി. ഹിന്ദു ഏകീകരണ പ്രഖ്യാപനം നടത്തിയെങ്കിലും യാത്രയിലുടനീളം വര്‍ഗീയ സംഘടനകളായ ആര്‍എസ്എസ്, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘപരിവാര സംഘടന പ്രവര്‍ത്തകരുടെ സാന്നിധ്യം മാത്രമാണ് പ്രകടമായത്. യാത്രയുടെ മുഖ്യരക്ഷാധികാരി ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി മാധവന്‍നായര്‍ സമാപനസമ്മേളനത്തില്‍നിന്ന് വിട്ടുനിന്നു.
പുതിയ പാര്‍ട്ടിയുടെ രൂപീകരണമാണ് മാധവന്‍നായരെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്. ബിജെപിയുള്ളപ്പോള്‍ മറ്റൊരു ഭൂരിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടി എന്തിനെന്നാണ് മാധവന്‍നായരുടെ പക്ഷം. ഇക്കാരണത്താലാണ് അടിയന്തര ഡല്‍ഹിയാത്ര എന്ന പേരില്‍ അദ്ദേഹം വിട്ടുനിന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
എസ്എന്‍ഡിപിക്ക് വേരോട്ടമുള്ള തെക്കന്‍മേഖലയിലാണ് വെള്ളാപ്പള്ളിയുടെ യാത്രയ്ക്ക് കൂടുതല്‍ തിരിച്ചടി നേരിടേണ്ടി വന്നത്. വെള്ളാപ്പള്ളി ആര്‍എസ്എസിനു കീഴ്‌പ്പെട്ടെന്നും യാത്രയുമായി സഹകരിക്കേണ്ടതില്ലെന്നും എസ്എന്‍ഡിപിയുടെ പല യൂനിയനുകളും പ്രമേയം പാസാക്കിയിരുന്നു. യാത്രയ്‌ക്കെതിരേ ആറ്റിങ്ങല്‍, പത്തനംതിട്ട കോന്നി മേഖലകളില്‍ എസ്എന്‍ഡിപി അനുകൂലികള്‍ പ്രതിഷേധപ്രകടനം നടത്തി. എല്‍ഡിഎഫും യുഡിഎഫും വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെതിരേ ശബ്ദം കടുപ്പിച്ചിട്ടുണ്ട്.
വെള്ളാപ്പള്ളിയുടെ ഇനിയുള്ള നീക്കങ്ങള്‍ക്ക് പരസ്യമായി തടയിടാനാണ് മുന്നണികളുടെ നീക്കം. വെള്ളാപ്പള്ളി കേരളത്തിലെ തൊഗാഡിയ ആയി മാറിയെന്ന അഭിപ്രായവും ഉയര്‍ന്നു. എല്‍ കെ അഡ്വാനിയുടെ രഥയാത്രയെ ഓര്‍മപ്പെടുത്തുന്ന തായിരുന്നു വെള്ളാപ്പള്ളിയുടെ യാത്ര. 50,000 പേര്‍ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ച ജില്ലാ സ്വീകരണയോഗങ്ങളില്‍ പലയിടത്തും ഒഴിഞ്ഞ ഇരിപ്പിടങ്ങളാണു കാണാനായത്. ശംഖുമുഖത്ത് ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ഒരുലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും കേവലം 20,000ല്‍ താഴെ പേര്‍ മാത്രമാണ് പങ്കെടുത്തത്.

(Visited 119 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക