|    Oct 22 Mon, 2018 10:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വെള്ളാപ്പള്ളിക്ക് മതഭ്രാന്തെന്ന് കെപിസിസി; സമത്വമുന്നേറ്റയാത്ര ആര്‍എസ്എസ് അജണ്ട

Published : 19th December 2015 | Posted By: TK

തിരുവനന്തപുരം: മാന്‍ഹോളില്‍ വീണവരെ രക്ഷപ്പെടുത്തുന്നതിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ വര്‍ഗീയവിഷം വമിക്കുന്ന രീതിയില്‍ വ്യാഖ്യാനിച്ച വെള്ളാപ്പള്ളി നടേശന്റെ നടപടിയെ കെപിസിസി പ്രമേയത്തിലൂടെ അപലപിച്ചു. നൗഷാദിന്റെ ധീരമായ പ്രവൃത്തി വിലമതിക്കപ്പെട്ടതാണെന്നു കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശന്‍ നടത്തിയ യാത്രയിലുടനീളം രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമമാണു നടന്നത്. പൊതുസമൂഹത്തില്‍ യാതൊരു ചലനവും ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ യാത്രയ്ക്കു കഴിഞ്ഞില്ല എന്നതു ശ്രദ്ധേയമാണ്. ജാതിയും മതവും പച്ചയായി വിളിച്ചുപറഞ്ഞ് മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയഭ്രാന്തിന്റെ പ്രചാരണമായിരുന്നു യാത്രയിലുടനീളമുണ്ടായത്. സമത്വ മുന്നേറ്റയാത്രയ്‌ക്കൊടുവില്‍ പ്രഖ്യാപിച്ച ‘ഭാരത് ധര്‍മ ജനസേന’ എന്ന രാഷ്ട്രീയപ്പാര്‍ട്ടി ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ്. രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തില്‍ അതു വേരുപിടിക്കില്ല. രാജ്യത്തിന്റെ മുഖമുദ്രയായ സഹിഷ്ണുതയ്ക്കു മുറിവേറ്റിരിക്കുന്നു. ഫാഷിസ്റ്റ് ക്രൂരതകള്‍ക്കു കേന്ദ്രഭരണം മൗനാനുവാദം നല്‍കുന്ന തരത്തില്‍ നിസ്സംഗത പുലര്‍ത്തുന്നു.
സഹിഷ്ണുതയ്‌ക്കെതിരേ കൈയും കെട്ടി നില്‍ക്കുന്ന ഭരണത്തോട് രാജ്യത്തു പ്രതിഷേധം വളരുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2014 ഒക്ടോബറിനു ശേഷം രാജ്യത്തുണ്ടായത് 630 വര്‍ഗീയ സംഘര്‍ഷങ്ങളാണ്. 86 പേരാണിതില്‍ കൊല്ലപ്പെട്ടത്. ഗോവയില്‍ നടന്ന 46ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലും അസഹിഷ്ണുതയുടെ പ്രതിഫലനങ്ങള്‍ പ്രകടമായെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
കൊടുംകുറ്റവാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി നിയമസഭയിലും പുറത്തും പ്രക്ഷോഭം നടത്തിയ പ്രതിപക്ഷം സിഡി നാടകം പരാജയപ്പെട്ടതോടെ ജനമധ്യത്തില്‍ പരിഹാസ്യരായി. എല്‍ഡിഎഫ് നടത്തുന്ന പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിമാത്രം നടത്തുന്ന സമരങ്ങളാണെന്നു ജനങ്ങള്‍ക്കു ബോധ്യമായി. കേന്ദ്രഭരണത്തിന്റെ കീഴില്‍ റബര്‍, നാളികേരം, ഏലം കര്‍ഷകര്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുന്നു. റബര്‍വില റെക്കോഡ് തകര്‍ച്ച നേരിടുന്നു. റബര്‍ ഇറക്കുമതി നിര്‍ത്തിവച്ച് കര്‍ഷകരുടെ ജീവല്‍പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണം.
കേന്ദ്രസര്‍ക്കാരും സ്‌പൈസസ് ബോര്‍ഡും ഏലത്തിന്റെ വിലയിടിവ് പരിഹരിച്ചു വില ആയിരത്തിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം. ഇന്ധനവിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രമേയം പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss