|    Jan 21 Sat, 2017 9:52 am
FLASH NEWS

വെള്ളാപ്പള്ളിക്കെതിരേ സി.പി.എം, കോണ്‍ഗ്രസ് മുഖപത്രങ്ങള്‍

Published : 8th October 2015 | Posted By: RKN

തിരുവനന്തപുരം: എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചും എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയപ്രവേശനത്തെ പരിഹസിച്ചും  സി.പി.എം, കോണ്‍ഗ്രസ് മുഖപത്രങ്ങളില്‍ ലേഖനം. ‘ഗുരുദര്‍ശനം സംഘദര്‍ശനത്തിനു വിരുദ്ധം’ എന്ന തലക്കെട്ടില്‍ വീക്ഷണം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ വെള്ളാപ്പള്ളിക്കെതിരേ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. കരുത്തിന്റെ പര്യായമായ കുതിരയ്ക്ക് അലസതയുടെ നാനാര്‍ഥമായ കഴുതയിലുണ്ടാവുന്ന കുഞ്ഞ് കുതിരയും കഴുതയുമായിരിക്കില്ല, കോവര്‍ക്കഴുതയായിരിക്കും.

ബുദ്ധിശൂന്യതയുടെയും കഴിവില്ലായ്മയുടെയും മലയാളശൈലിയാണു കോവര്‍ക്കഴുതയെന്ന പദം എന്നാണു മുഖപ്രസംഗത്തിലെ പരിഹാസം. ശ്രീനാരായണഗുരു കൊളുത്തിയതും ഡോ. പല്‍പ്പുവും കുമാരനാശാനും ഉയര്‍ത്തിപ്പിടിച്ചതുമായ ദീപശിഖ ഊതിക്കെടുത്താനും സമുദായത്തെ ഇരുളിലേക്കു നയിക്കാനുമാണു മഹത്തായ പ്രസ്ഥാനത്തിന്റെ പിന്‍ഗാമികളായ നികൃഷ്ടജീവികള്‍ ശ്രമിക്കുന്നത്. ഗുരുദേവന്‍ നല്‍കിയ ജ്ഞാനത്തിന്റെയും വെളിച്ചത്തിന്റെയും ജ്വാലയെ വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും പടുതിരിയും വിഷധൂമങ്ങളുമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളാണു നടന്നുകൊണ്ടിരിക്കുന്നത്.

ശ്രീനാരായണീയ പ്രസ്ഥാനം എത്രമാത്രം ജാതിവിരുദ്ധമായിരുന്നുവോ അതിലേറെ വര്‍ഗീയ മുക്തവുമായിരുന്നു. സമൂഹത്തെ സമന്വയിപ്പിച്ച ശ്രീനാരായണീയ പ്രസ്ഥാനത്തെ സമൂഹത്തെ ഭിന്നിപ്പിക്കുന്ന സംഘപരിവാരത്തിന്റെ ലാവണങ്ങളില്‍ അടക്കംചെയ്യുന്നത് പ്രസ്ഥാനത്തെ നയിച്ച പൂര്‍വസൂരികളോടുള്ള വഞ്ചനയും ചരിത്രത്തോടുള്ള കൊടുംചതിയുമാണ്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഐക്യം എന്ന സൂത്രവാക്യത്തിലൂടെ സ്വന്തം സമുദായത്തെ മാത്രമല്ല ഇതര സമുദായങ്ങളെയും ചതിക്കുഴികളില്‍ ചാടിക്കാനാണ് എസ്.എന്‍.ഡി.പി. യോഗം നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നു മുഖപ്രസംഗം വിമര്‍ശിക്കുന്നു.’ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനംകുത്തുന്നു’ എന്ന തലക്കെട്ടില്‍ സി.പി.എം. മുഖപത്രമായ ദേശാഭിമാനിയില്‍ വി എസ് അച്യുതാനന്ദന്‍ എഴുതിയ ലേഖനത്തില്‍ എസ്.എന്‍. ട്രസ്റ്റിന് കീഴിലുള്ള കോളജുകളില്‍ വെള്ളാപ്പള്ളി നടത്തിയ അഴിമതികള്‍ ചൂണ്ടിക്കാണിക്കുന്നു.

കോളജുകളിലും സ്‌കൂളുകളിലും നടത്തിയ നിയമനങ്ങള്‍ക്കും പ്രവേശനത്തിനും വാങ്ങിയ പണത്തെക്കുറിച്ചുള്ള കണക്കുകള്‍ വെള്ളാപ്പള്ളി പുറത്തുവിടണം. അല്ലെങ്കില്‍ വാങ്ങിയിട്ടില്ലെന്നു പറയണം. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്നു പറയുന്നതുപോലെ ഇതിനൊന്നും മറുപടിയില്ലാതെ തന്നെ ഭള്ളുപറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. 1996 മുതല്‍ 2013 വരെ എസ്.എന്‍. ട്രസ്റ്റിന്റെ കീഴിലുള്ള കോളജുകളില്‍ ജോലി നല്‍കിയ വകയില്‍ വാങ്ങിയ കോഴയുടെ കണക്കുകളും ലേഖനത്തില്‍ വി എസ് വിശദീകരിക്കുന്നുണ്ട്.

ഡിസംബറില്‍ നടേശനും കൂട്ടരും രൂപീകരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ തലപ്പത്തും കുടുംബക്കാരായിരിക്കും. പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറി നടേശനും വൈസ് പ്രസിഡന്റ്സ്ഥാനം മകന്‍ തുഷാറിനുമായിരിക്കും. പാര്‍ട്ടിയുടെ വനിതാസംഘം പ്രസിഡന്റായി ഭാര്യ പ്രീതിയെ പരിഗണിക്കും. അപ്പോഴും കോരനു കുമ്പിളില്‍ കഞ്ഞി എന്നു പറയുന്നതുപോലെയാവും എസ്.എന്‍.ഡി.പി. പ്രവര്‍ത്തകരുടെ ഗതിയെന്നും ലേഖനം പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക