|    Jul 18 Wed, 2018 2:28 am
FLASH NEWS

വെള്ളാനശ്ശേരി വാസുണ്ണി മൂസതിന്റെ ജന്മഗ്രഹം കണ്ടെത്തി

Published : 24th September 2017 | Posted By: fsq

 

തിരുന്നാവായ: ഒന്നരനൂറ്റാണ്ടായി കേരളത്തിലെ ചരിത്ര ഗവേഷകര്‍ അന്വേഷണം നടത്തി കൊണ്ടിരിക്കുന്ന സംസ്‌കൃത വൈദ്യ പണ്ഡിതനും കവിയുമായിരുന്ന വെള്ളാനശ്ശേരി വാസുണ്ണി മൂസതിന്റെ ജന്മഗ്രഹം തെക്കന്‍ കുറ്റൂരില്‍ കണ്ടെത്തി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല യു.ജി.സിക്ക് വേണ്ടി മലപ്പുറം ജില്ലയുടെ സംസ്‌കൃത പാരമ്പര്യം എന്ന വിഷയത്തില്‍ നടത്തുന്ന പ്രോജക്ടിന്റെ ഭാഗമായി തിരുന്നാവായ റീ-എക്കൗ പ്രവര്‍ത്തകരാണ് സമഗ്രമായ അന്വേഷണത്തിലൂടെ കവിയുടെ ജന്മഗ്രഹം കണ്ടെത്തിയത്. പൊന്നാനിയില്‍ വെട്ടത്ത് നാട് കുറ്റൂര്‍ അംശത്തില്‍ കൊല്ലവര്‍ഷം 1030 കുഭം 10ന് മൂലം നാളില്‍ ജനിച്ചു എന്ന് മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. കേരളത്തില്‍ ആദ്യമായി വൈദ്യശാസ്ത്രത്തെ ജനകീയമാക്കുന്നതിനായി ആരോഗ്യ ചിന്താമണി വൈദ്യശാല തെക്കന്‍ കുറ്റൂരില്‍ ആരംഭിച്ചു. ഈ വൈദ്യശാലയില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ രൂപീകരണം സംബന്ധിച്ച് 1077ല്‍ യോഗം ചേര്‍ന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. 200ഓളം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന അന്നത്തെ ഏറ്റവും വലിയ സംസ്‌കൃത വിദ്യാലയം അദ്ദേഹം നടത്തിയിരുന്നു. ഇതിന്റെ ഓഫീസ് സീലും കണ്ടെത്തുകയുണ്ടായി. ബ്രിട്ടീഷ് ഗവണ്‍മെന്റ് ഈ വിദ്യാലയത്തില്‍ ബിരുദം നേടിയവര്‍ക്ക് അഡ്വാന്‍സ് സ്റ്റഡീസ് സംസ്‌കൃത സ്‌കൂള്‍ എന്ന പേരില്‍ അംഗീകാരം നല്‍കിയിരുന്നു. കഥകളി ജനകീയമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. വൃത്തരത്‌നമാല, സംസ്‌കൃത പാഠാവലി തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായ് യാതൊരുവിധ സ്മാരകവും ഇതുവരെ ഉണ്ടായിട്ടില്ല. ഇദ്ദേഹത്തിന്റെ നിരവധി ഗ്രന്ഥങ്ങള്‍ അന്യാധീനപ്പെട്ട് പോയി. അദ്ദേഹം ഉപയോഗിച്ചിരുന്ന ഗ്രന്ഥങ്ങളും താലിയോല ഗ്രന്ഥങ്ങളും അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഇത് പഠനവിധേയമാക്കാനും കേട് കൂടാതെ സൂക്ഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ സംസ്‌കൃത സര്‍വ്വകലാശാലയും റീ-എക്കൗയും മുന്നോട്ട് കൊണ്ട് പോകാന്‍ ധാരണയായിട്ടുണ്ട്. അന്വേഷണത്തിന് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ സംസ്‌കൃത മേധാവി ഡോ. ജയന്തി, കാടാമ്പുഴ മൂസ ഗുരുക്കള്‍, റീ-എക്കൗ ജ.സെക്രട്ടറി അബ്ദുല്‍ വാഹിദ് പല്ലാര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss