|    Feb 21 Tue, 2017 6:20 am
FLASH NEWS

വെള്ളവും വെളിച്ചവുമില്ല; പട്ടികജാതി ഗുണഭോക്താക്കള്‍ ഫഌറ്റ് ഉപേക്ഷിച്ചു

Published : 8th November 2016 | Posted By: SMR

കണ്ണൂര്‍: ഭവനരഹിത പട്ടികവിഭാഗക്കാര്‍ക്കായി കണ്ണൂര്‍ കോര്‍പറേഷന്‍ മരക്കാര്‍ക്കണ്ടിയില്‍ നിര്‍മിച്ച് കൈമാറിയ ഫഌറ്റ് ഉപയോഗശൂന്യം. വൈദ്യുതിയോ കുടിവെള്ളമോ ഇല്ല. അടുപ്പില്ലാത്ത അടുക്കള. കുളിമുറിയോ അലക്കു സൗകര്യമോ ഇല്ല. ഇടുങ്ങിയ മുറിയില്‍ കുടുംബാംഗങ്ങളെല്ലാം കഴിയണം. വാസയോഗ്യമല്ലാത്ത ഫഌറ്റ് ഗുണഭോക്താക്കളായ പല പട്ടികജാതി കുടുംബങ്ങളും ഉപേക്ഷിച്ചിരിക്കുകയാണ്. കോര്‍പറേഷന്‍ രൂപീകരണത്തിനു മുമ്പ് കഴിഞ്ഞ യുഡിഎഫ് നഗരസഭാ ഭരണസമിതിയാണ് മരക്കാര്‍കണ്ടി പോലിസ് സ്‌റ്റേഷനു സമീപം 56 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഫഌറ്റ് സമുച്ചയം പണിതത്. ഒരുവര്‍ഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത ചടങ്ങില്‍ 40 കുടുംബങ്ങള്‍ക്ക് ടോക്കണ്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ തുടര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് ഫഌറ്റുകളിലേക്ക് താമസം മാറാന്‍ തടസ്സം നേരിടുകയുണ്ടായി. കോര്‍പറേഷന് ലഭിച്ച അപേക്ഷയില്‍നിന്ന് അര്‍ഹരായ 40 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇവരില്‍ പലരും അനര്‍ഹരാണെന്ന ആരോപണമുയര്‍ന്നു. പട്ടികജാതി ഓഫിസര്‍ക്ക് ഗുണഭോക്തൃ പട്ടിക കൈമാറുകയും ഇവരുടെ ജീവിതനിലവാരം അപേക്ഷയില്‍ പറയുന്നതു പ്രകാരമാണോയെന്നത് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 40 പേരും അര്‍ഹരാണെന്ന പട്ടികജാതി ഓഫിസറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ പട്ടികയിലുള്ളവര്‍ക്ക് തന്നെ നറുക്കെടുപ്പിലൂടെ ഫഌറ്റ് നല്‍കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. എന്നാല്‍, വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തത് വീണ്ടും പ്രതിസന്ധിക്ക് കാരണമായി. പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കേണ്ടതിനാല്‍ വൈദ്യുതി കണക്ഷന്‍ നല്‍കാനായില്ല. ഇതിനെതിരേ ഗുണഭോക്താക്കള്‍ സമരത്തിലേക്ക് കടന്നതോടെ കോര്‍പറേഷന്‍ അധികൃതര്‍ ഉണര്‍ന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫഌറ്റിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. എന്നാല്‍, താമസിക്കാനായി ഗുണഭോക്താക്കളില്‍ പലരും എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. വൈദ്യുതീകരണം പൂര്‍ത്തിയാക്കിയിരുന്നില്ല. ഫഌറ്റിലേക്ക് വൈദ്യുതിലൈന്‍ വലിക്കുന്നതിന് 2016മാര്‍ച്ച് അവസാനമാണ് കോര്‍പറേഷന്‍ പണമടയ്ക്കുന്നത്. പണം ലഭിച്ചയുടന്‍ ടെന്‍ഡര്‍ നടപടി കെഎസ്ഇബി തുടങ്ങി. പക്ഷേ, കരാറുകാരനെക്കൊണ്ട് പണി വേഗം എടുപ്പിക്കുന്നതിനുള്ള ജാഗ്രത അവര്‍ കാട്ടിയില്ല. പിന്നീട് 160 കെവി ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ച് 400 മീറ്റര്‍ 11 കെവി ലൈനും 600 മീറ്റര്‍ ത്രി ഫേസ്‌ലൈനും വലിച്ചെങ്കിലും പല വീടുകളിലും കണക്ഷന്‍ ലഭിച്ചിട്ടില്ലെന്നാണ് ഗുണഭോക്താക്കളുടെ പരാതി. കൂടാതെ, ഒരു കുടുംബത്തിന് കഴിയാനുള്ള സൗകര്യവും ഫഌറ്റില്‍ ഇല്ല. വിസ്തൃതി കുറഞ്ഞ മുറികളും അടുക്കളയും. ഭക്ഷണം പാചകം ചെയ്യാനോ വസ്ത്രങ്ങള്‍ അലക്കാനോ ഉള്ള സൗകര്യം പോലുമില്ല. ഫഌറ്റ് നിര്‍മാണത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനെതിരേ കോര്‍പറേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനുള്ള തയ്യാറെടുപ്പിലാണ് ഗുണഭോക്താക്കള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക