|    Jul 26 Wed, 2017 8:34 pm
FLASH NEWS

വെള്ളറടയിലും തെരുവുനായ ആക്രമണം; വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ക്കു പരിക്ക്

Published : 28th August 2016 | Posted By: SMR

വെള്ളറട/പാറശാല: തെരുവുനായയുടെ ആക്രമണം വെള്ളറടയിലും. മൂന്നു പേരെ തെരുവുനായ കടിച്ചുകീറി. ട്യൂഷന് പോയ സ്‌കൂള്‍ വിദ്യാര്‍ഥിയെ കറിച്ചുകീറിയത് മാതാവിന്റെ കണ്‍മുന്നിലാണ്. വിദ്യാര്‍ഥിക്ക് മുഖത്താണു കടിയേറ്റത്. കുടപ്പനമൂട് കാസാ റോഡ് വീട്ടില്‍ സജീലയുടെ മകന്‍ അഫ്‌സല്‍ഖാനെ (10) വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികില്‍സ നല്‍കി.
കൂതാളി കടയാറ വീട്ടില്‍ കുഞ്ഞാലി (82), കുട്ടമല കാഞ്ഞിരംമൂട് ലളിതാ ഭവനില്‍ രാജേഷ് (34) എന്നിവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവര്‍ക്കു വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ നല്‍കി. പ്രദേശത്തു തെരുവുനായ ആക്രമണം വ്യാപകമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നു പരാതി ഉയരുന്നുണ്ട്. പാറശാലയില്‍ വയോധികയെ തെരുവുനായ്ക്കൂട്ടം കടിച്ചുപറിച്ചു. ധനുവച്ചപുരം വൈദ്യന്‍ വിളാകത്തു വീട്ടില്‍ പരേതനായ കെ സുന്ദരേശന്റെ ഭാര്യ വാസന്തി (60)ക്കാണ് കഴിഞ്ഞദിവസം വൈകീട്ട് അഞ്ചിന് ധനുവച്ചപുരത്ത് സ്‌കൂളിന് മുന്നില്‍ വച്ച് തെരുവുനായ്ക്കളുടെ കടിയേറ്റത്.
ധനുവച്ചപുരം സ്‌കൂള്‍ കേന്ദ്രമാക്കി തെരുവുനായ്ക്കള്‍ കാല്‍നട യാത്രക്കാരായ പലരെയും മുമ്പും ആക്രമിച്ചിട്ടുണ്ട്. വാസന്തി കടയില്‍ സാധനം വാങ്ങി മടങ്ങിവരവെയാണു നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. വാസന്തിയുടെ കാല്‍മുട്ടിനു താഴെ ആഴത്തിലുള്ള രണ്ടു മുറിവുകളുണ്ട്. സമീപത്ത് ബൈക്കില്‍ വരികയായിരുന്ന രണ്ട് യുവാക്കളാണു നായ്ക്കൂട്ടത്തിന്റെ അക്രമത്തില്‍ നിന്നു വാസന്തിയെ രക്ഷപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പേവിഷബാധയേറ്റ പശു ചത്തു; നാട്ടുകാര്‍ ആശങ്കയില്‍
പാറശാല: പേവിഷ ബാധയേറ്റ പശു ചത്തു. നാട്ടുകാര്‍ ആശങ്കയില്‍. പാറശാല പഞ്ചായത്തിലെ അയ്ങ്കാമം തെറ്റിയോട് ഇടയില്‍ വീട്ടില്‍ സുരേഷിന്റെ പശുവാണു പേവിഷ ബാധയേറ്റ് ചത്തത്. പശുവിനെ പരിചരിച്ചിരുന്ന സുരേഷ്‌കുമാറും, അമ്മ രഞ്ജിതയും കഴിഞ്ഞദിവസം തന്നെ ചികില്‍സ തേടിയിരുന്നു.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി പശുവിന്റെ ആരോഗ്യസ്ഥിതിയില്‍ സംശയം തോന്നിയ വീട്ടുകാര്‍ പാറശാല സര്‍ക്കാര്‍ മൃഗാശുപത്രിയെ സമീപിച്ചതിനെ തുടര്‍ന്ന് പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. സ്ഥിരമായി മേയുന്നതിന് പറമ്പില്‍ കെട്ടുകയാണ് പതിവ്. അവിടെ നിന്നു നായയുടെ കടിയേറ്റതാവാമെന്ന നിഗമനത്തിലാണു വീട്ടുകാര്‍. ഇക്കാര്യം അറിയാതെ പാല്‍ വാങ്ങി കഴിച്ച നാട്ടുകാരില്‍ ചിലര്‍ ആശുപത്രിയില്‍ ചികില്‍സ തേടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക