|    Mar 18 Sun, 2018 3:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വെള്ളരിപ്രാവുകളായ ലീഗുകാരും സഭയിലെ താടിബോധവും

Published : 26th October 2016 | Posted By: SMR

താടിക്കാര്‍ക്ക് ഡിമാന്റേറെയുള്ള ഇക്കാലത്ത് നിയമസഭയ്ക്കുള്ളിലും താടി ചര്‍ച്ചാവിഷയമായാല്‍ അതിശയിക്കാനില്ല. അതിനൊരു ഇസ്‌ലാമികവശം കൂടിയാവുമ്പോള്‍ താടിസംവാദത്തിന് കൊഴുപ്പേകും. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ മുസ്‌ലിം പോലിസുകാര്‍ക്ക് താടിവയ്ക്കാന്‍ അനുമതി നല്‍കണമെന്ന നിര്‍ദേശം ടി വി ഇബ്രാഹിം മുന്നോട്ടുവച്ചു. താടി മതാവകാശമല്ലെന്നും മതവുമായി ബന്ധമില്ലെന്നും മറുപടി പറഞ്ഞ മന്ത്രി കെ ടി ജലീല്‍ കണ്ണടച്ച് പ്രഖ്യാപിച്ചു. വിഷയം ഉന്നയിച്ച ഇബ്രാഹിമിനും സഭയിലെ ലീഗ് എംഎല്‍എമാര്‍ക്കും താടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  അതാവണം സിഎച്ച് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തുപോലും ഇത്തരമൊരു സ്വാതന്ത്ര്യം പോലിസിനു നല്‍കാതിരുന്നത്. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും പറഞ്ഞ് മന്ത്രി വായടച്ചതോടെ ലീഗുകാര്‍ വാതുറന്നു.  വിവാദത്തിലേക്ക് നീങ്ങിയതോടെ താടിയില്ലാത്ത കുഞ്ഞാലിക്കുട്ടി പ്രശ്‌നത്തില്‍ ഇടപെട്ടു. താടി മതപരമാണെന്ന് വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്. താടിവയ്ക്കുകയോ വയ്ക്കാതിരിക്കുകയോ ചെയ്യാം. അതൊക്കെ വ്യക്തിപരം. പ്രവാചകചര്യ അനുസരിച്ച് സുന്നത്തായ കാര്യമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞതോടെ തനിക്ക് ആ സുന്നത്ത് കിട്ടുമോയെന്ന് താടിയുള്ള സ്പീക്കര്‍ക്കും സംശയം. അതിനിടെ നിലപാട് മയപ്പെടുത്തി മന്ത്രിയെത്തി. താടി നിര്‍ബന്ധമുള്ള കാര്യമല്ലെന്നാണ് താന്‍ പറഞ്ഞതെന്ന് മന്ത്രി തിരുത്തി. അനാവശ്യ ചര്‍ച്ചകള്‍ ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവും ഇടപെട്ടതോടെ സ്പീക്കര്‍ ഇടപെട്ടു.
ശരീഅത്തിന്റെ അര്‍ഥതലങ്ങള്‍ പരിചയപ്പെടുത്താനാണ് പി ടിഎ റഹിം ശ്രമിച്ചത്. ശരീഅത്ത് എന്നാല്‍ പെണ്ണുകെട്ടലും മൊഴിചൊല്ലലും മാത്രമാണെന്നാണ് ചിലര്‍ കരുതുന്നതത്രേ. എന്നാല്‍, അഴിമതി, കൊലപാതകം, ബോംബ് നിര്‍മാണം ഇങ്ങനെയുള്ള വിഷയങ്ങളെല്ലാം ശരീഅത്തിനെതിരാണ്. കണ്ണൂരില്‍ അവസാന കൊലപാതകം നടത്തിയത് ലീഗുകാരാണ്. ബോംബ് നിര്‍മാണത്തിനിടെ അവസാനമായി കൊല്ലപ്പെട്ടതും ലീഗുകാരനാണ്. ഇതെല്ലാം ശരിഅത്തിനെതിരല്ലേ. ശരീഅത്തിനെ സംബന്ധിച്ച് ഇപ്പോള്‍ പറയുന്ന കാര്യങ്ങളെല്ലാം ശരിയാവണമെന്നില്ല. ഇക്കാര്യം ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും റഹിം ആവശ്യപ്പെട്ടു.
നവോത്ഥാന നായകര്‍ ഉഴുതിട്ട മണ്ണില്‍ ഇന്നു വിളയുന്നത് വര്‍ഗീയരാഷ്ട്രീയമാണെന്ന് പുരുഷന്‍ കടലുണ്ടി ചൂണ്ടിക്കാട്ടി. പശുവിനും പട്ടിക്കുമൊക്കെ ആദിവാസികള്‍ക്ക് മാന്യമായ നിലയിലുള്ള വീടുകള്‍ നിര്‍മിച്ചുനല്‍കണമെന്ന് ഇ കെ വിജയന്‍ ആവശ്യപ്പെട്ടു. ഭരണകൂട ഭീകരതയ്‌ക്കെതിരേ സിംഹനാദങ്ങള്‍ ഉയര്‍ന്നുവരുന്നത് സന്തോഷകരമെന്ന് എന്‍ ജയരാജും പറഞ്ഞു. ആദിവാസി കോളനികളില്‍ വെളിച്ചമെത്തിക്കേണ്ടതിന് പകരം അവരെ വെളിച്ചത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്ന് ടി വി ഇബ്രാഹിം ചൂണ്ടിക്കാട്ടി. പെന്‍ഡുലം രാഷ്ട്രീയമാണ് നാടിന്റെ ശാപമെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss