|    Aug 23 Wed, 2017 6:19 am
FLASH NEWS

വെള്ളമുണ്ട സര്‍ക്കാര്‍ മാതൃകാ ഹൈസ്‌കൂള്‍ വീണ്ടും മാതൃകയാവുന്നു

Published : 8th August 2017 | Posted By: fsq

 

മാനന്തവാടി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കാനുറച്ച് വെള്ളമുണ്ട ഗവണ്‍മെന്റ്  മോഡല്‍ ഹൈസ്‌കൂള്‍ വേറിട്ട മാതൃകയാവുന്നു. കഴിഞ്ഞ വര്‍ഷം നാല് ലക്ഷത്തോളം രൂപ ചിലവഴിച്ചു പ്രവാസിയായ പൂര്‍വ വിദ്യാര്‍ഥിയായിരുന്നു സുഭിക്ഷം എന്ന് പേരിട്ട പദ്ധതിക്ക് തുടക്കം കുറിച്ചത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കാന്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ മൂന്നു പേര്‍ ചേര്‍ന്നാണ് ഈവര്‍ഷം സുഭിക്ഷം പരിപാടിക്ക് ഫണ്ട് നല്‍കുന്നത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായ ഉച്ചഭക്ഷണം വിദ്യാലയത്തില്‍ നിന്നും ലഭിക്കും. മുന്‍ വര്‍ഷം പ്രവാസിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായിരുന്ന മുച്ചിങ്ങല്‍ ജംഷീര്‍ എന്ന യുവാവ് സന്നദ്ധമായതോടെയാണ് പട്ടിണിയില്ലാത്ത ക്ലാസ് മുറികള്‍ എന്ന പിടിഎ യുടെ ലക്ഷ്യം സാക്ഷാത്കാരമായത്. ജില്ലയില്‍ തന്നെ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്നതും കൂടുതല്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതുമായ വിദ്യാലയമാണ് വെള്ളമുണ്ടയിലേത്. ഈ വര്‍ഷം 8,9,10 കല്‍സ്സുകളിലായി 1090 കുട്ടികളാണ് വിദ്യാലയത്തിലുള്ളത്. ഇതില്‍ 242 പേര്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. വിദ്യാര്‍ത്ഥികളില്‍ കുറെയധികം പേര്‍ വീടുകളില്‍ നിന്നും പലകാരണങ്ങളാല്‍ ഉച്ച ഭക്ഷണം കൊണ്ടുവരാന്‍ കഴിയാത്തവരാണെന്ന് പിടിഎ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നതിനായുള്ള ശ്രമങ്ങള്‍ പി ടി എ യുടെ നേതൃത്വത്തില്‍  നടത്തിയത്. സര്‍ക്കാര്‍ പദ്ധതി പ്രകാരം എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യ ഉച്ചഭക്ഷണം നല്‍കുന്നത്. ഇത് പ്രകാരം 300 കുട്ടികള്‍ക്കു മാത്രമാണ്് സ്‌കൂളില്‍ ഉച്ചഭക്ഷണം ലഭിക്കുന്നത്. ബാക്കിവരുന്ന 790 കുട്ടികള്‍ക്ക് ഈ അധ്യയന വര്‍ഷം മുഴുവന്‍ ഉച്ചഭക്ഷണം നല്‍കാന്‍ വേണ്ടി വരുന്ന സാമ്പത്തിക ച്ചിലവാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മൂന്ന് സഹപാടികള്‍ ചേര്‍ന്ന് ഏറ്റെടുത്തത്. 1990-93 ല്‍ പഠനം പൂര്‍ത്തിയാക്കിയ രണ്ട് പ്രവാസികളുള്‍പ്പെട്ട പൂര്‍വ വിദ്യാര്‍ത്ഥികളുടെ കാരുണ്യക്കൂട്ടായ്മ പേരു പോലും വെളിപ്പെടുത്താതെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമൊരുക്കാന്‍ മുന്നോട്ടു വന്നത്. സ്‌കൂളില്‍ നടന്ന ലളിതമായ ചടങ്ങില്‍ സുഭിക്ഷം എന്ന് പേരിട്ട സൗജന്യ ഉച്ചഭക്ഷണപദ്ധതി കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊണ്ട് ഹൈമ മുത്തലിബ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി നാസര്‍ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക