|    Nov 20 Mon, 2017 3:06 pm
FLASH NEWS

വെള്ളമുണ്ടയിലെ വിവാദ ക്വാറിയുടെ പ്രവര്‍ത്തനം പ്ലാന്റേഷന്‍ നിയമം ലംഘിച്ച്

Published : 2nd December 2016 | Posted By: SMR

മാനന്തവാടി: അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് അനുമതി നേടിയ വെള്ളമുണ്ടയിലെ വിവാദ കരിങ്കല്‍ക്വാറി പ്രവര്‍ത്തിക്കുന്നതു തോട്ടംഭൂമിയില്‍ പ്ലാന്റേഷന്‍ നിയമങ്ങള്‍ ലംഘിച്ചെന്നു പരാതി. 1972ല്‍ സര്‍ക്കാര്‍ മിച്ചഭൂമികള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയപ്പോള്‍ വെള്ളമുണ്ട പുളിഞ്ഞാല്‍ പെരുങ്കുളത്ത് 300ഓളം ഏക്കര്‍ കാപ്പിത്തോട്ടം ഇതില്‍ നിന്ന് ഇളവ് നേടിയിരുന്നു. ഈ ഭൂമിയില്‍പെട്ട വെള്ളമുണ്ട വില്ലേജിലെ റീസര്‍വേ 606 നമ്പറിലുള്ള സ്ഥലത്താണ് ഇപ്പോള്‍ ക്വാറിക്ക് അനുമതി നേടിയെടുത്തത്. ഇതിനു മുമ്പ് ഇതേ ഭൂമിയില്‍ മറ്റൊരാളുടെ പേരിലായിരുന്നു അനുമതി നേടിയത്. ആ ഭൂമിയില്‍ നിന്നു മുഴുവന്‍ പാറയും പൊട്ടിച്ചതിനു ശേഷമാണ് പുതിയ സര്‍വേ നമ്പറില്‍ പാറഖനനത്തിന് അനുമതി നേടിയെടുത്തത്. മിച്ചഭൂമിയില്‍ നിന്നു തോട്ടഭൂമിയെന്ന പേരില്‍ സര്‍ക്കാര്‍ ഇളവ് നല്‍കി അവകാശികള്‍ക്ക് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയ ഭൂമിയില്‍ യാതൊരുവിധ തരംമാറ്റലുകള്‍ക്കോ നിര്‍മാണപ്രവൃത്തികള്‍ക്കോ അവകാശമില്ലെന്നിരിക്കെയാണ് 2007 മുതല്‍ പാറഖനനം തുടങ്ങിയത്. അന്നു ചെറിയ തോതില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ക്വാറിയെക്കുറിച്ച് നാട്ടുകാര്‍ക്ക് പരാതി ഉണ്ടായിരുന്നില്ല. 2009ല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതോടെ ജില്ലാ ഭരണകൂടം തന്നെ ക്വാറി പ്രവര്‍ത്തനം നിരോധിച്ചു. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആരംഭിക്കുകയായിരുന്നു. ഭൂമി സംബന്ധിച്ച് രേഖകള്‍ തയ്യാറാക്കുന്നതില്‍ റവന്യൂവകുപ്പില്‍ നിന്നുള്ള ചിലരുടെ സഹായങ്ങള്‍ ലഭിച്ചതായാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. തുടര്‍ന്ന് പ്രദേശവാസികള്‍ ഒന്നടങ്കം പരാതി നല്‍കിയതോടെയാണ് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ച് മാര്‍ച്ചില്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. എന്നാല്‍, വീണ്ടും ക്വാറിയുടമ അനുമതിക്കായി വെള്ളമുണ്ട പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ രേഖകള്‍ കലക്ടറേറ്റിലേക്കയക്കുകയും അനുമതി നല്‍കാമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ലൈസന്‍സ് നല്‍കിയതെന്നുമാണ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. എന്നാല്‍, സുപ്രിംകോടതി നിര്‍ദേശപ്രകാരമുള്ള പാരിസ്ഥികാനുമതി ക്വാറിക്കില്ല. ഇതിനിടെ, ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതിനെതിരേ കഴിഞ്ഞ ദിവസം നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു തഹസില്‍ദാര്‍ നടത്തിയ അന്വേഷണ റിപോര്‍ട്ട് ഇന്നലെ സബ് കലക്ടര്‍ക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക