|    Jul 22 Sun, 2018 8:10 am
FLASH NEWS

വെള്ളപ്പൊക്കം : ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍

Published : 23rd September 2017 | Posted By: fsq

 

ഹരിപ്പാട്:  കാര്‍ത്തികപള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെ മാടു വളര്‍ത്തല്‍ ബുദ്ധിമുട്ടിലായി. തൊഴുത്തുകളില്‍ വെള്ളം കയറിയതും ആവശ്യത്തിന്  തീറ്റ ലഭ്യമാവാത്തതും കാലിതീറ്റയുടെ അമിതവിലയും ക്ഷീരകര്‍ഷകരെ   ബുദ്ധിമുട്ടിലാക്കിയ ഘടകങ്ങളാണ്. അടിക്കടി ജലനിരപ്പ് ഉയര്‍ന്നതും അതോടൊപ്പം താഴുന്നതും മാടുകളെ തൊഴുത്തില്‍ തന്നെ കെട്ടിയിടാന്‍ ക്ഷീരകര്‍ഷകര്‍ നിര്‍ബന്ധിതരാവുകയാണ്. തൊഴുത്തില്‍ നിന്നു വെള്ളം ഇറങ്ങി ദിവസങ്ങള്‍ക്ക് ശേഷമെ  പൂര്‍വ സ്ഥിതിയിലാവുകയുള്ളൂ. തണുപ്പ് ഏല്‍ക്കുന്ന പലമാടുകള്‍ക്കും പലതരത്തിലുള്ള  രോഗങ്ങള്‍ പിടിപെടാറുണ്ട്. കാലാവസ്ഥ വ്യതിയാനം  രോഗങ്ങളുണ്ടാവാന്‍ കാരണമാവുന്നതായി ക്ഷീരകര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ ദിവസം വീയപുരം കിഴക്കേകരയില്‍ പോളത്തുരുത്തേല്‍ വീട്ടില്‍ ഷാനിയുടെ കറവ പശു അഞ്ജാതരോഗത്താല്‍ ചത്തു. 40000 രൂപയോളം വിലവരുന്ന പശുവാണ് ചത്തത്.കൊയ്ത് നടക്കേണ്ട പല പാടങ്ങളും മടവീണതിനാല്‍ വൈക്കോല്‍ ക്ഷാമവും രൂക്ഷമായി. തരിശു നിലങ്ങളില്‍നിന്ന് ലഭിച്ചിരുന്ന പുല്ലുകളും  കിട്ടാത്ത അവസ്ഥയാണ്. തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്താല്‍ എല്ലാതരിശു നിലങ്ങളും കൃഷിയോഗ്യമാക്കുകയായിരുന്നു.ഇത് ക്ഷീരകര്‍ഷകരെ  സംബന്ധിച്ചിടത്തോളം തിരിച്ചടിയായി.  നെല്‍കൃഷി നടത്തിയ പാടശേഖരങ്ങളില്‍ നിന്നു കള, കവട, കോര, കറുക, കൊത്താള്‍, പുളിപ്പന്‍, മത്താമ്പ്, ചെല്ലി പോലെയുള്ള പുല്ലുകള്‍ ലഭിച്ചിരുന്നത്് ഏറെ  ആശ്വാസകരമായിരുന്നു. കൊയ്ത്ത് കഴിയുന്നതോടെ  വൈക്കോല്‍ സംഭരിച്ചാണ്  അടുത്ത സീസണ്‍ വരെ കഴിച്ചുകൂട്ടുന്നത്. ആവശ്യത്തിന് തീറ്റ ലഭിക്കാത്തതിനാല്‍ പാലിന്റെ അളവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ പാലുല്‍പാദക സഹകരണ സംഘങ്ങളില്‍ പാല് ആവശ്യത്തിന് ലഭിക്കാത്തതിനാല്‍ ആവശ്യക്കാര്‍ ബുദ്ധിമുട്ടിലുമായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss