|    Sep 26 Wed, 2018 3:07 pm
FLASH NEWS

വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍: ദുരിതമൊഴിയാതെ കൊടിയത്തൂര്‍

Published : 19th August 2018 | Posted By: kasim kzm

മുക്കം: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും വെള്ളപൊക്കവും മൂലം കെടുതിയില്‍ നട്ടം തിരിഞ്ഞ് കൊടിയത്തൂര്‍ പഞ്ചായത്ത്. പഞ്ചായത്തിലെ മൂന്നൂറിലധികം വീടുകളില്‍ വെളളം കയറിയതായാണ് കണക്ക്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് ദിവസമായി വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. വെള്ളം കയറിയ വീടുകളിലെ താമസക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മാറ്റി താമസിപ്പിച്ചു. ഉരുള്‍പൊട്ടലുണ്ടായ മാടാമ്പിയിലും, ചാലിയാറും, ഇരുവഴിഞ്ഞിയും കരകവിഞ്ഞതോടെ ചെറുവാടിയും പരിസരങ്ങളുമാണ് ഏറെ ദുരിതത്തിലായിരിക്കുന്നത് .തോട്ടുമുക്കം മാടാമ്പിയില്‍
വ്യാഴായ്ച്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ആളപായമുണ്ടായില്ലെങ്കിലും ഇത് കനത്ത ദുരിതത്തിലേക്കാണ് നാടിനെ തള്ളിവിട്ടത്. ചെങ്കുത്തായ റബര്‍ തോട്ടത്തില്‍ വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടുകയും താഴെയുള്ള പറമ്പുകളിലേക്കും വീടുകളിലേക്കും കല്ലും ചെളിയും വന്നടിയുകയും ചെയ്തു. തോട്ടുമുക്കം പള്ളിത്താഴെ കടകളിലും, അങ്ങാടികളിലും വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. കൊടിയത്തൂര്‍ ജിഎം.യു പി .സ്‌കൂള്‍, ചെറുവാടി ഹയര്‍ സെകണ്ടറി സ്‌കൂള്‍, ചുളിക്കാപറമ്പ എല്‍പി സ്‌കൂള്‍,കാരക്കുറ്റി എല്‍പി സ്‌കൂള്‍, പൊറ്റമ്മല്‍ മദ്രസ, കാരാളിപറമ്പ്, മദ്രസ, തോട്ടുമുക്കം യുപി, ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. ചെറുവാടി, ചുള്ളിക്കാപറമ്പ്, തോട്ടുമുക്കം അങ്ങാടികള്‍ വെള്ളത്തിലായതോടെ ഈ പ്രദേശത്തെ ജനങ്ങള്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അടക്കം ഏറെ ദുരിതമാണ് സഹിച്ചത്. കാരാട്ട് എഴുപതോളം കുടുംബങ്ങളും, എള്ളങ്ങല്‍ ഉള്ളാട്ടില്‍,തെയ്യത്തുംകടവ് ഭാഗങ്ങളില്‍ അറുപതും, കാരക്കുറ്റി ഇരുപതും, ചെറുവാടിയില്‍ 60ഉം, കാരാളിപറമ്പ് ,പൊറ്റമ്മല്‍,ഐലാങ്കോട് മേഖലയില്‍ ഇരുപതും, തോട്ടുമുക്കം ഭാഗങ്ങളില്‍ നാല്‍പതിലധികം വീടുകളും വെള്ളത്തിലായതോടെ ക്യാംപുകളിലും ബന്ധു വീടുകളിലേക്കും താമസം മാറിയിരിക്കൂകയാണ്. പഞ്ചായത്തിന്റെയും കൊടിയത്തൂര്‍ മഹലിന്റെയും, നാട്ടുകാരുടെയും നേത്രത്വത്തില്‍ ഭക്ഷണ വിതരണവും ആരംഭിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടലുണ്ടായ തോട്ടുമുക്കത്തെ സ്വകാര്യ ക്രഷറിനു മുകളില്‍ അശാസ്ത്രീയമായ രീതിയില്‍ മണ്ണെടുപ്പ് നടത്തി വന്‍തോതില്‍ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ ഇനിയും അപകട സാധ്യത കൂടുതലാണ്. സമീപവാസികള്‍ ഭീതിയോടെയാണ് കഴിയുന്നത്.പന്നിക്കോട് ഉണിക്കോരന്‍ കുന്നില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച കുളം തകര്‍ന്ന് നിരവധി വീടുകള്‍ക്ക് നാശമുണ്ടായി. 5 സെന്റ് ഭൂമിയില്‍ നിര്‍മ്മിച്ച വലിയകുളമാണ് തകര്‍ന്നത്. തുളസീധരന്‍, പ്രമോദ്, മണി, ബാലന്‍ തുടങ്ങിയവരുടെ വീടുകളിലേക്കാണ് വെള്ളം ഒലിച്ചിറങ്ങിയത്. ബാലന്‍, മണി, തുളസീധരന്‍ എന്നിവരുടെ വീടിന്റെ മതിലുകള്‍ തകര്‍ന്നു. വീട്ടിലേക്ക് ചെളി ഒലിച്ചിറങ്ങി അടുക്കളയും മറ്റും ചെളിക്കുളമായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss