|    Jan 19 Thu, 2017 10:09 am

വെള്ളത്തിന്റെ മഹത്വവും പ്രതിപക്ഷ ആശങ്കയും

Published : 19th October 2016 | Posted By: SMR

ശുദ്ധജലക്ഷാമം കാലങ്ങളായി സംസ്ഥാനത്തിന്റെ തീരാശാപമാണ്. ഇതിനുള്ള ശാശ്വതമായ പരിഹാരമാര്‍ഗങ്ങള്‍ അനിവാര്യവുമാണ്. എന്നാല്‍, ദിനംപ്രതി തമ്മില്‍ വെട്ടുകയും കൊല്ലുകയും ചെയ്യുന്ന നാട്ടില്‍ ഭാവിയില്‍ വെള്ളം കുടിക്കാന്‍ ആളുണ്ടാവുമോയെന്നാണ് പ്രതിപക്ഷത്തിന്റെ ആശങ്ക. ജലസേചനവും ശുദ്ധജലവിതരണവും സംബന്ധിച്ച 2016-17 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പുതുക്കിയ ബജറ്റിലെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ മുസ്‌ലിംലീഗ് പ്രതിനിധി എം ഉമ്മറാണ് ഈ ആശങ്ക പങ്കുവച്ചത്.
പണിയില്ലാത്തവന് പണി കൊടുക്കാന്‍ കഴിയുന്നില്ലെങ്കിലും പാടത്തും വരമ്പത്തും കൂലി കൃത്യമായി കൊടുക്കുന്നുണ്ട്. കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ഉമ്മര്‍ ആവശ്യപ്പെട്ടു. വെള്ളത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനാണ് ചിറ്റയം ഗോപകുമാര്‍ ശ്രമിച്ചത്. വെള്ളത്തിന്റെ വ്യതിയാനം സ്വഭാവത്തെ പോലും മാറ്റിമറിക്കും.  ഗര്‍ഭപാത്രത്തില്‍ 99 ശതമാനം വെള്ളത്തിലാണ് മനുഷ്യഭ്രൂണം കഴിയുന്നത്. നവജാതശിശുവിന്റെ ശരീരത്തില്‍ 70ഉം പ്രായമായവരുടെ ശരീരത്തില്‍ 80 ശതമാനവും ജലമുണ്ട്. ഒരുശതമാനം ജലം കുറഞ്ഞാല്‍ ദാഹവും 12 ശതമാനം ജലം നഷ്ടമായാല്‍ മരണവുമുണ്ടാവുമത്രേ. സൗമ്യനായ ജലവിഭവമന്ത്രിയുടെ മുഖത്തുനോക്കി ധനാഭ്യര്‍ഥന ചര്‍ച്ചയെ എതിര്‍ക്കുന്നുവെന്ന് പറയുന്നതിലുള്ള വിഷമമായിരുന്നു എന്‍ എ നെല്ലിക്കുന്നിന്. ജീവന്റെ ഉല്‍പത്തി ജലത്തില്‍ നിന്നാണെന്നു പറഞ്ഞുതുടങ്ങിയ അദ്ദേഹം എത്തിനിന്നത് തന്റെ കാസര്‍കോട് മണ്ഡലത്തിലാണ്. ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണത്രേ കാസര്‍കോട് നഗരത്തില്‍ വെള്ളം ലഭിക്കുന്നത്.
സത്യഗ്രഹമെന്നത് ഇപ്പോള്‍ ട്രെന്‍ഡായതു കൊണ്ടാവും കുടിവെള്ളത്തിന്റെ കാര്യത്തില്‍ ശ്വാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ അടുത്ത നിയമസഭാ കാലയളവില്‍ സത്യഗ്രഹം ഇരിക്കുമെന്നും നെല്ലിക്കുന്ന് മുന്നറിയിപ്പ് നല്‍കി. വെള്ളം പാഴാവുന്ന വഴികള്‍ തുറന്നുകാട്ടാനാണ് മുകേഷ് സമയം കണ്ടെത്തിയത്. ഒരാള്‍ കുളിക്കാനായി ഷവര്‍ ഉപയോഗിക്കുമ്പോള്‍ പാഴാവുന്നത് 40 ലിറ്റര്‍ വെള്ളമാണ്. കക്കൂസില്‍ പാഴാവുന്നത് 15 ലിറ്ററും വാഷിങ് മെഷീനില്‍ നഷ്ടമാവുന്നത് 60 ലിറ്റര്‍ ജലവുമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജലസേചനവകുപ്പ് ജലശോഷണ വകുപ്പായി മാറിയെന്ന് മുകേഷ് വിമര്‍ശിച്ചു. പല ശുദ്ധജല പദ്ധതികളും പാതിവഴിയിലാണെന്നും ദയവുചെയ്ത് ഞങ്ങളെ വെള്ളം കുടിപ്പിക്കരുതെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ അഭ്യര്‍ഥന. 20 കൊല്ലമായി പുതിയ പദ്ധതികളൊന്നുമില്ലാത്തതിലെ ആശങ്കയാണ് എന്‍ കൃഷ്ണന്‍കുട്ടി പ്രകടിപ്പിച്ചത്.
അന്തര്‍സംസ്ഥാന നദീജല കരാറില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്നും ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ച് കേരളത്തിന്റെ വിഹിതം നേടിയെടുക്കണമെന്നും പി ടി തോമസ് ഉപദേശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക