|    Oct 20 Sat, 2018 5:35 am
FLASH NEWS

വെള്ളത്തിനടിയിലെ രക്ഷാപ്രവര്‍ത്തനം : വോളന്റിയര്‍ സേനയ്ക്ക് ഉപകരണങ്ങള്‍ നല്‍കി

Published : 20th September 2017 | Posted By: fsq

 

കോഴിക്കോട്: വെള്ളത്തിനടിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ ഫയര്‍ഫോഴ്‌സിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നാട്ടുകാരായ മുങ്ങല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട്ട് രൂപവല്‍ക്കരിച്ച അണ്ടര്‍ വാട്ടര്‍ റെസ്‌ക്യൂ വോളന്റിയര്‍മാര്‍ക്ക് അണ്ടര്‍ വാട്ടര്‍ ബ്രീതിങ് മാസ്‌ക്, ഓക്‌സിജന്‍ സിലിണ്ടര്‍, ഡൈവിങ് സ്യൂട്ട് അടക്കമുള്ളവ നല്‍കി. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ യു വി ജോസ് വോളന്റിയര്‍ മുജീബ് റഹ്മാനെ അണ്ടര്‍ വാട്ടര്‍ ബ്രീതിങ് മാസ്‌ക് അണിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. വോളന്റിയര്‍ ടീമിനും ഫയര്‍ഫോഴ്‌സിനും ജില്ലാ ഭരണകൂടത്തിന്റെ അഭിനന്ദനം അറിയിച്ച കലക്ടര്‍ ഇത്തരമൊരു സേന കോഴിക്കോടിന് അത്യാവശ്യമാണെന്ന് പറഞ്ഞു. ഡാമുകളിലും പുഴകളിലും തീരപ്രദേശങ്ങളിലും പരിശീലനം നേടിയ യുവാക്കളുടെ വോളന്റിയര്‍ സേന രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരാവുന്നത്, നാടിന്റെ പ്രശ്‌നങ്ങളിലും ദുരന്ത സാഹചര്യങ്ങളിലും നാട്ടുകാര്‍ കൂടി സജീവമായി ഇടപെടുന്നതിന്റെ മാതൃക സൃഷ്ടിക്കുന്നതായി കലക്ടര്‍ പറഞ്ഞു.മുക്കം പ്രദേശത്തെ പത്തോളം പഞ്ചായത്തുകളിലെ നാല്‍പതോളം സ്വയം സന്നദ്ധരായ യുവാക്കളെ ഉള്‍പ്പെടുത്തിയാണ് വോളന്റിയര്‍ ടീം ഉണ്ടാക്കിയത്. ഇവര്‍ക്ക് മീഞ്ചന്ത സ്‌കൂബ ടീം ആഴമുള്ള പുഴകളില്‍ ഈയാഴ്ച മുതല്‍ പരിശീലനം നല്‍കും. പുഴകളിലും ജലാശയങ്ങളിലും അത്യാഹിതം ഫയര്‍ഫോഴ്‌സ് അറിഞ്ഞയുടനെ വോളന്റിയര്‍മാരെയും അറിയിക്കും. ഇതിലൂടെ എത്രയും പെട്ടന്ന് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ വോളന്റിയര്‍മാര്‍ക്ക് കഴിയും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഫയര്‍ ഫോഴ്‌സ് എന്നിവയുടെ നേതൃത്വത്തിലാണ് വോളന്റിയര്‍ ടീം സജ്ജമാക്കിയത്. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി വോളന്റിയര്‍ ടീം വിപുലപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഫയര്‍ ഫോഴ്‌സ് കോഴിക്കോട് അസി. ഡിവിഷനല്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍ അറിയിച്ചു. ചടങ്ങില്‍ വോളന്റിയര്‍മാരും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss