|    Apr 26 Thu, 2018 9:04 pm
FLASH NEWS

വെള്ളച്ചാട്ടത്തിന്റെ കമനീയ കാഴ്ചയ്ക്കുള്ളില്‍ കുടുംബങ്ങളുടെ കണ്ണീര്‍ നിറയുന്നു

Published : 13th July 2016 | Posted By: SMR

ഈരാറ്റുപേട്ട: വാഗമണ്‍, തീക്കോയി മാര്‍മല അരുവി, ചേന്നാട് മാളിക, വേങ്ങത്താനം എന്നിവിടങ്ങളിലെ അരുവികളില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുന്നു. മഴക്കാലത്ത് മലയോരമേഖലകളില്‍ പെട്ടെന്നുണ്ടാവുന്ന പെയ്ത്തിനൊപ്പമുള്ള മിന്നല്‍ പ്രളയവും കുത്തൊഴുക്കും രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഇരുപതിലധികം പേരുടെ ജീവനാണെടുത്തത്. തിങ്കളാഴ്ച അരുവിയില്‍ എത്തിയ ഈരാറ്റുപേട്ട സ്വദേശികളായ രണ്ടു യുവാക്കളുടെ ജീവവനാണ് അവസാനമായി നഷ്ടപ്പെട്ടത്.
ചേന്നാട് വേങ്ങത്താനം അരുവിയില്‍ കഴിഞ്ഞ ജൂണ്‍ 15ന് കപ്പാട് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. തീക്കോയി മാര്‍മല അരുവിയില്‍ 1987ല്‍ നാല് കോട്ടയം സ്വദേശികള്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടിരുന്നു. പിന്നീട് പലരും ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ട്. ഏറെയും വിജന പ്രദേശമായതിനാല്‍ ഒഴുക്കില്‍പ്പെട്ടവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനം എളുപ്പമല്ല. കനത്ത ഒഴുക്കിനൊപ്പം കൂറ്റന്‍ കല്ലുകള്‍ ഒഴുകിയെത്തിയും അരുവികളില്‍ അപകടം ഉണ്ടായിട്ടുണ്ട്. ചേന്നാട് മാളികയ്ക്കു സമീപം വേങ്ങത്താനത്ത് 300 അടി താഴ്ചയിലേക്ക് പതിക്കുന്ന അരുവിയില്‍ മഴക്കാലത്ത് അരുവി കാണാന്‍ ഒട്ടേറെ പേര്‍ എത്താറുണ്ട്.
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ ആനക്കുഴിയില്‍ നിന്നു രൂപപ്പെടുന്ന ചെറു അരുവി മുതുകുളം തോട്ടില്‍ എത്തുകയും പാറത്തോട് പഞ്ചായത്തിലെ മൗണ്ട് വാലിയില്‍ നിന്നാരംഭിക്കുന്ന തോടുമായി വെള്ളച്ചാട്ടത്തിന് രണ്ടു കിലോമീറ്റര്‍ മുകളിലുള്ള മൂന്നാനിയില്‍ സംഗമിച്ചാണ് വേങ്ങത്താനം അരുവി രൂപപ്പെടുന്നത്.
മഴക്കാറുണ്ടായാല്‍ റബര്‍ തോട്ടങ്ങളില്‍ രാത്രിയുടെ പ്രതീതിയോടെ ഇരുള്‍ പകരും. കലക്കവെള്ളത്തിലെ കുത്തൊഴുക്കില്‍പ്പെട്ടാല്‍ ആളെ കണ്ടെത്തുക തന്നെ ദുഷ്‌കരമാണ്. മുള്‍പടര്‍പ്പും കൂറ്റന്‍ കല്ലുകളും അരുവിയില്‍ ഏറെയുള്ളത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. പ്രതികൂല കാലാവസ്ഥ ദിവസങ്ങളിലും വൈകീട്ട് മൂന്നിനുശേഷവും അരുവി കാണാനെത്തുന്നവരെ നിയന്ത്രിക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അതേസമയം വെള്ളച്ചാട്ടത്തില്‍ മദ്യം, ലഹരി എന്നിവ ഉപയോഗിച്ച ശേഷം ഇറങ്ങരുത്, ചുഴലി രോഗമുള്ളവരും ജാഗ്രത പുലര്‍ത്തണം, മഴക്കാലത്ത് അരുവികളില്‍ മിന്നല്‍ പ്രളയം ഉണ്ടാവാം, ഒറ്റയ്ക്ക് വെള്ളച്ചാട്ടങ്ങളില്‍ പോകാതിരിക്കുക, രാത്രിയാവുന്നതിനു മുമ്പ് ഉല്ലാസം അവസാനിപ്പിക്കുക, ജീന്‍സ് പോലെ കട്ടിയുള്ള വസ്ത്രം ധരിച്ച് അരിവിയില്‍ ഇറങ്ങരുത്, നീന്തല്‍ അറിയാത്തവരും അരുവിയില്‍ ഇറങ്ങരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ പ്രദേശത്തു നിലനില്‍ക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss