|    Jan 16 Mon, 2017 6:28 pm

വെള്ളക്കുരുമുളക് ഉല്‍പാദന കേന്ദ്രത്തിന് അവഗണന

Published : 26th August 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന് കീഴില്‍ ആരംഭിച്ച സുല്‍ത്താന്‍ ബത്തേരിയിലെ വെള്ളക്കുരുമുളക് ഉല്‍പാദനകേന്ദ്രത്തിന് അവഗണന.
ലക്ഷക്കണക്കിന് രൂപ മുടക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ ആരംഭിച്ച സ്ഥാപനത്തെക്കുറിച്ച് അധികൃതര്‍ പോലും മറന്നു. മാനിക്കുനിയിലെ അഗ്രോ ഇന്‍ഡസ്ട്രീസ് ഓഫിസിനു സമീപത്തായി 2008ലാണ് കേന്ദ്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
എട്ടുലക്ഷം രൂപ മുടക്കിയാണ് പ്രൊസസിങ് യൂനിറ്റും ഗോഡൗണും നിര്‍മിച്ചത്. 2010ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍, 300 കിലോഗ്രാം വെള്ളക്കുരുമുളക് മാത്രമേ ഇവിടെ ഉല്‍പാദിപ്പിച്ചുള്ളൂ. ഉദ്ഘാടന ശേഷം മാസങ്ങള്‍ക്കകം തന്നെ കേന്ദ്രത്തിന് താഴുവീണു. കുരുമുളകിന്റെ ലഭ്യത കുറഞ്ഞതാണ് കേന്ദ്രം പൂട്ടാനിടയാക്കിയതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
മൂന്നു കിലോഗ്രാം കുരുമുളക് സംസ്‌കരിച്ചാല്‍ മാത്രമേ ഒരുകിലോഗ്രാം വെള്ളക്കുരുമുളക് ലഭിക്കുകയുള്ളൂ. വെള്ളക്കുരുമുളകിന് 1,000 രൂപയ്ക്ക് മുകളിലാണ് വില. ഇപ്പോഴത്തെ കുരുമുളക് വിലവച്ച് കറുത്ത കുരുമുളക് വാങ്ങി സംസ്‌കരിച്ച് വെള്ളക്കുരുമുളക് ഉല്‍പാദിപ്പിക്കുക എന്നതു വന്‍ നഷ്ടമായിരിക്കുമെന്നാണ് അധികൃതരുടെ വാദം. സംസ്‌കരണ യൂനിറ്റിലുള്ള പ്രത്യേക ബാക്ടീരിയ ഉപയോഗിച്ചാണ് വെള്ളക്കുരുമുളക് ഉല്‍പാദിപ്പിക്കുന്നത്.
കുരുമുളകിന്റെ തൊലിതിന്നാണ് ഇവ ജീവിക്കുന്നത്. സ്ഥിരമായി വെള്ളക്കുരുമുളക് ഉല്‍പാദിപ്പിച്ചാല്‍ മാത്രമേ ഇവയ്ക്ക് നിലനില്‍ക്കാനും കഴിയൂ. കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അടച്ചുപൂട്ടിയതിനാല്‍ ബാക്ടീരിയകള്‍ പൂര്‍ണമായി നശിച്ചു.
ഇതിനു പുറമെ സംസ്‌കരണ കേന്ദ്രത്തിലേക്ക് ആവശ്യമായ ജീവനക്കാരെയും നിയമിച്ചിരുന്നില്ല. പ്രൊസസിങ് യൂനിറ്റ് കെട്ടിടവും ഗോഡൗണും കാര്‍ഷികോപകരണങ്ങള്‍ സ്‌റ്റോക്ക് ചെയ്യാനുള്ള സ്ഥലമായി മാറി. ജില്ലയില്‍ പൊതു മേഖലയിലെ ഏക വെള്ളക്കുരുമുളക് ഉല്‍പാദനകേന്ദ്രമാണ് അധികൃതരുടെ അനാസ്ഥയില്‍ അവഗണന നേരിടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക