|    Sep 23 Sat, 2017 6:28 pm
FLASH NEWS
Home   >  National   >  

വെള്ളം വിട്ട് നല്‍കുന്നതിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം; കാവേരി തര്‍ക്കം സംഘര്‍ഷത്തിലേക്ക്

Published : 6th September 2016 | Posted By: mi.ptk

karnataka

ബംഗളൂരു: കാവേരി നദിയിലെ ജലം തമിഴ്‌നാടിന് നല്‍കാനുള്ള സുപ്രീം കോടതി വിധി വ്യാപക പ്രതിഷേധത്തിലേക്ക്. നദിയിലെ ജലം തമിഴ്‌നാടുമായി പങ്കുവക്കണമെന്ന കോടതി വിധിയില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ പ്രതിഷേധക്കാര്‍ ദേശീയ പാത ഉപരോധിച്ചു. ഒരു ബസ് കത്തിക്കുകയും മറ്റ് നിരവധി വാഹനങ്ങള്‍ തടയുകയും ചെയ്തു. ടയര്‍ കത്തിച്ചും വാഹനങ്ങള്‍ തടഞ്ഞുമാണ് പ്രതിഷേധക്കാര്‍ യാത്രാതടസം സൃഷ്ടിക്കുന്നത്. മാണ്ഡ്യയില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ബന്ദ് ആചരിക്കുകയാണ്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ സ്‌കൂളുകളും കോളേജുകളും തുറന്ന് പ്രവര്‍ത്തിച്ചില്ല. കര്‍ണാകടയ്ക്കും തമിഴ്‌നാടിനുമിടയിലുള്ള വാഹന ഗതാഗതം റദ്ദാക്കിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ മുന്നില്‍ കണ്ട് ബംഗളൂരുവില്‍ നിന്നും മൈസുരില്‍ നിന്നും തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമുള്ള 700ഓളം ബസ് സര്‍വീസുകള്‍ കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കി. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയിലേക്കുള്ള ട്രക്കുകളും അതിര്‍ത്തിയില്‍ വച്ച് തടയുന്നുണ്ട്. സംസ്ഥാനത്ത് വരള്‍ച്ച തുടരുന്നതിനാല്‍ കാവേരി നദിയിലെ ജലം വിട്ട് നല്‍കരുതെന്നുള്ളതാണ് പ്രതിഷേധക്കാരുടെ ആവശ്യം. തങ്ങള്‍ക്ക് അനുകൂലമായ ഒരു നടപടിയും കര്‍ണാടക സര്‍ക്കാര്‍ എടുക്കാത്തതിനാലാണ് കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
അതേസമയം, ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കാവേരി നദീജലം പങ്കുവക്കുന്നതില്‍ ആശങ്കയുണ്ടെങ്കിലും കോടതി വിധി നടപ്പാക്കേണ്ടിവരുമെന്നും ബംഗളൂരുവില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,കുടിക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥയില്‍ കാവേരി നദിയിലെ വെള്ളം പങ്കുവക്കുന്നകാര്യം നടക്കില്ലെന്ന് മുന്‍ കര്‍ണാകട മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ പറഞ്ഞു.കാവേരി നദിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി ഒരു വിദഗ്ദ സമിതിയെ വക്കണമെന്ന് യദ്യൂരപ്പ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കാവേരി നദിജലം തമിഴ്‌നാടിന് വിട്ട് നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചത്. പത്ത് ദിവസത്തേക്ക് 15,000 ഘനയടി വീതം വെള്ളം വിട്ട് നല്‍കണമെന്നാണ് കോടതി വിധിച്ചിട്ടുള്ളത്. എന്നാല്‍ കൂടുതല്‍ വെള്ളം വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. വെള്ളം വിട്ട് നല്‍കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കോടതി കര്‍ണാടകയോട് നിര്‍ദേശിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക