|    Dec 13 Thu, 2018 6:36 pm
FLASH NEWS
Home   >  Editpage  >  Editorial  >  

വെള്ളം കലങ്ങിക്കഴിഞ്ഞു; ഇനിയെന്തു വഴി?

Published : 21st November 2018 | Posted By: kasim kzm

ശബരിമലയില്‍ പെണ്ണുങ്ങള്‍ കയറുന്നതൊന്നുമല്ല പ്രശ്‌നം; മറിച്ച്, അതു കമ്മ്യൂണിസ്റ്റുകള്‍ക്കെതിരായുള്ള പോരാട്ടമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള തുറന്നുപറഞ്ഞിരിക്കുന്നു. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നിയോജകമണ്ഡലങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ സന്നിധാനത്ത് എത്തണമെന്ന ബിജെപി സംസ്ഥാന സെക്രട്ടറിയുടെ സര്‍ക്കുലറും പുറത്തുവന്നു. ഇനി സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ബിജെപി നേതാക്കളും മന്ത്രിമാരുമൊക്കെ മലകയറാനെത്തും. വരുന്നത് ഇരുമുടിക്കെട്ടേന്തിയും ശരണം വിളിച്ചും കറുപ്പുടുത്തുമൊക്കെ ആണെങ്കിലും മല ചവിട്ടുന്നവരുടെ ഉള്ളിലുള്ളത് ഭക്തിയല്ല, രാഷ്ട്രീയലക്ഷ്യങ്ങളാണെന്നു വ്യക്തം. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടി ഒരു ആരാധനാസ്ഥലത്തെ ഉപയോഗപ്പെടുത്തി കേരളത്തിലെ സമാധാനാന്തരീക്ഷം കലുഷിതമാക്കാനുള്ള സംഘപരിവാര അജണ്ടയാണ് പുറത്തുവന്നിട്ടുള്ളത്. അതുവഴി കേരളത്തില്‍ കാലുറപ്പിക്കാമെന്നു ബിജെപി കരുതുന്നു.
സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിയുടേതും എരിതീയില്‍ എണ്ണയൊഴിക്കുന്ന നയമാണ്. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി പുറത്തുവന്ന നിമിഷം തുടങ്ങി ഗവണ്‍മെന്റിന്റെ സാമൂഹികവിപ്ലവ സംരംഭങ്ങള്‍. പുതിയകാലത്തെ ‘നവോത്ഥാന നായകനാ’വാനായിരുന്നു പിണറായി വിജയന്റെ ഒരുമ്പെട്ടിറങ്ങല്‍. എന്നാല്‍, എല്ലാ അര്‍ഥത്തിലും മിത്തും യാഥാര്‍ഥ്യവും ഭാവനയും കൂടിക്കുഴഞ്ഞുകിടക്കുന്ന ശബരിമലയിലെ ആരാധനാക്രമങ്ങളില്‍ അന്തര്‍ഭവിച്ചിട്ടുള്ള സവിശേഷതകളും അവ കേരളത്തിലെ ഹിന്ദുമത വിശ്വാസികളില്‍ സൃഷ്ടിച്ചിട്ടുള്ള അനുഷ്ഠാന സങ്കല്‍പങ്ങളുടെ സ്വഭാവവുമൊന്നും കണക്കിലെടുക്കാതെയായിരുന്നു രണ്ടാം ‘ക്ഷേത്രപ്രവേശന വിളംബര’വുമായി സിപിഎം നേതാക്കളുടെ പുറപ്പാട്. അണികളില്‍ ആശയക്കുഴപ്പമുളവാക്കാനും സംഘപരിവാരത്തിന് ഹിന്ദുജനസാമാന്യത്തിനിടയില്‍ കടന്നുകയറാനുമാണത് സഹായകമായത്. പോലിസിന്റെ തന്ത്രങ്ങള്‍ പലപ്പോഴും പാളിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. സാവകാശ ഹരജി നല്‍കാനും സര്‍വകക്ഷി യോഗം വിളിക്കാനും മറ്റും ദേവസ്വം ബോര്‍ഡും ഗവണ്‍മെന്റും നിര്‍ബന്ധിതമാവുകയായിരുന്നു ഒടുവില്‍. ശബരിമല കയറ്റത്തെ ഹിന്ദുമതവിശ്വാസികള്‍ എപ്രകാരമാണ് സമീപിക്കുന്നതെന്നും അത് കേരളത്തിന്റെ സാമൂഹികജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നും കണക്കിലെടുത്ത് സുപ്രിംകോടതി വിധി വന്ന ദിവസം തന്നെ സര്‍വകക്ഷി യോഗം വിളിച്ചാല്‍ എന്തായിരുന്നു കുഴപ്പം? ബിജെപി പോലും വിധിയെ സ്വാഗതം ചെയ്ത സാഹചര്യത്തില്‍ സമൂഹത്തിന്റെ പൊതുസമ്മതത്തോടെ ഒരു തീരുമാനമെടുക്കാമായിരുന്നു അപ്പോള്‍. അതുണ്ടായില്ല. ആവശ്യമില്ലാതെ രാഷ്ട്രീയം കളിക്കാനും മതവിശ്വാസികളുടെ വികാരങ്ങള്‍ ഇളക്കിവിടാനുമാണ് സര്‍ക്കാര്‍, വിശേഷിച്ചും സിപിഎം, ശ്രമിച്ചത്.
ഇപ്പോള്‍ വെള്ളം കലങ്ങിക്കഴിഞ്ഞു. തീവ്ര ഹിന്ദുത്വവികാരം ഇളക്കിവിടുകയാണ് സംഘപരിവാരം. നവോത്ഥാനമൂല്യങ്ങളെന്നും മറ്റും പറഞ്ഞ് അതിനെ പ്രതിരോധിക്കേണ്ട നിസ്സഹായതയിലാണ് ഇടതുരാഷ്ട്രീയം. ഇതു കേരളത്തിന്റെ സാമുദായികാന്തരീക്ഷത്തിന്റെ സമതുലനം തെറ്റിക്കുമെന്നു തീര്‍ച്ച. അതില്‍ നിന്നു മുതലെടുക്കുന്നത് വര്‍ഗീയശക്തികളായിരിക്കും. ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന വിളിയും നാമജപവും മറ്റും ഹിംസയുടെ വാഗ്‌ധോരണിയാവുന്നത് അവസാനിച്ചേ മതിയാവുകയുള്ളൂ. അതിനെന്തു വഴി?

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss