|    Nov 19 Mon, 2018 2:47 am
FLASH NEWS

വെള്ളം ഉള്‍വലിഞ്ഞ കിണര്‍ വിദഗ്ധ സംഘം പരിശോധിച്ചു

Published : 19th August 2018 | Posted By: kasim kzm

കോഴിക്കോട്: വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കി വെള്ളം പൂര്‍ണമായും ഉള്‍വലിഞ്ഞ വീട്ടുമുറ്റത്തെ കിണര്‍ വിദഗ്ധ സംഘം പരിശോധിച്ചു. പരപ്പന്‍പൊയില്‍ തിരുളാംകുന്നുമ്മല്‍ അബ്ദുല്‍ റസാക്കിന്റെ കിണറാണ് കുന്നമംഗലം സിഡബ്ല്യുആര്‍ഡിഎമ്മിലെ സയന്റിസ്റ്റുകളായ ഡോ. ഇ അബ്ദുല്‍ഹമീദ്, ഡോ. പി ആര്‍ അരുണ്‍ എന്നിവര്‍ പരിശോധിച്ചത്്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഒരു തുള്ളി വെള്ളം പോലും അവശേഷിപ്പിക്കാതെ കിണര്‍ പൂര്‍ണമായും ഉള്‍വലിഞ്ഞത്. ശനിയാഴ്ച പകല്‍ 11 ഓടെയാണ് വിദഗ്ധ സംഘം പരിശോധനക്കെത്തിയത്. ഉപ്പുപാറയുള്ള കിണറിലെ വിള്ളല്‍ വലുതായാലും നേരത്തെ ഉണ്ടായിരുന്ന വിള്ളലിലുണ്ടായിരുന്ന തടസം മാറിയാലും ഇത്തരത്തില്‍ വെള്ളം വലിഞ്ഞു പോകാറുണ്ടെന്ന് ഡോ. പി ആര്‍ അരുണ്‍ പറഞ്ഞു. മണ്ണിടിഞ്ഞ് വീണാവാം ഉറവ നിലച്ചത്.
ഈ മണ്ണ് നീക്കിയാല്‍ ഉറവ വീണ്ടും വരാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് വെള്ളം അധികമാകുമ്പോള്‍ വെള്ളത്തിന്റെ അതിമര്‍ദ്ദം കാരണം ഇങ്ങനെ പലയിടങ്ങളിലും സംഭവിക്കാറുണ്ടെന്നും സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അരുണ്‍ പറഞ്ഞു. ഈ കിണറിന്റെ തൊട്ടടുത്തുള്ള കിണറിലെ ജലവിതാനം കുറഞ്ഞതായും പരിശോധക സംഘം കണ്ടെത്തി. താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖും പരിശോധക സംഘത്തിനൊപ്പമുണ്ടായിരുന്നു.
നിര്‍ത്താതെ പെയ്യുന്ന മഴയില്‍ എല്ലായിടങ്ങളിലുമുള്ള ജല സ്രോതസുകള്‍ നിറഞ്ഞു കവിയുന്നതിനിടയില്‍ കിണര്‍ വെള്ളം ഉള്‍വലിഞ്ഞതിന്റെ കാരണമറിയതെ ആശങ്കയിലായിരുന്നു വീട്ടുകാര്‍. വേനല്‍ക്കാലത്തും വെള്ളം ഉണ്ടാകുമായിരുന്ന കിണറാണിതെന്ന്് വീട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച താമരശേരി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് ചെയ്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss