|    Dec 19 Wed, 2018 2:32 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വെള്ളം ഇറങ്ങി; ദുരന്തനിവാരണം ശ്രമകരം

Published : 22nd August 2018 | Posted By: kasim kzm

എച്ച് സുധീര്‍

പത്തനംതിട്ട: പ്രളയബാധിത മേഖലയില്‍ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശ്രമകരമായി. ജനവാസകേന്ദ്രങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടി. പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്നതും വെല്ലുവിളിയാവുന്നു. പ്രളയം താണ്ഡവമാടിയ പത്തനംതിട്ടയില്‍ 524 ദുരിതാശ്വാസ ക്യാംപുകളിലായി 34, 708 കുടുംബങ്ങളിലെ 1,30,868 പേരാണു കഴിയുന്നത്. അതിനിടെ, കഴിഞ്ഞദിവസം പന്തളം മുട്ടാര്‍ പാലത്തിന് സമീപം വെള്ളക്കെട്ടില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുളനട ഷൈനി ഭവനില്‍ ജോര്‍ജിന്റെ മകന്‍ അശ്വിന്‍ ജോണി (24)ന്റെ മൃതദേഹമാണ് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ മുട്ടാര്‍ പാലത്തടം എംഎസ്എം ഷുഗര്‍മില്ലിന് സമീപത്തെ തോട്ടില്‍ നിന്നു കണ്ടെത്തിയത്. ഇതോടെ പ്രളയത്തില്‍ ജില്ലയിലെ മരണസംഖ്യ 24 കഴിഞ്ഞു.ബലിപെരുന്നാളും ഓണവും ഒന്നിച്ചെത്തിയതോടെ ദുരിതബാധിത മേഖലയിലെ ജനങ്ങള്‍ ഭക്ഷണത്തിനും വസ്ത്രത്തിനും നന്നേ ബുദ്ധിമുട്ടുന്നുണ്ട്. നഗര ഭാഗങ്ങളിലും പ്രധാനപാതകളുടെ വശങ്ങളിലും ദുരിതബാധിതര്‍ക്കു വന്‍തോതി ല്‍ സഹായമെത്തുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലയില്‍ ഗതാഗതമാര്‍ഗം കുറവായ പ്രദേശങ്ങളിലേക്ക് അധികം സഹായമെത്തുന്നില്ല. ജില്ലയുടെ പല ഭാഗങ്ങളിലും സര്‍ക്കാര്‍ സഹായങ്ങള്‍ വ്യാപകമായി അനര്‍ഹരുടെ കൈകളിലേക്കു പോവുന്നതായും ആക്ഷേപമുണ്ട്. സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാവുന്നതെന്നാണു പരാതി. ജില്ലയില്‍ ജോലി തേടിയെത്തിയ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളുടെ സ്ഥിതിയും പരിതാപകരമാണ്. പന്തളം നഗരത്തിലെ ചില സര്‍ക്കാര്‍ ക്യാംപുകളില്‍ ഭക്ഷണം തേടിയെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ ഭരണാനുകൂല സംഘടനയിലെ പ്രവര്‍ത്തകര്‍ ആട്ടിയോടിച്ചതായും പരാതിയുണ്ട്. അതേസമയം, പമ്പാനദിയിലെയും അച്ചന്‍കോവിലാറിലെയും ഒഴുക്കും ജലവിതാനവും പൂര്‍ണമായും കുറഞ്ഞിട്ടില്ലെന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഇപ്പോഴും നിരവധി കുടുംബങ്ങള്‍ ക്യാംപുകളിലേക്ക് പോവാതെ നദിയുടെ തീരപ്രദേശങ്ങളിലുള്ള വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുകയാണ്. പമ്പയിലെ നിലവിലെ പാലങ്ങള്‍ തകര്‍ന്നതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് പമ്പാനദി കടന്നുപോവാന്‍ അടിയന്തരമായി താല്‍ക്കാലിക പാലം നിര്‍മിക്കണമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss