|    Jun 25 Mon, 2018 6:47 pm
FLASH NEWS
Home   >  Editpage  >  Editorial  >  

വെളിയില്‍ വരുന്നത് കോണ്‍ഗ്രസ്സിന്റെ തനിനിറം

Published : 5th August 2017 | Posted By: fsq

 

രോഗാതുരയായ ഉമ്മയെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമായി അബ്ദുന്നാസിര്‍ മഅ്ദനി കേരളത്തിലേക്ക് യാത്ര ചെയ്യുന്നതു തടയാന്‍ കര്‍ണാടക സര്‍ക്കാര്‍ കണ്ടെത്തിയ ഹീനപദ്ധതി സുപ്രിംകോടതിയുടെ കടുത്ത വിമര്‍ശനമാണു വിളിച്ചുവരുത്തിയിരിക്കുന്നത്. കര്‍ണാടക ജയിലില്‍ വര്‍ഷങ്ങളായി വിചാരണത്തടവുകാരനായി കഴിഞ്ഞുകൂടുന്ന മഅ്ദനി യാത്രാച്ചെലവിനായി 14 ലക്ഷം നല്‍കണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മഅ്ദനിയുടെ നേരെ കടുത്ത മനുഷ്യാവകാശ ലംഘനമാണു നടക്കുന്നതെന്നു കണ്ടെത്തിയ സുപ്രിംകോടതി ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചത് ആശ്വാസപ്രദമാണ്. മഅ്ദനിയുടെ യാത്ര തടയാന്‍ കര്‍ണാടക പോലിസും അധികൃതരും പലതരത്തിലുള്ള തടസ്സവാദങ്ങള്‍ ഉന്നയിച്ചിരുന്നു. സുപ്രിംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് കേരളത്തിലേക്കു യാത്രചെയ്യാനുള്ള അനുമതി ലഭ്യമായതുതന്നെ. എന്തുകൊണ്ടാണ് വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന, രോഗിയും അംഗപരിമിതനുമായ ഒരു മനുഷ്യനെ സ്വന്തം കുടുംബത്തെ ഒരു നോക്ക് കാണുന്നതില്‍നിന്നുപോലും തടയാന്‍ കര്‍ണാടക ഭരണകൂടം ശ്രമിക്കുന്നത് എന്ന ചോദ്യം ഇവിടെ ഉന്നയിക്കപ്പെടേണ്ടതാണ്. മഅ്ദനിയുടെ യാത്ര ഒരുവിധത്തിലുള്ള സുരക്ഷാപ്രശ്‌നങ്ങളും കര്‍ണാടകയ്‌ക്കോ അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ കേരളത്തിനോ ഉയര്‍ത്തുന്നില്ല. എന്നു മാത്രമല്ല, മഅ്ദനിക്ക് ആവശ്യമായ സുരക്ഷ കേരളത്തില്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേരള മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനെതിരായി കര്‍ണാടക കെട്ടിച്ചമച്ച കേസ് വിചാരണ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതിനാല്‍ ഈ യാത്ര ഒരുവിധത്തിലും ആരുടെയും താല്‍പര്യങ്ങളെ ഹനിക്കുന്നതല്ല. എന്നിട്ടും യാത്ര തടയാന്‍ തങ്ങളുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്തുപയോഗിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍ ചെയ്തത്. സംഘപരിവാര ഭരണകൂടത്തെ ആ നാട്ടിലെ ജനങ്ങള്‍ പിഴുതെറിഞ്ഞെങ്കിലും ഇപ്പോഴും അവരുടെ വര്‍ഗീയതയും ന്യൂനപക്ഷ വിരോധവും തന്നെയാണ് ആ നാട്ടിലെ ഭരണാധികാരികളെ നയിക്കുന്നത് എന്നു തീര്‍ച്ച. കര്‍ണാടകയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ലെന്നും മഅ്ദനിയുടെ യാത്ര തടയാന്‍ കരുക്കള്‍ നീക്കിയത് ബംഗളൂരു സിറ്റി പോലിസ് കമ്മീഷണറാണെന്നും കേരളത്തിലെ കോണ്‍ഗ്രസ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുന്നു. എന്നാല്‍, ഇത്തരം തൊടുന്യായങ്ങള്‍ ആരും വിശ്വസിക്കാന്‍ പോവുന്നില്ല. സംഘപരിവാര രാഷ്ട്രീയം കൊണ്ടുനടക്കുന്നത് ബിജെപി മാത്രമല്ലെന്നും കോണ്‍ഗ്രസ്സിലും മറ്റു കക്ഷികളിലും അത്തരം മനോഭാവക്കാര്‍ക്ക് ഒരു ക്ഷാമവുമില്ലെന്നും ഈ നാട്ടിലെ ഏതു കൊച്ചുകുട്ടിക്കും അറിയാം. ചെന്നിത്തല എന്തുകൊണ്ടാണ് ഇപ്പോള്‍ ഇത്തരം അഭ്യാസങ്ങളുമായി ഇറങ്ങിയിരിക്കുന്നത് എന്നും നാട്ടുകാര്‍ക്കറിയാം. പക്ഷേ, വര്‍ഗീയതയും ന്യൂനപക്ഷ വിരോധവും കോണ്‍ഗ്രസ്സിനെ അതിന്റെ നാശത്തിലേക്കു മാത്രമേ നയിക്കുകയുള്ളൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss