|    Oct 19 Fri, 2018 7:51 am
FLASH NEWS

വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് യാഥാര്‍ഥ്യമാക്കാന്‍ നടപടി

Published : 7th August 2016 | Posted By: SMR

പൊന്നാനി: തറക്കല്ലിട്ട് മുപ്പത് വര്‍ഷമായി. ഇനിയും വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് യാഥാര്‍ഥ്യമായിട്ടില്ല. ഇത്തവണ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉറപ്പ് നല്‍കിയതോടെ നാട്ടുകാര്‍ ആഹ്ലാദത്തിലാണ്. സാമ്പത്തിക ബാധ്യതകളുണ്ടെങ്കിലും എസ്റ്റിമേറ്റ് പുതുക്കി സമര്‍പ്പിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.
ബിയ്യം കായലിലെ വെളിയങ്കോട് പൂക്കൈതയില്‍ നിന്ന് തുടങ്ങി തൃശൂര്‍ ജില്ലയിലെ ചേറ്റുവ വരെയുള്ള കനോലി കനാലിന്റെ കരകളിലെ കൃഷി – കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമായിട്ടാണ് ലോക്ക്  കം  ബ്രിഡ്ജ്  നിര്‍ദേശിക്കപ്പെട്ടത്. ചമ്രവട്ടം പദ്ധതിക്ക് തറക്കല്ലിട്ട 1984 ഫെബ്രുവരി 17ന് തന്നെയാണ് ഇതിനും തറക്കല്ലിട്ടത്. റഗുലേറ്റര്‍ കം ബ്രിഡ്ജ് എന്ന നിലക്കാണ് പദ്ധതിക്ക് തുടക്കം. പൊന്നാനി എംഎല്‍എ ആയിരുന്ന എം പി ഗംഗാധരന്റെ അധ്യക്ഷതയില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ തറക്കല്ലിട്ട ഈ പദ്ധതിക്ക് സ്ഥലമേറ്റെടുത്തു എന്നതൊഴിച്ച് പിന്നീട് യാതൊരു പ്രവര്‍ത്തനവുമുണ്ടായില്ല.
2000ത്തില്‍ അന്നത്തെ എംഎല്‍എ ആയിരുന്ന പാലോളി മുഹമ്മദ് കുട്ടി താല്‍പര്യമെടുത്ത് 1.92 കോടി രൂപ ചെലവ് കണക്കാക്കി വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് എന്ന പേര് മാറ്റി പദ്ധതി പുനരാരംഭിച്ചു. അന്നത്തെ ജലവകുപ്പ് മന്ത്രി വി പി രാമകൃഷ്ണപിള്ള പദ്ധതിക്ക് വീണ്ടും തറക്കല്ലിട്ടു. മലപ്പുറത്തുള്ള ഒരു കരാറുകാരന്‍ പദ്ധതി ഏറ്റെടുക്കുകയും നിര്‍മാണം തുടങ്ങുകയും ചെയ്തു. എന്നാല്‍, ഇടയ് ക്ക് വച്ച് ഇതും നിലച്ചു. 2003ല്‍ എസ്റ്റിമേറ്റ് പുതുക്കി നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. 2011ല്‍ നബാര്‍ഡ് 6 കോടി രൂപ അനുവദിച്ചെങ്കിലും ഈ തുകക്ക് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്ലാനും അടങ്കലും ഇല്ലാത്തതിനാല്‍ തുടങ്ങാനായില്ല.
2012 മെയ് 17ന് ചമ്രവട്ടം പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ് എന്നിവരെ വെളിയംകോട് വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് ആക്ഷന്‍ കൗണ്‍സില്‍  ഭാരവാഹികള്‍  കാര്യങ്ങള്‍ ധരിപ്പിച്ചു.
തുടര്‍ന്ന് തിരുവനന്തപുരം ഐഡിആര്‍ബിയില്‍ നിന്ന് പദ്ധതി തയ്യാറാക്കുകയും ഇതിനെ അടിസ്ഥാനമാക്കി ജലസേചന വകുപ്പ് അടങ്കല്‍ തയ്യാറാക്കുകയും ചെയ്തു. 2014 ലും 2015 ലും 21 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അടങ്കല്‍ സമര്‍പ്പിച്ചെങ്കിലും കാത്തിരിപ്പ് നീളാനായിരുന്നു വിധി. 2013ല്‍ ഐഡിആര്‍ബി തയ്യാറാക്കിയ പദ്ധതിയില്‍ മാറ്റം വരുത്താതെ 2016ലും അടങ്കല്‍ പുതുക്കി നല്‍കാനാണ് തീരുമാനം. ജലസേചന വകുപ്പ് പദ്ധതിക്ക് പണമനുവദിക്കുന്നതിനായി നബാര്‍ഡില്‍ സമ്മര്‍ദം ചെലുത്താന്‍ മാറി മാറി വരുന്ന ജനപ്രതിനിധികള്‍ക്കോ സര്‍ക്കാറിനോ കഴിഞ്ഞില്ല.
1937ലാണ് ബ്രിട്ടീഷുകാര്‍ ഇവിടെ ചീര്‍പ്പുകള്‍ നിര്‍മിച്ചത്. കനോലി കനാലിലെ വെള്ളം വേലിയേറ്റ വേലിയിറക്കത്തിനനുസൃതമായി ചീര്‍പ്പിലെ ഷട്ടര്‍ താഴ്ത്തിയും ഉയര്‍ത്തിയും നിര്‍ത്തി കനാലില്‍ ഉപ്പ് വെള്ളം കയറാതെ സംരക്ഷിക്കുന്നതിനായിരുന്നു ഇത്. ഇതിനായി രണ്ട് ജീവനക്കാരനെയും നിയമിച്ചിരുന്നു. 1970- 75 കാലഘട്ടത്തില്‍ കാലപ്പഴക്കത്തെ തുടര്‍ന്ന് ഷട്ടറിന്റെ പ്രവര്‍ത്തനം നിലച്ചു.
ഇതോടെ കനാലില്‍ ഉപ്പ് വെള്ളം കയറി കൃഷി നശിക്കുകയും കുടിവെള്ളം മുട്ടുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് 1984 ല്‍ വെളിയങ്കോട് റഗുലേറ്റര്‍ കം ബ്രിഡ്ജ് ആയും 2000 ത്തില്‍ വെളിയങ്കോട് ലോക് കം ബ്രിഡ്ജ് ആയും പദ്ധതി തുടങ്ങിയത്.
നിരവധി തവണ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ സമരങ്ങള്‍ നടത്തി. പുതിയ സാഹചര്യത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ സമരങ്ങള്‍ നടത്തി. പുതിയ സാഹചര്യത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സ്പീക്കര്‍ മുന്‍കൈയെടുത്ത് നടപടികള്‍ ആരംഭിച്ചതോടെ വലിയ പ്രതീക്ഷയിലാണ് നാട്ടുകാര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss