|    Dec 11 Tue, 2018 7:43 pm
FLASH NEWS
Home   >  Editpage  >  Editorial  >  

വെളിപ്പെടുത്തലുകളില്‍ നിന്ന് പഠിക്കേണ്ടതെന്ത്?

Published : 5th December 2018 | Posted By: kasim kzm

ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് തീര്‍ത്തും പരസ്പരവിരുദ്ധമായ രണ്ടു നിലപാടുകളാണ് നിലനില്‍ക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ കീഴില്‍ രാജ്യം അസൂയാര്‍ഹമായ പുരോഗതി കൈവരിച്ചുവെന്ന് വിശ്വസിക്കുന്നവരുണ്ട്. അങ്ങനെയല്ല, ഭരണവും പൊതുജീവിതവും സാമൂഹികഘടനയും ആകപ്പാടെ താറുമാറായി എന്നു കരുതുന്ന മറ്റൊരു കൂട്ടരുമുണ്ട്. ഈ സന്ദര്‍ഭത്തില്‍ വളരെ ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ടവയാണ് ഔദ്യോഗിക പദവികളില്‍ നിന്നു വിരമിച്ച ചില ഉന്നത വ്യക്തികളുടെ പരാമര്‍ശങ്ങള്‍. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന ഒ പി റാവത്ത്, സുപ്രിംകോടതി ജഡ്ജിസ്ഥാനത്തു നിന്നു വിരമിച്ച കുര്യന്‍ ജോസഫ് എന്നിവര്‍ പറയുന്നത് മുഖവിലയ്‌ക്കെടുക്കാമെങ്കില്‍ മോദിപ്രഭാവമെന്നത് ഒരു വെളുത്ത നുണയാണ്.
നരേന്ദ്രമോദി കൊട്ടിഘോഷത്തോടെ കൊണ്ടുപിടിച്ചു നടത്തിയ നടപടിയാണ് നോട്ട്‌നിരോധനം. ഈ നടപടി കള്ളപ്പണം തടയുന്നതിനെ ഒരുനിലയിലും സഹായിച്ചിട്ടില്ലെന്നാണ് ഒ പി റാവത്തിന്റെ അഭിപ്രായം. നോട്ട് നിരോധനത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കാണ് റാവത്തിന്റെ പക്കലുള്ള തെളിവ്. വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അരുണ്‍ ഷൂരിയും ഈ വാദം തന്നെയാണ് ഉയര്‍ത്തുന്നത്. ‘നോട്ട് പിന്‍വലിക്കലും ജിഎസ്ടിയും സൈന്യത്തിന്റെ മിന്നലാക്രമണവും’ മോദിസര്‍ക്കാരിന്റെ ശേഷിയില്ലായ്മയുടെ അടയാളങ്ങളാണെന്നാണ് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. ഓരോ ദിവസവും നുണ പറയുന്ന ഒരു സര്‍ക്കാര്‍ ചരിത്രത്തില്‍ വേറെയുണ്ടോ എന്നദ്ദേഹം ചോദിക്കുന്നു. ജസ്റ്റിസ് കുര്യന്‍ ജോസഫ് കുറച്ചുകൂടി മുന്നോട്ടുകടന്ന് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെ തന്നെ നിശിതമായി വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തില്‍ മിശ്ര സമ്മര്‍ദത്തിനു വിധേയനായി. കേന്ദ്രസര്‍ക്കാരായിരുന്നു അദ്ദേഹത്തിന്റെ റിമോട്ട് കണ്‍ട്രോള്‍. പരമോന്നത നീതിപീഠം പോലും നിഷ്പക്ഷമായല്ല പ്രവര്‍ത്തിച്ചതെന്നാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് നല്‍കിയ സൂചന. സിബിഐ കേന്ദ്രസര്‍ക്കാരിന്റെയും നരേന്ദ്രമോദി-അമിത് ഷാ ദ്വന്ദ്വത്തിന്റെയും തിരുവുള്ളങ്ങള്‍ നടപ്പാക്കുകയായിരുന്നുവെന്ന് പില്‍ക്കാലത്തുണ്ടായ സംഭവങ്ങള്‍ തെളിയിച്ചു. റിസര്‍വ് ബാങ്കിനെ കേന്ദ്രസര്‍ക്കാരിന്റെ വരുതിക്കു നിര്‍ത്താനുള്ള ശ്രമങ്ങള്‍ രഘുറാം രാജന്റെയും ഇപ്പോള്‍ ഉര്‍ജിത് പട്ടേലിന്റെയും ചെറുത്തുനില്‍പ്പുകള്‍ മൂലമാണ് ഫലപ്രദമാവാതെ പോയത്. ഭരണത്തിന്റെ പരമോന്നതതലങ്ങളിലെല്ലാം സ്ഥാപിതതാല്‍പര്യങ്ങള്‍ വാഴുന്നുവെന്നും ജനകീയാവശ്യങ്ങള്‍ പരിഗണിക്കപ്പെടാതെ പോവുന്നുവെന്നുമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ തെളിയിക്കുന്നത്. അമിതാധികാരമാണ് എല്ലാ രംഗത്തും പ്രയോഗിക്കപ്പെടുന്നത്. ഇതിനെ അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു മാത്രം വിശേഷിപ്പിച്ചാല്‍ പോരാ; രാജ്യം ചില പ്രത്യേക മത-സാമ്പത്തിക ശക്തികള്‍ക്ക് അടിപ്പെടുകയാണ് എന്നുതന്നെ പറയണം.
അയോധ്യയില്‍ ക്ഷേത്രം പണിയണോ ശബരിമല ക്ഷേത്രത്തില്‍ പെണ്ണുങ്ങള്‍ കയറണോ നവോത്ഥാനത്തിനു വേണ്ടി വനിതാ മതില്‍ പണിയണോ എന്നതൊന്നുമല്ല അടിസ്ഥാനപ്രശ്‌നം. ഇന്ത്യ ഒരു ജനാധിപത്യ-സ്വാശ്രയ രാജ്യമായി നിലനില്‍ക്കണോ എന്നതാണ്. അത് ആരോര്‍ക്കുന്നു?

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss