|    Nov 13 Tue, 2018 11:27 pm
FLASH NEWS

വെളളാപ്പളളിക്ക് പഠിക്കുന്ന പിളള

Published : 1st August 2016 | Posted By: Imthihan Abdulla

balakrishna-pillai
imthihan
‘തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്്‌ലിംകളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ. മുസ്്‌ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ? അങ്ങനെ വന്നാല്‍ കഴുത്തറക്കും. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യ•ാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല. വിശ്വാസത്തിനുവേണ്ടി കഴുത്തറക്കുകയാണിപ്പോള്‍’.
അങ്ങേയറ്റത്തെ വര്‍ഗീയ തിമിരം ബാധിച്ച ഈ പ്രസ്താവന സംഘ്പരിവാര്‍ ക്യാമ്പിലെ സ്ഥിരം വിഷം ചീറ്റികളായ സ്വാധി പ്രാച്ചിയുടേയോ അവരുടേ കേരള പതിപ്പ് ശശികല ടീച്ചറുടേതോ അതുപോലുളളവരുടേതോ അല്ല. കേരളത്തിന്റെ ‘മതേതര’ രാഷ്ട്രീയ മണ്ഡലത്തിലെ കാരണവരായ ആര്‍ ബാലകൃഷ്ണപ്പിളളയുടേതാണ് ഈ വാക്കുകള്‍.

യു ഡി എഫിന്റെ സ്ഥാപക നേതാക്കളിലൊരാളും ഇപ്പോള്‍ എല്‍ ഡി എഫിന്റെ ഭാഗവുമാണ് പിളള. പിളളയെപ്പോലുളള മുതിര്‍ന്ന ഒരു നേതാവ് ഈ വിധത്തില്‍ സംസാരിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം അജ്ഞനായിരിക്കാന്‍ ഇടയില്ല. ഇസ്്്‌ലാം മത വിശ്വാസികള്‍ ഏറ്റവും ബഹുമാനിക്കുന്ന ബാങ്കുവിളിയെ നായയുടെ കുരയോട് സംഘ്പരിവാര്‍ ക്യാമ്പിലുളളവര്‍ പോലും ഇതുവരെ ഉപയോഗിച്ചതായി കേട്ടിട്ടില്ല. ബാങ്കുവിളിയും ശംഖൊലിയും പളളിമേടകളിലെ മണിയടിയുമെല്ലാം വിവിധയിനം പുഷ്പങ്ങളുളള ഒരു പൂന്തോട്ടത്തിലെ വിവിധയിനം വണ്ടുകളുടേയും തേനീച്ചകളുടേയും മൂളലായി മാത്രമേ മതേതര കേരളം കണ്ടിട്ടുളളൂ. അതുകൊണ്ടു തന്നെ റമദാന്‍ മാസത്തിലെ പളളികളിലെ വഅളുകളും കര്‍ക്കട മാസത്തിലെ അമ്പലങ്ങളിലെ രാമായാണാലാപനവുമൊന്നും തന്നെ ഈ പൂന്തോട്ടത്തിലെ വസന്തോല്‍സവങ്ങള്‍ എന്നല്ലാതെ ഒരു ശല്യമായി കേരളീയര്‍ കണക്കാക്കാറില്ല.
ഉത്തരേന്ത്യയില്‍ നിന്നും വിഭിന്നമായി കേരളത്തില്‍ ഗണേഷോല്‍സവവും നബിദിനഘോഷയാത്രയും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കാത്തതും ഇക്കാരണത്താലാണ്. മന്ത്രി പദവിയോ എംഎല്‍എ സ്ഥാനം പോലുമോ ഇല്ലാതെ കീഴൂട്ട് തറവാട്ടിന്റെ ഗതകാല പ്രതാപങ്ങള്‍ അയവിറക്കി സമയം കഴിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ ബാലകൃഷ്ണപ്പിളള. ഇടതു വലതു മുന്നണികളിലൂടെ ഇനിയൊരു സ്ഥാനലബ്ധി സാധ്യമാകുമെന്ന പ്രതീക്ഷയുമില്ല. മകന്റെ സ്ഥാനമാനങ്ങളൊന്നും ഈ യയാതിയുടെ ആര്‍ത്തിയെ തൃപ്ത്തിപ്പെടുത്തില്ലെന്നത് പണ്ടേ തെളിഞ്ഞതുമാണ്. അതിനാല്‍ മോഹങ്ങളൊരുപാട് അവശേഷിക്കുന്ന പിളളയുടെ വൃദ്ധ ശരീരം ന്യൂനപക്ഷ ഭത്സനം വഴി വെളളാപ്പളളിക്ക് പഠിക്കാന്‍ ഒരുങ്ങുകയാണെന്നു തോന്നുന്നു. അല്ലെങ്കില്‍ പാളയം പളളിയിലെ ബാങ്കുവിളിയെപ്പോലെ ശ്രീ പദ്മനാഭ സ്വാമീക്ഷേത്രത്തിലെ സുപ്രഭാതവും വെങ്കിടേശ്വര കീര്‍ത്തനവും പിളളയുടെ ഉറക്കം കെടുത്തേണ്ടതായിരുന്നുവല്ലോ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss