|    Sep 22 Fri, 2017 6:34 am
Home   >  News now   >  

വെളളാനകളുടെ സ്വന്തം നാട്

Published : 9th August 2016 | Posted By: G.A.G

imthihan-SMALL
അങ്ങനെ വി എസ് അച്ചുതാനന്ദന് കാബിനറ്റ് റാങ്കോടു കൂടിയുളള ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ പദവി പതിച്ചു കിട്ടിയിരിക്കുന്നു. കമ്മീഷനെക്കൊണ്ട് പ്രത്യേകിച്ച് പ്രയോജനം വല്ലതും ഉണ്ടായാലും ഇല്ലെങ്കിലും ചുണ്ടിനും കപ്പിനുമിടയില്‍ വെച്ച് മുഖ്യമന്ത്രി പദം നഷ്ടപ്പെട്ട വി എസിനെ മാന്യമായി കുടിയിരുത്തിയെന്ന് സിപിഎമ്മുകാര്‍ക്ക് ആശ്വസിക്കാം. നാട്ടുകാര്‍ക്കോ?
നാട്ടുകാര്‍ക്ക് ഇതിലെന്തു കാര്യമെന്നു ചോദിക്കാന്‍ വരട്ടെ, കാര്യമുണ്ട്. സിപിഎമ്മിന്റെ ഒരാഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന ഖജനാവില്‍ നിന്നും മാസം തോറും ചിലവാകാന്‍ പോകുന്ന സംഖ്യയുടെ കണക്ക്  മനസ്സിലാക്കുമ്പോഴേ  കാര്യം മനസിലാകൂ. വിഎസ് അച്ചുതാനന്ദന് ഒരു സംസ്ഥാന മന്ത്രിക്ക് തുല്യമായ കാബിനറ്റ് പദവിയാണ് അനുവദിച്ചിരിക്കുന്നത്. അതായത് ഒരു മന്ത്രിക്കു ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍- ശബളത്തിനു പുറമേ ഔദ്യോഗിക വസതി, ഓഫീസ്, കാര്‍ എന്നിവയും ഇരുപത്തഞ്ചില്‍ കുറയാത്ത പേഴ്‌സണല്‍ സ്റ്റാഫിനെയും വിഎസിനു ലഭ്യമാകും. (രണ്ടു വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കുന്ന ഇത്തരം പേഴസണല്‍ അസിസ്റ്റന്റുമാര്‍ക്ക്  ആജീവനാന്ത പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കും. പണ്ട് നമ്മുടെ ശ്രീമതി ടീച്ചറെപ്പോലുളളവര്‍ സ്വന്തം മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടിയില്ലേ.) വിഎസിനെ കുടിയിരുത്താന്‍ വേണ്ടിയാണ് കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്നതെങ്കിലും വയസ്സുകാലത്ത് വി എസിനെക്കൊണ്ട് അമിതഭാരം ചുമപ്പിക്കുന്നതു ശരിയല്ലല്ലോ.അതുകൊണ്ട് രണ്ടംഗങ്ങളെക്കൂടി കമ്മീഷനിലേക്കു നാമനിര്‍ദ്ദേശം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു.
ആനത്തലവട്ടം ആനന്ദനെപ്പോലുളള വലിയ ഭരണനൈപുണ്യവും നിയമപരിജ്ഞാനവുമുളള പാര്‍ട്ടി സിംങ്കങ്ങളെ ആദ്യവട്ട ചര്‍ച്ചയില്‍ പരിഗണിച്ചിരുന്നുവെങ്കിലും ഭരണഘടനയെന്നു കേട്ടാല്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്നു തിരിയുന്നവരും സമിതിയില്‍ ആവശ്യമാണെന്നു വിശദമായ ചര്‍ച്ചയില്‍ ബോധ്യപ്പെട്ടതിനാല്‍ ആ ശ്രമം മുളയിലേ ഉപേക്ഷിച്ചു. അടുത്തൂണ്‍ പറ്റി വീട്ടിലിരിക്കുന്ന രണ്ടു മുന്‍ ചീഫ് സെക്രട്ടറിമാരെ പ്രസ്തുത പദവിയിലേക്ക് കണ്ടെത്തിയിട്ടുണ്ട്. ദോഷം പറയരുതല്ലോ, കമ്മീഷന്‍ ചെയര്‍മാനെ പരിഗണിച്ചതു പോലെത്തന്നെ മാന്യമായി അംഗങ്ങളെയും പിണറായി പരിഗണിച്ചിരിക്കുന്നു. അംഗങ്ങള്‍ക്കു ചീഫ് സെക്രട്ടറിയുടെ പദവിക്കു തുല്യമായ റാങ്കാണ് അനുവദിച്ചിരിക്കുന്നത്. അതായത് ഉദ്ദേശം പ്രതിമാസം ശമ്പള ഇനത്തില്‍ മാത്രം ഒന്നേകാല്‍ ലക്ഷം രൂപയും മറ്റു ടിഎ ഡിഎ ആനുകൂല്യങ്ങളും മാസം തോറും ഖജനാവില്‍ നിന്നും ചോരുമെന്നര്‍ത്ഥം.
കേരളത്തിലെ ആദ്യത്തെ ഭരണഘടനാ പരിഷ്‌കരണ കമ്മീഷനല്ല വിഎസിന്റേത്. വിഎസിന്റെ പാര്‍ട്ടി തന്നെ മുന്‍ കാലങ്ങളില്‍ അധികാരത്തിലിരുന്ന വേളകളില്‍ രണ്ടു തവണ  മുഖ്യമന്ത്രിമാരെ അധ്യക്ഷനാക്കി കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്. മുന്‍ ഐസി എസ് ഓഫീസറായിരുന്ന എം കെ വെളേളാടി ചെയര്‍മാനായി 1965 ല്‍ കമ്മീഷന്‍ രൂപീകരിക്കപ്പെട്ടപ്പോഴും കാബിനറ്റ് പദവിയോ അംഗങ്ങള്‍ക്ക് ചീഫ് സെക്രട്ടറി റാങ്കോ നല്‍കപ്പെട്ടിരുന്നില്ല. അതുകൊണ്ട് പ്രസ്തുത  കമ്മീഷനുകള്‍ക്കോ അവരുടെ ശുപാര്‍ശകള്‍ക്കോ എന്തെങ്കിലും കുഴപ്പമുണ്ടായതായി നാളിതുവരെയായി ആരും പറഞ്ഞു കേട്ടിട്ടുമില്ല. പക്ഷേ എന്തു ചെയ്യാം പിണറായിയുടെ കസേരക്ക് ഉറപ്പും ഇരുത്തതിന് ആയാസവും കിട്ടണമെങ്കില്‍ വിഎസിനെ എവിടെയെങ്കിലും ഇരുത്തിയേ തീരൂ. ഇനി വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെ കയര്‍ഫെഡ് പോലുളള ഏതെങ്കിലുമൊരു സ്ഥാപനത്തിന്റെ എം ഡി കൂടിയാക്കിയാല്‍ പിണറായി സര്‍ക്കാരിലോ സംസ്ഥാനഘടകത്തിലോ ഇടതുപക്ഷ നയവ്യതിയാനമാരോപിക്കുന്ന ഒറ്റക്കത്തും ഡല്‍ഹിക്കു പോവില്ലെന്നത് കട്ടായം.
സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്യന്തം മോശമാണെന്നും മൂന്നു വര്‍ഷത്തേക്ക് പുതിയ തസ്തികകളോ നിയമനങ്ങളോ  പദ്ധതികളോ  ഉണ്ടാവുകയില്ലെന്നും ധനകാര്യമന്ത്രി സംസ്ഥാന നിയമസഭയില്‍ ധവളപത്രമവതരിപ്പിച്ചു കൊണ്ട് പറഞ്ഞത് ഓര്‍മ്മയുണ്ടാവുമല്ലോ. അതു കഴിഞ്ഞ്് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ഭരണകക്ഷിയിലെ മൂപ്പിളമപ്പോര് തീര്‍ക്കാന്‍ വേണ്ടി ഖജനാവിനു വന്‍ ബാധ്യത സൃഷ്ടിക്കുന്ന പുതിയ നീക്കം.
ഖജനാവ് തിന്നുമുടിക്കുന്ന ഇത്തരത്തിലുളള  വെളളാനകള്‍ വേറെയുമുണ്ടെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിഎസിന്റെ കമ്മീഷന്‍ അതില്‍ അവസാനത്തേതു മാത്രമാണ്. മാത്രമല്ല തെറ്റായ ഒരു കീഴവഴക്കം സൃഷ്ടിക്കുന്നുവെങ്കില്‍ കൂടി ഭരണപരിഷ്‌കാര കമ്മീഷന്‍  സ്ഥിരം സംവിധാനമല്ലെന്ന് ആശ്വസിക്കാം. എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്ഷ്ടിച്ച മറ്റൊരു വെളളാനയുടെ സ്ഥിതി ഇതിനേക്കാള്‍ കഷ്ടമാണ്. -ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്. വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലെയും മറ്റു ചില പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെയും ആചാരപരമായ നിയമനങ്ങള്‍ ഒഴികെയുളള തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനാണ് ചെയര്‍മാനടക്കം ആറംഗങ്ങളുളള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചത്. എറിപ്പോയാല്‍ നൂറില്‍ കൂടാത്ത ക്ലാസ് ഫോര്‍ നിയമനങ്ങള്‍ നടത്താനുണ്ടാകും അത്ര തന്നെ. ഇതിനായാണ്്് മുന്‍ ഡിജിപിയായിരുന്ന ചന്ദ്രശേഖരനെ ചീഫ് സെക്രട്ടറി റാങ്കില്‍ ചെയര്‍മാനായി ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ശമ്പളമടക്കമുളള കമ്മീഷന്റെ മാസാന്ത പ്രവര്‍ത്തന ചിലവ് ഇരുപത്തഞ്ചു ലക്ഷം! സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് പിഎസ്‌സിയുളളപ്പോള്‍ എന്തിനാണ് മറ്റൊരു റിക്രൂട്ട്‌മെന്റ് ബോര്‍ഡ് എന്ന ചോദ്യത്തിന് പിഎസ്‌സിയെ ഏല്‍പിച്ചാല്‍ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ നിയമിക്കപ്പെടുമെന്നാണ് മറുപടി. എന്നാല്‍  ഒരു നയാപൈസ അധികം ചിലവഴിക്കാതെ തന്നെ പിഎസ്‌സിയുടെ നിലവിലുളള സംവിധാനത്തിലൂടെ നല്ല പശുമാര്‍ക്ക് സനാതന ഹിന്ദുക്കളെ മാത്രം നിയമിക്കാമെന്ന് പിഎസ്‌സിയുടെ ഉത്തരവാദപ്പെട്ടവര്‍ അറിയിച്ചതിനു ശേഷവും കുമ്മനം രാജശേഖരനെപ്പോലുളളവര്‍ വ്യാജപ്രചരണം തുടരുകയാണ്.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ ദേവസ്വത്തിന്റെ ചുമതലയുളള കടകം പളളി സുരേന്ദ്രന്‍ വെളളാനയായ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട് നിയമനങ്ങള്‍ പിഎസ്‌സിയെ ഏല്‍പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത്തരമൊരു നീക്കം എന്‍എസ്‌സിനെ പ്രകോപിപ്പിക്കുമെന്ന് മനസ്സിലാക്കിയ ഇടതു സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്‍വലിഞ്ഞ മട്ടാണ്. വെളളാപ്പളളിക്കുശേഷം മറ്റൊരു ഹൈന്ദവ നേതാവിനെ കൂടി വെറുപ്പിക്കുന്നത് ദോഷം ചെയ്യുമെന്നു മനസ്സിലാക്കിയ സര്‍ക്കാര്‍ തീരുമാനവുമായി മുമ്പോട്ട് പോയില്ലെന്നു മാത്രമല്ല സാമുദായിക നേതക്കളോടുളള സിപിഎമ്മിന്റെ കീഴവഴക്കങ്ങള്‍ മാറ്റി വെച്ച് കടകംപളളിയെ എന്‍ എസ് എസ് ആസ്ഥാനത്തേക്ക് അയക്കുകയും ചെയ്തു.
ധനകാര്യ കമ്മിയെക്കുറിച്ച് നിരന്തരം കണക്കുകള്‍ നിരത്തുന്ന ധനകാര്യമന്ത്രി പിഎസ്‌സി അംഗങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ പോകുന്ന ഔദാര്യത്തെക്കുറിച്ചു കൂടി അറിയുമ്പോഴേ നമ്മുടെ ഭരണാധികാരികള്‍ക്ക് നമ്മുടെ നികുതിപ്പണത്തിനു കല്‍പിക്കുന്ന വില മനസിലാകൂ. സംസ്ഥാന പിഎസ്‌സിയില്‍ ഇരുപത് അംഗങ്ങളാണുളളത്. ഈ അംഗങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ ശമ്പള ഇനത്തില്‍ മാത്രം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വീട്ടുവാടക, യാത്രാപടി ആജീവനാന്ത ചികിത്സാ ആനുകൂല്യം തുടങ്ങിയവ പുറമേയും. ആറു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് പെന്‍ഷനുളള അര്‍ഹതയുമുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും നിയമിതരാകുന്നവര്‍ക്ക് അവരുടെ സര്‍വ്വീസിനൊപ്പം പിഎസ്‌സിയിലെ സേവനവും രാഷ്ട്രീയ നിയമനം വഴി എത്തുന്നവര്‍ക്ക് അവരുടെ വിദ്യഭ്യാസ യോഗ്യത അനുസരിച്ചുമാണ് നിലവില്‍ പെന്‍ഷന്‍ നല്‍കിപ്പോരുന്നത്. എന്നാല്‍ എല്ലാ അംഗങ്ങള്‍ക്കും മുന്‍കാല പ്രാബല്യത്തോടു കൂടി മുഴുവന്‍ പെന്‍ഷനും അനുവദിക്കണമെന്നാണു ധനമന്ത്രി തോമസ് ഐസകിന്റെ പക്ഷം. ധനകാര്യവകുപ്പ് സെക്രട്ടറിയുടെ കഠിനമായ വിയോപ്പ് മറികടന്നും ഉത്തരവ് നടപ്പാക്കുമെന്ന വാശിയിലാണത്രെ ഐസക്.
പി എസ് സി അംഗങ്ങള്‍ക്കു പൂര്‍ണ പെന്‍ഷന്‍ അനുവദിക്കുന്ന പക്ഷം മറ്റു ഭരണഘടനാ സ്ഥാപനങ്ങളും ഇതേ ആവശ്യവുമായി മുന്നോട്ടു വരാന്‍ അധികം താമസമുണ്ടാവില്ല. കമ്യൂണിസ്റ്റ് ആചാര്യന്‍മാരുടെ സിദ്ധാന്തപ്രകാരം സോഷ്യലിസം ഒരു പരിധി വരെ വളര്‍ന്നു കഴിഞ്ഞാല്‍ പിന്നെ സ്റ്റേറ്റ് തന്നെ അപ്രത്യക്ഷമാകും എന്നാണല്ലോ..

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക