|    Jan 19 Fri, 2018 11:22 pm
FLASH NEWS
Home   >  Editpage  >  Editorial  >  

വെറുപ്പിന്റെ വക്താക്കളെ നിലയ്ക്കു നിര്‍ത്തണം

Published : 12th September 2017 | Posted By: fsq

 

ഹിന്ദു ഐക്യവേദിയുടെ നേതാവ് കെ പി ശശികല പറവൂരില്‍ നടത്തിയ കൊലവെറി പ്രസംഗം സംസ്ഥാനമെങ്ങും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത് സ്വാഗതാര്‍ഹമാണ്. ഇത്തരം അസഹിഷ്ണുതയുടെ വക്താക്കളെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ സംസ്ഥാനത്ത് ക്രമസമാധാനവും സാമുദായികമായ യോജിപ്പും നിലനിര്‍ത്തുക അസാധ്യമായിത്തീരും. അതിനാല്‍, ഉത്തരവാദിത്തരഹിതമായ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരേ സമൂഹവും ഭരണകൂടവും ശക്തമായി പ്രതികരിക്കണം. ശശികലയ്‌ക്കെതിരേ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനു കേരള പോലിസ് കേസെടുത്തത് അതിനാല്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍, ശശികലയും വംശീയതയുടെയും വെറുപ്പിന്റെയും മറ്റു വക്താക്കളും ഈ പണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ശശികല 2006ല്‍ കോഴിക്കോട്ട് നടത്തിയ വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗത്തിനെതിരേ അന്നുതന്നെ പൊതുസമൂഹം ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയുണ്ടായി. മാറാട് കലാപവുമായി ബന്ധപ്പെട്ടാണ് അന്ന് അവര്‍ വിവാദ പ്രസ്താവനകള്‍ നടത്തിയത്. എന്നാല്‍, സര്‍ക്കാരും പോലിസ് അധികാരികളും കൈയുംകെട്ടി നോക്കിയിരിക്കുകയായിരുന്നു. പറവൂരിലെ മൃത്യുഞ്ജയഹോമ പ്രസംഗം കടുത്ത പ്രതിഷേധം ഉയര്‍ത്തിയ വേളയില്‍ മാത്രമാണ് അവരുടെ കോഴിക്കോട്ടെ പ്രസംഗത്തിന്റെ പേരില്‍ ഇപ്പോള്‍ പോലിസ് കേസ് എടുത്തിരിക്കുന്നത്. ഇത്തരം സാമൂഹികവിരുദ്ധ ശക്തികളെ താലോലിക്കുകയും സമൂഹത്തില്‍ വര്‍ഗീയതയുടെ കൊടുംവിഷം പ്രസരിപ്പിക്കുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്ന നയമാണ് സമീപകാലങ്ങളില്‍ നമ്മുടെ പോലിസ് അധികാരികള്‍ കൈക്കൊണ്ടിരുന്നത്. കേരളത്തിലെ ഇടതു-വലതു ഭരണകൂടങ്ങളും അതേ സമീപനം തന്നെയാണ് സ്വീകരിച്ചുപോന്നത്. വര്‍ഗീയ പ്രസംഗം നടത്തിയ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരേ ചാര്‍ജ് ചെയ്ത കേസ് പിന്‍വലിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരായിരുന്നു എന്ന് ഓര്‍ക്കേണ്ടതാണ്. ഇപ്പോഴത്തെ സര്‍ക്കാരും ഭൂരിപക്ഷ വര്‍ഗീയതയോട് മൃദുസമീപനം സ്വീകരിക്കുന്ന സമീപനമാണ് കാണിക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷ പിന്തുണയോടെ എംഎല്‍എയായി പൊതുരംഗത്തു വന്ന ഒരു മാന്യദേഹം പിന്നീട് കാലുമാറി ബിജെപി നേതൃത്വത്തിലെത്തി. അങ്ങനെയുള്ളയാള്‍ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിയായപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി അദ്ദേഹത്തെ വാരിപ്പുണരുകയാണ് ചെയ്തത്. ഇടതുപക്ഷത്തുനിന്നു സംഘപരിവാര പാളയത്തിലേക്കും തിരിച്ചും ഒരു ഹൈസ്പീഡ് സൂപ്പര്‍ ഹൈവേ നിലനില്‍ക്കുന്നതായി കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ രണ്ടു പാര്‍ട്ടികള്‍ക്കുമിടയില്‍ ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറുന്ന കാഴ്ചയില്‍ തെളിഞ്ഞുകാണാനാവും. പലപ്പോഴും സംഘപരിവാരത്തിന്റെ അതേ ഭാഷയിലാണ് ചില ഇടതു നേതാക്കളും സംസാരിക്കാറുള്ളത്. ന്യൂനപക്ഷങ്ങളോട് ഇരുകൂട്ടരും പുലര്‍ത്തുന്ന ചിറ്റമ്മനയത്തിലും സാമ്യതയുണ്ട്. പക്ഷേ, ഇത്തരം വര്‍ഗീയ നിലപാടുകളും വര്‍ഗീയ പ്രീണനവും കേരളീയ സമൂഹത്തിനു നല്ലതല്ല. അതിനാല്‍, പൊതുസമൂഹം അതിനെതിരേ നിതാന്തമായ ജാഗ്രത പുലര്‍ത്തുക തന്നെ വേണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day