|    Dec 17 Mon, 2018 6:31 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വെറുപ്പിന്റെ രാഷ്ട്രീയത്തിനു പിന്നില്‍

Published : 30th November 2018 | Posted By: kasim kzm

കെ കെ ബാബുരാജ്

ആര്‍ത്തവമുള്ള സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രക്ഷോഭങ്ങള്‍ സാധ്യമാക്കുന്ന തിരിച്ചറിവുകളും അന്വേഷണങ്ങളും ഒക്കെ കൂടിയ ഒരു സംവാദമണ്ഡലത്തിലാണ് നാമുള്ളത്. കുറേ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ജനാധിപത്യ സംവാദങ്ങള്‍, പ്രതിഷേധ പ്രകടനങ്ങള്‍, സ്ത്രീ-ബഹുജന കൂട്ടായ്മകള്‍, ലിംഗസമത്വ സമരങ്ങള്‍ ഒക്കെ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലവുമാണിത്. ഈ സമയത്ത് വെറുപ്പ് എന്ന പ്രശ്‌നത്തെ വച്ചുകൊണ്ട് ഒരു സമ്മേളനം വളരെ ശ്രദ്ധേയമാണ്. അടിസ്ഥാനപരമായി ഇതുവരെ നടന്നിട്ടുള്ള സമ്മേളനങ്ങളില്‍ ഏറ്റവും പ്രധാനം ഈ സമ്മേളനമാണ് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം, ഏറ്റവും പ്രധാനപ്പെട്ട സമകാലിക പ്രശ്‌നമായ വെറുപ്പ് എന്ന രാഷ്ട്രീയ പ്രമേയത്തെ മുന്നോട്ടുകൊണ്ടുവരാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നത്.
എന്താണ് വെറുപ്പ് എന്ന പ്രശ്‌നത്തിന്റെ രാഷ്ട്രീയം? ചരിത്രത്തില്‍ എങ്ങനെയാണത് രൂപപ്പെട്ടത്? വെറുപ്പ് എന്ന പ്രശ്‌നത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ചിന്ത മുന്നോട്ടുവരുന്നത് ഹന്ന ആരെന്റ് എന്ന തത്ത്വചിന്തകയിലൂടെയാണ്. അവര്‍ ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ ജീവിച്ച, ജൂതസമുദായത്തിന്റെ ഭാഗമായ ചിന്തകയായിരുന്നു. 1950ലാണ് ‘സമഗ്രാധിപത്യത്തിന്റെ ഉദ്ഭവങ്ങള്‍’ എന്നൊരു പുസ്തകം അവര്‍ എഴുതിയത്. ഈ പുസ്തകത്തിലാണ് എന്താണ് വെറുപ്പ് എന്നതിനെപ്പറ്റി അവര്‍ വിശദീകരിക്കുന്നത്. വെറുപ്പിന്റെ ചരിത്രപരമായ പശ്ചാത്തലങ്ങള്‍, തത്ത്വചിന്താപരമായ പശ്ചാത്തലങ്ങള്‍ തുടങ്ങിയവയൊക്കെ ഹന്ന ആരെന്റ് പരിശോധിക്കുന്നു. നാത്‌സികള്‍ എങ്ങനെയാണ് വെറുപ്പ് ഉല്‍പാദിപ്പിച്ചതെന്നും അവര്‍ വിശദീകരിക്കുന്നുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് യൂറോപ്പില്‍ നാത്‌സിസവും ഫാഷിസവും അധികാരത്തില്‍ വന്നപ്പോഴുള്ള ജൂതഹിംസകള്‍ എങ്ങനെയാണ് വെറുപ്പിന്റെ ഒരു രാഷ്ട്രീയമായി ഉയര്‍ത്തപ്പെട്ടത്? ഫാഷിസം വെറുപ്പിനെ ഒരു സൈദ്ധാന്തിക സ്ഥാപനമാക്കി മാറ്റുകയായിരുന്നു.
വെറുപ്പ് എന്നു പറയുന്നത് കേവലമല്ല. ‘ജ്യൂ ഹേറ്റ്’ അല്ലെങ്കില്‍ ‘ആന്റി സെമിറ്റിസം’ എന്നു പറയുന്നത് പണ്ടു മുതലേ ഉള്ളതാണ്. എന്നാല്‍, 1870നു ശേഷം ഇതൊരു മതേതര വ്യവഹാരമായി എന്നാണ് അവര്‍ പറയുന്നത്. ജൂതവിദ്വേഷം എന്നത് ക്രിസ്ത്യാനിറ്റിയുടെ അകത്തുനിന്നു രൂപപ്പെട്ടതല്ല. ക്രിസ്ത്യന്‍ മതസ്ഥര്‍ക്കു ജൂതമതക്കാരോടുള്ള ശത്രുതയുമല്ല. മറിച്ച്, പുതിയൊരു മതേതര ശത്രുതയാണ് ഫാഷിസ്റ്റ് കാലത്ത് യാഥാര്‍ഥ്യമാവുന്നത്. ജൂതന്‍മാരെ വെറുക്കുന്നത് മതേതരമായ ഒരു ഏര്‍പ്പാടായിരുന്നു.
പ്രധാനപ്പെട്ട രാഷ്ട്രീയ തത്ത്വചിന്തകളായ മാര്‍ക്‌സിസത്തിനോ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കോ യൂറോപ്പിലുണ്ടായ ഈ മതേതര ജൂതവിദ്വേഷം എന്ന യാഥാര്‍ഥ്യത്തെ കാണാന്‍ കഴിഞ്ഞില്ല. അവര്‍ ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നതിനെ ആഗോള മുതലാളിത്തത്തിന്റെ വ്യതിചലനമായി കാണുകയായിരുന്നു. ജൂതശത്രുത എന്നത് ബൂര്‍ഷ്വാസി ഉണ്ടാക്കുന്ന ഒരു പുകമറയാണ് എന്നാണ് അവര്‍ കരുതിയത്.
മാര്‍ക്‌സിസത്തിന് അകത്തുനിന്നു പുറത്തുപോയിട്ടാണ് ഹന്ന ആരെന്റ് ആ പുസ്തകം എഴുതുന്നത്. അവര്‍ സൂചിപ്പിക്കുന്ന ഒരു കാര്യം, ഹിറ്റ്‌ലര്‍ വന്നതോടുകൂടി ജൂതരോടുള്ള വെറുപ്പ് ഒരു രാഷ്ട്രീയ സംവിധാനമായി മാറിക്കഴിഞ്ഞിരുന്നു എന്നാണ്. പഴയ ജര്‍മനി എന്നത് സോഷ്യലിസത്തിന്റെ കളിത്തൊട്ടിലാണ് എന്നാണ് നാം കരുതുന്നത്. പക്ഷേ, ആധുനിക കാലത്തു വമ്പിച്ച തരത്തിലുള്ള കൂട്ടക്കൊലകള്‍ നടക്കുന്നു. വെറും 50-60 വര്‍ഷം മുമ്പാണ് ലക്ഷക്കണക്കിനു ജനങ്ങളെ ജര്‍മനിയില്‍ വറുത്തു പുകച്ചു കൊന്നുകളഞ്ഞത്. അത്രയും വലിയ സ്ഥാപനമായി വെറുപ്പു വികസിച്ചത് ഒരു ആധുനിക മതേതര ശാസ്ത്രീയ സമൂഹത്തിലാണെന്നു കാണാം.
ഈ സമ്മേളനം നടക്കുന്നത് സംഘപരിവാരത്തിന്റെ അക്രമത്തിനും അതിന്റെ സ്ഥാപനവത്കരിക്കപ്പെട്ട വിദ്വേഷ രാഷ്ട്രീയത്തിനുമെതിരേയാണ്. തീര്‍ച്ചയായിട്ടും ആ വിദ്വേഷം എങ്ങനെയാണ് നിര്‍മിച്ചതെന്ന് ഇതുവരെയായും നമ്മുടെ പുരോഗമന വിഭാഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടില്ല. കാരണം, ഇവര്‍ ഇപ്പോഴും പറയുന്നത് വര്‍ഗീയതയെക്കുറിച്ചാണ്. ആ പേരു കൊണ്ടാണ് സംഘപരിവാരം അടക്കമുള്ള വിഭാഗങ്ങളെ അവര്‍ അടയാളപ്പെടുത്തുന്നത്.
വര്‍ഗീയത എന്ന പേരു തന്നെ വളരെ പ്രശ്‌നസങ്കീര്‍ണമാണ്. സാമുദായിക ബോധത്തെയാണ് പൂര്‍ണമായിട്ടും വര്‍ഗീയതയായി നാം കരുതുന്നത്. പക്ഷേ, നവഹിന്ദുത്വത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തെ കണ്ടെത്താന്‍ ഈ വാക്കിലൂടെ കഴിയില്ല. നവഹിന്ദുത്വ പ്രത്യയശാസ്ത്രം ജനവിഭാഗങ്ങളെ അപരവത്കരിച്ചാണ്, പ്രത്യേകിച്ച് ന്യൂനപക്ഷവിഭാഗങ്ങളെ അപരവത്കരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. കീഴാളവിഭാഗങ്ങളുടെ സാമൂഹിക പദവിക്കു മേല്‍ പ്രത്യേക രീതിയില്‍ ചിട്ടകളോ നിഷ്ഠകളോ ഏര്‍പ്പെടുത്തിക്കൊണ്ട് സംഘപരിവാരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നമുക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. കാരണം, കമ്മ്യൂണലിസം എന്നു പറയപ്പെടുന്ന പദാവലി ഒരു ഇന്ത്യന്‍ മോഡല്‍ സെക്കുലര്‍ മോഡേണിറ്റിയുടെ നിര്‍വചനമാണ്. ഈ വാക്കിന്റെ നിരപേക്ഷലോകത്തിന് ഒരു കാരണവശാലും സംഘപരിവാരത്തിന്റെയോ ഹിന്ദുത്വശക്തികളുടെയോ വംശീയരാഷ്ട്രീയത്തെ തിരിച്ചറിയാന്‍ കഴിയില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ടുതന്നെ ഇരകളെ പ്ലേസ് ചെയ്യാനോ ശത്രുക്കളെ പ്ലേസ് ചെയ്യാനോ കമ്മ്യൂണലിസം അഥവാ വര്‍ഗീയത എന്ന പദത്തിനു കഴിയില്ല.
മോദി അധികാരത്തില്‍ വന്ന സമയത്ത് ചില കാര്യങ്ങള്‍ നടന്നു. ഗാന്ധിയുടെ തുടര്‍ച്ചയെന്ന് അവകാശപ്പെടുന്ന, നെഹ്‌റുവിയന്‍ സോഷ്യലിസത്തിന്റെയും നെഹ്‌റുവിയന്‍ പുരോഗമനത്തിന്റെയും ഒരു ധാരയാണ്, അഥവാ ഇന്ത്യന്‍ മതേതരത്വത്തിന്റെ ധാരയാണ് കഴിഞ്ഞ അമ്പതു വര്‍ഷമായി ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്നത്. ഈ മതേതരത്വത്തിന്റെ കാര്‍മികരായ, ലിബറല്‍ ഹിന്ദു എന്നു പറയപ്പെടുന്ന, അല്ലെങ്കില്‍ മതേതര ഹിന്ദു എന്നു പറയപ്പെടുന്ന സാമൂഹിക വിഭാഗം പതുക്കെപ്പതുക്കെ തിരശ്ശീലയില്‍ നിന്നു പുറന്തള്ളപ്പെട്ടു. അപ്പോള്‍ ഒരു യാഥാസ്ഥിതിക ഹിന്ദു പുറത്തുവരുന്നു. അവര്‍ ഇന്ത്യയിലെ രാഷ്ട്രീയഘടനയിലേക്ക് പ്രവേശിച്ച് അധികാരം കൈയാളുകയും ചെയ്തു.
പുറന്തള്ളപ്പെട്ട ഈ ലിബറല്‍ ഹിന്ദുവിന്റെ കാര്യം നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ലിബറല്‍ ഹിന്ദുവാണ് കമ്മ്യൂണലിസം അഥവാ വര്‍ഗീയത എന്ന വാക്ക് ഉപയോഗിക്കുന്നത്. ഹിന്ദുമതത്തിനകത്ത് രൂപപ്പെട്ട ഒരു വ്യതിയാനമായാണ് അവര്‍ ഹിന്ദുത്വത്തെ അല്ലെങ്കില്‍ വര്‍ഗീയതയെ കാണുന്നത്. അല്ലാതെ ഹിന്ദുമതത്തിനകത്തു നിന്നു രൂപപ്പെട്ട ഒരു തനത് ഉല്‍പന്നമായി അവര്‍ അതിനെ കാണുന്നില്ല.
മോദിയുടെ ഉയര്‍ച്ച എന്താണ് സൂചിപ്പിക്കുന്നത്? ഇന്ത്യയില്‍ വെറുപ്പിന്റെ ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ അഥവാ സ്ഥാപനം രൂപപ്പെട്ടിരിക്കുന്നു. സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും പറയുന്നപോലെ കുത്തക മുതലാളിത്തത്തിന്റെ പുരോഗതിക്കു മോദി ആക്കം കൂട്ടിയിട്ടുണ്ട്. പക്ഷേ, കഴിഞ്ഞ 60 വര്‍ഷമായി പിന്തുടരുന്ന കുത്തക മുതലാളിത്തത്തിന്റെ വളര്‍ച്ചയും ജനവിരുദ്ധമായ വികസന നയങ്ങളുമൊക്കെത്തന്നെ ഉണ്ടെങ്കിലും, അതിനെയൊക്കെ പറ്റിയാണ് മോദി പറയുന്നതെങ്കിലും, മോദിഭരണത്തിന്റെ പ്രത്യേകത അതൊരു പ്രത്യേക രീതിയില്‍ ഹിന്ദു ഐക്യം രൂപപ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ടെന്നതാണ്.
ഈ ഹിന്ദു ഐക്യം എന്നു പറയുന്നത് തീര്‍ച്ചയായും മുസ്‌ലിം വിരുദ്ധതയെ അടിസ്ഥാനമാക്കി മാത്രമേ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയിലെ ജാതികള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇതിനൊരു സവിശേഷ യുക്തിയുണ്ട്. ഓരോ ജാതിയും വ്യത്യസ്തമാണ്. അതിനാല്‍, ഓരോ ജാതിക്കാരനും ഞാനൊരു ഹിന്ദുവാണ് എന്നൊരു ബോധ്യം ഉണ്ടാകണമെങ്കില്‍ മുസ്‌ലിം വിരുദ്ധ വംശീയകലാപങ്ങളിലോ പ്രചാരണങ്ങളിലോ മുഴുകേണ്ടതുണ്ട്. അങ്ങനെ മാത്രമേ അവര്‍ക്ക് ഹിന്ദുവാണ് എന്നൊരു തോന്നല്‍ ഉണ്ടാവുകയുള്ളൂ.
അതുപോലെത്തന്നെ ഹിന്ദുവിന്റെ ആത്മസത്തയുടെ ഒരു വികാസം എന്ന നിലയില്‍ ഭാവന ചെയ്യപ്പെട്ട, പുതിയ ഹിന്ദുത്വ എന്നു പറയപ്പെടുന്ന, മോദിയുടെ കാലഘട്ടത്തോടുകൂടി ഒരു ഇന്‍സ്റ്റിറ്റിയൂഷനായി ഈ മുസ്‌ലിം വിദ്വേഷം മാറി. മുസ്‌ലിം വിരുദ്ധത ഒരു ഇന്‍സ്റ്റിറ്റിയൂഷന്റെ രൂപം ആര്‍ജിക്കുകയും ഈ ഇന്‍സ്റ്റിറ്റിയൂഷന്റെ രാഷ്ട്രീയ സംവിധാനമായി ഹിന്ദുത്വ മാറുകയും ചെയ്തിട്ടുണ്ട്. അതിനെ ശക്തമായി അപനിര്‍മിക്കണമെങ്കില്‍ പുതിയ രീതിയില്‍ മതേതരത്വത്തെയും ജനാധിപത്യത്തെയും പുനര്‍നിര്‍മിച്ചുകൊണ്ടും അതില്‍ നിന്നു പുറന്തള്ളപ്പെട്ടിട്ടുള്ള വിഭാഗങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടെയും മാത്രമേ കഴിയുകയുള്ളൂ. ഇന്നും നമ്മുടെ സോഷ്യലിസ്റ്റുകള്‍ക്കിടയിലോ പുരോഗമനവാദികള്‍ക്കിടയിലോ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നു മാത്രമല്ല, അവര്‍ ഇപ്പോഴും ഈ കമ്മ്യൂണലിസം അല്ലെങ്കില്‍ വര്‍ഗീയത എന്നു പറയുന്ന വളരെ വിദൂരമായ, ആശയപരമായ കാര്യങ്ങളെപ്പറ്റിയാണ് സംസാരിക്കുന്നത്.
മുസ്‌ലിം സംഘടനകള്‍, ദലിത് സംഘടനകള്‍ തുടങ്ങിയവയെ അവര്‍ ഒരു പ്രത്യേക രീതിയില്‍ വര്‍ഗീകരിച്ച് മാറ്റുന്ന പ്രക്രിയയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. കേരളത്തിന്റെ ഒരു പ്രത്യേകത പല തവണ സൂചിപ്പിച്ച കാര്യമാണ്. ആര്‍ത്തവ അയിത്തത്തിനെതിരേ സ്ത്രീകളുടെ ഒരു സമരം നടക്കാന്‍ പോകുന്നുണ്ട്. കോഴിക്കോട്ടും എറണാകുളത്തും തിരുവനന്തപുരത്തും ധാരാളം പ്രക്ഷോഭങ്ങള്‍ നടക്കുന്നു. ഇവിടെയൊക്കെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, അവരെല്ലാം ജനാധിപത്യത്തെയാണ് മുന്നോട്ടുവയ്ക്കുന്നത്. ഈ ജനാധിപത്യത്തിനു വലിയ പ്രശ്‌നമുണ്ട്. ജനാധിപത്യം പറയുമ്പോള്‍ ഇവര്‍ മുസ്‌ലിം സംഘടനകളെയും സാമുദായിക/ സംഘടനാ പ്രവര്‍ത്തനത്തെ അംഗീകരിക്കുന്ന മുസ്‌ലിം ആക്റ്റിവിസ്റ്റ് പ്രതിനിധാനങ്ങളെയും അങ്ങോട്ടടുപ്പിക്കുന്നില്ല. മുസ്‌ലിം സംഘടനകള്‍/ പ്രസ്ഥാനങ്ങള്‍ ഇല്ലാത്ത ജനാധിപത്യമാണോ വേണ്ടത്?
ദലിത് സംഘടനകളെയും നേതാക്കളെയും അവര്‍ കൃത്യമായി ടാര്‍ഗറ്റ് ചെയ്യാറുണ്ട്. മുസ്‌ലിം സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു ദലിത് ആക്റ്റിവിസ്റ്റിനെയും ഈ പ്ലാറ്റ്‌ഫോമിലൊന്നും കാണുകയില്ല. തീര്‍ച്ചയായും മുസ്‌ലിം വിരുദ്ധരായ ദലിത് നേതാക്കളുണ്ട്. ഗീതാനന്ദനും സലിംകുമാറും പ്രത്യക്ഷമായിത്തന്നെ മുസ്‌ലിം വിരുദ്ധരാണെന്നത് സ്പഷ്ടമായ കാര്യമാണ്. കാരണം, മലയാളികള്‍ക്കിടയില്‍ ജനപ്രിയത നേടണമെങ്കില്‍ മുസ്‌ലിം വിരുദ്ധത കൊണ്ടേ പറ്റുകയുള്ളൂ. ഇങ്ങനെയുള്ള ആളുകളെ ലിബറല്‍ ഹിന്ദുക്കള്‍ വര്‍ഗീകരിച്ചെടുക്കുകയും ചെയ്യും.
മുസ്‌ലിംകളില്‍ നിന്നും അങ്ങനെത്തന്നെയാണ് ചെയ്യുന്നത്. അതായത്, വര്‍ഗീയവാദികളായി മുസ്‌ലിംലീഗിനെയും മതരാഷ്ട്രവാദികളായി ജമാഅത്തെ ഇസ്‌ലാമിയെയും ഭീകരവാദികളായി പോപുലര്‍ ഫ്രണ്ടിനെയും മറ്റു സംഘങ്ങളെ വേറെ എന്തെങ്കിലും ദുഷ്‌പേരുകളിട്ടും മാറ്റിനിര്‍ത്തുന്നിടത്തോളം കാലം മുസ്‌ലിംകളെ ഒരുവിധത്തിലും അവര്‍ക്ക് അടുപ്പിക്കേണ്ടതില്ല. ഇവിടെയാണ് നമ്മള്‍ സംശയിക്കേണ്ടത്. ഈ ജനാധിപത്യം എന്നു പറയുന്നത് ഒരു മോറല്‍ അതോറിറ്റിയാണ്. ജനാധിപത്യത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നു പറഞ്ഞാല്‍ ഒരു പ്രത്യേക ധാര്‍മിക അധികാരം കൈവരുന്നു.
ഈ പറയുന്ന ജനാധിപത്യവാദികള്‍ ആരായിരുന്നു? പണ്ട് മാര്‍ക്‌സിസ്റ്റ് എന്നത് ഒരു വര്‍ഗപദവിയായിരുന്നു. മാര്‍ക്‌സിസ്റ്റ് ആയാല്‍ ഞങ്ങള്‍ക്കു ജാതിയില്ല, മതമില്ല, വര്‍ഗീയതയില്ല, രക്തത്തില്‍ പോലും കളങ്കമില്ല. അതിനു കാരണം വര്‍ഗശ്രേഷ്ഠതയാണ്. വര്‍ഗമെന്ന പദവിയിലേക്കു ഞങ്ങള്‍ മാറുമ്പോള്‍ ഞങ്ങള്‍ക്കു കിട്ടുന്ന ഒരു ഉത്തമപദവിയാണത്. പക്ഷേ, ഒരു കാലഘട്ടം കഴിഞ്ഞപ്പോള്‍ ഈ വര്‍ഗം എന്നുള്ളതു സംശയിക്കപ്പെട്ടു. വര്‍ഗം എന്നത് അനേകങ്ങളെ പുറന്തള്ളാവുന്ന ഒരു പദവിയാണ് എന്നു മനസ്സിലായി. പലരെയും തള്ളിപ്പറയാനും പലരെയും തൊടിക്കപ്പുറം കടക്കാന്‍ കഴിയാത്ത രീതിയില്‍ അകറ്റിനിര്‍ത്താനും വര്‍ഗം എന്ന കാറ്റഗറി ഉപയോഗിക്കപ്പെട്ടിരുന്നു. ി

(അവസാനിക്കുന്നില്ല)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss