|    Jan 22 Sun, 2017 11:51 pm
FLASH NEWS

വെറുപ്പിന്റെ രാഷ്ട്രീയം തുറന്നുകാട്ടി കുരുതിപ്പാടങ്ങള്‍

Published : 26th September 2016 | Posted By: SMR

pfi_drama

ആബിദ്

കോഴിക്കോട്: വെറുപ്പിന്റെ രാഷ്ട്രീയം തുരത്തുക, എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യവും തുല്യനീതിയും സുരക്ഷയും ഉറപ്പാക്കുക എന്ന സന്ദേശവുമായി ജനഭേരി തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന തെരുവുനാടകം കുരുതിപ്പാടങ്ങള്‍ ജനമനസ്സുകള്‍ കീഴടക്കി മുന്നേറുന്നു.
അസഹിഷ്ണുതയോട് സഹിഷ്ണുതയില്ലെന്നും അനീതിയോട് രാജിയാവേണ്ടതില്ലെന്നും അടിമച്ചങ്ങലകള്‍ ആഭരണമാണെന്നു ധരിക്കേണ്ടതില്ലെന്നുമുള്ള പ്രഖ്യാപനമാണ് നാടകം മുന്നോട്ടുവയ്ക്കുന്നത്. നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ, കാണുന്നുണ്ടോ എന്ന ചോദ്യവുമായി കടന്നുവരുന്ന കഥാകാരന്‍ ക്ഷമയെക്കുറിച്ചാണ് ആദ്യം തന്നെ പ്രേക്ഷകരോട് പറയുന്നത്. ഫാഷിസ്റ്റുകള്‍ തകര്‍ത്ത ബാബരി മസ്ജിദിന്റെയും പശുവിറച്ചിയുടെ പേരില്‍ കൊലചെയ്യപ്പെട്ട അഖ്‌ലാഖിന്റെയും ഗുജറാത്ത് കലാപത്തിനിടെ കൈകൂപ്പി വിലപിക്കുന്ന ഖുത്തുബുദ്ദീന്‍ അന്‍സാരിയുടെയും കിലോമീറ്ററുകളോളം ഭാര്യയുടെ മൃതദേഹം ചുമന്നുനടന്ന മാജിയുടെയുമെല്ലാം ചിത്രങ്ങള്‍ കൈയിലേന്തി കടന്നുവരുന്ന കലാകാരന്മാര്‍ ആടിയും പാടിയും കെട്ടകാലത്തിന്റെ വര്‍ത്തമാനം വളരെ നന്നായി കാണികള്‍ക്കു മുന്നിലെത്തിക്കുന്നു.
അനീതികള്‍ പേമാരിപോലെ പെയ്തിറങ്ങുമ്പോള്‍ അക്രമം പ്രളയജലം പോലെ ആര്‍ത്തലച്ചുവരുമ്പോള്‍ നാവുകള്‍ പിഴുതെറിയപ്പെട്ടേക്കാവുന്ന സാഹചര്യത്തില്‍ സത്യം പറയാന്‍ തയ്യാറുള്ളവരുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്ന ഉത്തരവുമായി സദസ്യര്‍ക്കിടയില്‍നിന്ന് കടന്നുവരുന്ന കലാകാരന്‍ എല്ലാ കാലത്തും അനീതിക്കെതിരേ പൊരുതാന്‍ എത്ര വലിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നാലും സന്നദ്ധരായെത്തുന്ന ചില നല്ല മനുഷ്യര്‍ ഉണ്ടാവുമെന്ന സന്ദേശം കാണികള്‍ക്കു പകര്‍ന്നുനല്‍കുന്നു. മറ്റുള്ളവര്‍ പിടിച്ചുവയ്ക്കുന്നതിനിടയില്‍ അതില്‍നിന്നു കുതറിമാറി സത്യത്തിനൊപ്പം ചേരാനെത്തുന്ന അടുത്ത കലാകാരനും സമൂഹത്തില്‍ ഇനിയും വറ്റിയിട്ടില്ലാത്ത നേരിന്റെ ഉറവയെക്കുറിച്ച ബോധ്യമാണ് പ്രേക്ഷകര്‍ക്കു നല്‍കുന്നത്.  സത്യത്തിന് സാക്ഷിയാവാന്‍ തീരുമാനിച്ചുറച്ച കുറച്ചുപേരാണ് ചരിത്രത്തെ മാറ്റിയെഴുതിയതെന്ന കഥാകാരന്റെ വിവരണം  ഈ ചെറുസംഘത്തിന് എന്തുചെയ്യാനാവുമെന്ന സന്ദേഹമുള്ള കാണികള്‍ക്ക് ആവേശം പകരുന്നതായി.
ഈ തെരുവുകളിലെ രക്തം കാണൂ, ഈ തെരുവുകളിലെ മനുഷ്യരെ കാണൂ… എന്ന ലാറ്റിനമേരിക്കന്‍ കവി പാബ്ലോ നെരൂദയുടെ വരികള്‍ ആലപിച്ച് കലാകാരന്‍ പ്രേക്ഷകരെ ഇന്ത്യന്‍ തെരുവിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. തുടര്‍ന്ന് ആര്യ ആധിപത്യം മുതല്‍ മോദി അധികാരത്തിലിരിക്കുന്നതുവരെയുള്ള ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും കാണികളെ ബോധ്യപ്പെടുത്തിയാണ് നാടകം മുന്നേറുന്നത്. ബുദ്ധ-ജൈന മതങ്ങളുടെ ഉദ്ഭവവും ക്രൈസ്തവ, ഇസ്‌ലാം മതങ്ങളുടെ കടന്നുവരവും ജാതിവ്യവസ്ഥയുമെല്ലാം പ്രതിപാദിക്കുന്ന നാടകം ഒരുകാലത്ത് ഇന്ത്യയില്‍ പശു മാംസം ഉള്‍പ്പെടെയുള്ളവ ഭക്ഷിച്ചിരുന്നതിനെക്കുറിച്ചും പിന്നീട് അത് ഉപേക്ഷിക്കാനിടയായ ചരിത്രപശ്ചാത്തലവും വിവരിക്കുന്നുണ്ട്.
തന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നതില്‍ വിഷമംപൂണ്ട് നാടകത്തിനിടയില്‍ പശുവും കടന്നുവരുന്നുണ്ട്. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ ഉയര്‍ന്ന സംവരണവിരുദ്ധ പ്രക്ഷോഭകാലത്ത് ഉയര്‍ന്നുവന്ന ദലിത് മുന്നേറ്റത്തെ തടയാന്‍ കമണ്ഡലുവുമായി ഇറങ്ങുകയും പിന്നീട് ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ വരെ എത്തിച്ചേരുകയും ചെയ്ത സംഭവവികാസങ്ങളും നാടകം വളരെ ലളിതമായി അവതരിപ്പിക്കുന്നു. പശുവിന്റെ പേരില്‍ ആക്രമിക്കപ്പെട്ട ദലിതുകള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന് തയ്യാറായപ്പോള്‍ അവരുടെ മുന്നേറ്റം തടയുന്നതിനുവേണ്ടിയാണ് മോദി അവര്‍ക്കനുകൂലമായ പ്രസ്താവനയുമായി രംഗത്തുവന്നതെന്ന് നാടകം വ്യക്തമാക്കുന്നു.
രാഷ്ട്രപിതാവിനെ കൊന്ന ഗോഡ്‌സെയെ വീരപുത്രനാക്കുന്ന അഭിനവ ദേശസ്‌നേഹികളെ നാടകം കണക്കിന് കളിയാക്കുന്നുണ്ട്. കൂരിരുട്ടില്‍ മെഴുകുതിരിവെട്ടമാവാനുള്ള ആഹ്വാനം സ്വീകരിക്കാന്‍ കാണികളെ സന്നദ്ധരാക്കുന്നതരത്തി ല്‍ അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ നാടകത്തിനായിട്ടുണ്ട്.  നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന കാംപയിനിന്റെ ഭാഗമായി  അവതരിപ്പിക്കുന്ന നാടകം ഉണ്ണി പൂണിത്തുറയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 323 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക