|    Jan 19 Thu, 2017 4:31 pm
FLASH NEWS

വെറുപ്പിന്റെ രാഷ്ട്രീയം ഭരണത്തിലും

Published : 14th March 2016 | Posted By: sdq

രാളുടെ മനസ്സിലേക്കും ബോധത്തിലേക്കും നിരന്തരമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന വികാര വിക്ഷുബ്ധതകള്‍ അയാളുടെ സ്വഭാവശീലങ്ങളെയും പെരുമാറ്റത്തെയും സ്വാധീനിക്കുമെന്നു മനശ്ശാസ്ത്രപരമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. ഈ വസ്തുത വികലരൂപിയായ ഒരു ഭരണകൂട യാഥാര്‍ഥ്യമായി രാജ്യത്തിന്റെ ദൈനംദിന അനുഭവങ്ങളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്ന സവിശേഷമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അപരനോടുള്ള വെറുപ്പും വിദ്വേഷവും അടിയാധാരമാക്കി വളര്‍ത്തപ്പെട്ട ഒരു രാഷ്ട്രീയ സംവിധാനം അറിഞ്ഞോ അറിയാതെയോ അതിന്റെ സാംസ്‌കാരിക വൈകല്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ ആയുഷ് മന്ത്രാലയത്തില്‍ നിന്നു പുറത്തുവന്ന വിവരങ്ങള്‍. കഴിഞ്ഞവര്‍ഷം ലോക യോഗാദിനത്തോടനുബന്ധിച്ച് ആയുഷ് മന്ത്രാലയം ജോലിക്കെടുത്ത യോഗാധ്യാപകരുടെയും പരിശീലകരുടെയും വിശദാംശങ്ങള്‍ അന്വേഷിച്ചു ഡല്‍ഹിയിലെ മില്ലി ഗസറ്റ് ദൈ്വവാരികയിലെ പുഷ്പ ശര്‍മ വിവരാവകാശ നിയമപ്രകാരം സമര്‍പിച്ച അപേക്ഷയ്ക്കുള്ള മറുപടിയില്‍ ‘മുസ്‌ലിംകളെ തങ്ങള്‍ ജോലിക്കെടുക്കാറില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ നയമനുസരിച്ചാണിതെന്നു’മാണ് മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞിരിക്കുന്നത്.
2014 ഡിസംബറില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് ജൂണ്‍ 21 ലോക യോഗ ദിനമായി ആചരിക്കാനുള്ള തീരുമാനമുണ്ടായത്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ സമ്മര്‍ദ്ദം അതിനുണ്ടായിരുന്നു. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ ലോകത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിലെന്നാണു വിശദീകരിക്കപ്പെട്ടത്. യോഗയുടെ ആവിര്‍ഭാവത്തെപ്പറ്റി വിരുദ്ധാഭിപ്രായങ്ങള്‍ നിലവിലുണ്ടെങ്കിലും അതിന്റെ ‘ഭാരതീയതയെ’ അംഗീകരിക്കുന്നതിലോ യോഗയിലൂടെ മനുഷ്യന്റെ മാനസിക- ശാരീരികക്ഷമത വര്‍ധിപ്പിക്കാനാവുമെന്ന വാദഗതി സ്വീകരിക്കുന്നതിലോ രാജ്യത്ത് ആര്‍ക്കും എതിര്‍പ്പില്ല. യോഗയുടെ ഭാഗമായി ചില അനുഷ്ഠാനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിനെതിരേയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. മാത്രമല്ല, യോഗ ചെയ്യുന്നവരായും അതിന്റെ പരിശീലകരായും ധാരാളം മുസ്‌ലിംകള്‍ രാജ്യത്തുണ്ടെന്നത് അജ്ഞാതമല്ല. എന്നുവച്ചാല്‍, യോഗ മുസ്‌ലിംകള്‍ അവരുടെ പടിക്കുപുറത്തുവച്ച ഒരു കാര്യമല്ലെന്നര്‍ഥം. അതുകൊണ്ടുതന്നെയാണ് ആയിരക്കണക്കിനു മുസ്‌ലിംകള്‍ യോഗ അധ്യാപകരായും പരിശീലകരായും ആയുഷ് മന്ത്രാലയത്തിലേക്ക് അപേക്ഷകളയച്ചത്.
യോഗ മനുഷ്യന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ദൈവിക സമീപനമാണെന്നാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചത്. യോഗ ചെയ്യുന്നവരുടെ മനസ്സുകള്‍ നിര്‍മലമായിരിക്കണമെന്ന് അതിന്റെ ആചാര്യന്‍മാര്‍ ഉണര്‍ത്തുന്നു. മനസ്സില്‍ ദൈവത്തെ പ്രതിഷ്ഠിക്കാനും അതിന്റെ നിര്‍മലതയില്‍ യോഗാസനം നിര്‍വഹിക്കാനും കഴിയാത്തവരുടെ കൈയില്‍ യോഗ വെറുമൊരു ദൃശ്യവൈകൃതമായി മാറിപ്പോവുന്നതിന്റെ സൂചനയാണ് ആയുഷ് മന്ത്രാലയത്തിന്റെ ‘നയവിശദീകരണത്തില്‍’ തെളിയുന്നത്. മതം, ജാതി, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ലെന്ന ഭരണഘടനയുടെ വ്യക്തമായ നിര്‍ദേശത്തെയാണ് മോദി ഭരണകൂടം ഇവ്വിധം ചവിട്ടിയരയ്ക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 122 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക