|    Apr 20 Fri, 2018 2:17 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

വെറുപ്പിന്റെ രണ്ടു നേതാക്കള്‍

Published : 15th July 2017 | Posted By: fsq

ഡോണള്‍ഡ് ട്രംപുമായുള്ള നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച പ്രചാരണമെന്നതിലപ്പുറം മറ്റൊന്നുമായിരുന്നില്ല. ഇന്ത്യയില്‍ പ്രധാനമന്ത്രി അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ വിദേശപര്യടനങ്ങളുടെ പേരിലാണ്. സ്വന്തം രാജ്യത്തു വല്ലപ്പോഴുമേ അദ്ദേഹം ഉണ്ടാവാറുള്ളൂ. രാജ്യത്ത് എത്രയെത്ര കലാപങ്ങളുണ്ടായാലും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെയും മുസ്‌ലിംകളെയും തുടര്‍ച്ചയായി ജനക്കൂട്ടം കൈയേറ്റം ചെയ്താലും മോദിയെ രാജ്യത്തു പിടിച്ചുനിര്‍ത്താനാവില്ല. രാജ്യത്തെ പൗരന്മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളേക്കാളും മറ്റു കാര്യങ്ങള്‍ക്കാണ് മോദി പ്രാധാന്യം നല്‍കുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നത് മോദി ഒരു ലോകനേതാവായിക്കൊണ്ടിരിക്കുന്നതിന്റെ തെളിവാണ്. മോദിയെ ശക്തനായ ഒരു നേതാവായി കാണുന്ന അണികള്‍, അവരുടെ നേതാവ് ട്രംപിനൊപ്പം ഇരിക്കുന്നത് കണ്ട് ഭ്രമിച്ചിരിക്കുകയാണ്. ഏതുതരം കഴിവില്ലായ്മയെയും അധിക്ഷേപിക്കുന്ന ശക്തരായ നേതാക്കളാണവര്‍. സ്വന്തം രാജ്യങ്ങളിലെ കുഴപ്പങ്ങളെ അവര്‍ നിസ്സാരമായി തള്ളിക്കളയുന്നു. അതൊക്കെ മറ്റുള്ളവര്‍ക്കു വിട്ടുകൊടുക്കുകയും ചെയ്യുന്നു. തങ്ങളുടെ രാജ്യത്തെ പൗരാവലിയുടെ വലിയൊരു വിഭാഗത്തോട് വര്‍ഗവിദ്വേഷം കാണിക്കുന്ന, ദേശീയതയുടെ പുതിയ ജാതിയുടെ പ്രതിനിധികളെന്ന നിലയ്ക്ക് ഇരുവരും തങ്ങളെ സ്വയം സ്വപ്‌നജീവികളായാണു കാണുന്നത്. വെറുപ്പാണ് ഇരുവരെയും അധികാരത്തിലെത്തിച്ചത്. തങ്ങളുടെ അജണ്ടകള്‍ക്ക് അടിത്തറ നല്‍കുന്നതും വെറുപ്പു തന്നെ.കഴിഞ്ഞ ഒമ്പതു വര്‍ഷത്തോളമായി (2005 തൊട്ട് 2014 വരെ) യുഎസില്‍ പ്രവേശിക്കുന്നതില്‍ നിന്നു മോദിയെ വിലക്കിയിരിക്കുകയായിരുന്നു. സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ 2002ല്‍ മുസ്‌ലിംകള്‍ക്കെതിരായുണ്ടായ വംശഹത്യയില്‍ മോദിക്കുള്ള പങ്കിനെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നായിരുന്നു അത്. യുഎസ് മോദിക്കു വിസ നിഷേധിച്ചു. എന്നാല്‍, ഈ തീരുമാനം നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ റദ്ദാക്കി.മോദി 2014ല്‍ യുഎസ് സന്ദര്‍ശിക്കുകയും പ്രസിഡന്റായിരുന്ന ബറാക് ഒബാമയുമൊത്ത് വൈറ്റ്ഹൗസില്‍ സ്വകാര്യ അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. അത് പൂര്‍ണാര്‍ഥത്തിലുള്ള പുനരധിവാസമായിരുന്നു. മോദി പിന്നീട് വര്‍ഷംതോറും യുഎസില്‍ എത്തിക്കൊണ്ടിരുന്നു. 2015ല്‍ ഫേസ്ബുക്ക് ആസ്ഥാനത്ത് പൊതുചര്‍ച്ചയില്‍ പങ്കെടുത്തു; 2016ല്‍ യുഎസ് കോണ്‍ഗ്രസ്സിന്റെ സംയുക്തയോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. 2014ല്‍ പൊതുതിരഞ്ഞെടുപ്പില്‍ വിജയം നേടിയശേഷം ഇതു നാലാംതവണയാണ് മോദി യുഎസ് സന്ദര്‍ശിക്കുന്നത്.ഒബാമയും ട്രംപും മോദിയെ സ്വീകരിക്കാന്‍ വലിയ താല്‍പര്യം കാണിച്ചിരുന്നു. ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ മോദിയും മോദിയുടെ പാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിയുമാണ് (ബിജെപി) കുറച്ചു കാലത്തേക്ക് അധികാരത്തിലിരിക്കാന്‍ പോവുന്നതെന്നും ഒരുപക്ഷേ, 2019ലെ തിരഞ്ഞെടുപ്പില്‍ പോലും വിജയിച്ചേക്കാമെന്നും അവര്‍ കരുതുന്നു. യുഎസിന്റെ കാഴ്ചപ്പാടില്‍ അവര്‍ക്കു മോദിയുമായി ഇടപെടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഗുജറാത്ത് കലാപത്തില്‍ മോദിക്കുള്ള പങ്ക് അപ്രധാനമാണ്. പ്രായോഗികത എന്നതിനര്‍ഥം ധാര്‍മികതയെ മാറ്റിവയ്ക്കുക എന്നതാണല്ലോ.വെറുപ്പിലൂന്നിയ പ്രസ്ഥാനങ്ങളെ നയിക്കുന്നുവെന്ന് മാത്രമല്ല, പഴഞ്ചന്‍ രീതിയിലുള്ള ദേശീയതാവാദം മുന്നോട്ടുവയ്ക്കുന്നവര്‍ കൂടിയാണ് മോദിയും ട്രംപും. ഏതു നയവും കഴിയാവുന്നതില്‍ വച്ച് ഏറ്റവും നല്ല ഇടപാടിനു വേണ്ടിയാവണമെന്ന് രണ്ടുപേരും രാജ്യത്തെ ജനങ്ങളോടു പറയുന്നു. ഇവിടെയാണ് ഇരുനേതാക്കളും പ്രശ്‌നങ്ങള്‍ നേരിടുന്നത്. രണ്ടു പതിറ്റാണ്ടായി പുതിയ ഇന്ത്യ-യുഎസ് സഹകരണത്തെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്നിട്ടും ഇരുകൂട്ടരുടെയും യഥാര്‍ഥ നയങ്ങളില്‍ വലിയ അന്തരമാണ് നിലനില്‍ക്കുന്നത്.യുഎസിലെ കാര്‍ഷിക-വ്യവസായ കുത്തകകള്‍ക്ക് 1991 മുതല്‍ ഇന്ത്യന്‍ കാര്‍ഷികമേഖല ഇന്ത്യന്‍ സര്‍ക്കാര്‍ വിട്ടുകൊടുത്തു. അതു കാര്‍ഷികമേഖലയെ വലിയൊരു അപകടാവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. അനന്തരമായി ചെറുകിട കര്‍ഷകര്‍ക്കുമേലുള്ള സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിച്ചു. പലതരത്തിലുള്ള പാരിസ്ഥിതിക വിപത്തുകളുമുണ്ടായി. മൂന്നു ലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ ആ നയം കാരണമായി. യുഎസിനു നല്‍കിയ ഈ വന്‍ ഇളവുകള്‍ കാരണം ഇപ്പോള്‍ ട്രംപിന്റെ വ്യാപാര താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ മോദിക്കു സാധ്യമല്ല. മാത്രമല്ല, ട്രംപ് ആഗ്രഹിക്കുന്നപോലെ വാള്‍മാര്‍ട്ട് പോലുള്ള ചില്ലറവ്യാപാര കുത്തകകള്‍ക്ക് ഇന്ത്യന്‍ കമ്പോളം തുറന്നുകൊടുക്കാനും മോദിക്ക് സാധ്യമല്ല. മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ യുഎസ് താല്‍പര്യങ്ങള്‍ക്ക് എതിരാണ്. എന്നാല്‍, അമേരിക്കക്കാരെ സന്തോഷിപ്പിക്കാന്‍ പലതും ചെയ്യണമെന്ന ആഗ്രഹം മോദിക്കുണ്ട്. അങ്ങനെ ചെയ്താല്‍ അത് ഇന്ത്യയില്‍ ദശലക്ഷക്കണക്കിനു കലാപങ്ങള്‍ക്കു വഴിവയ്ക്കും. ദേശീയത കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഉപകരണമാണ്. അതു വോട്ട് വാങ്ങിത്തരും; എന്നാല്‍, വോട്ടര്‍മാരുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുകയും ചെയ്യും.അപ്പോള്‍ കൂടുതല്‍ യുഎസ് ആയുധങ്ങള്‍ വാങ്ങുക എന്നതാണ് ട്രംപിനു വേണ്ടി മോദിക്കു ചെയ്യാന്‍ സാധിക്കുന്ന കാര്യം. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതേസമയം, യുഎസ് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യവും. 50 ശതമാനം ജനങ്ങളും ദാരിദ്ര്യത്തില്‍ കഴിയുന്ന ഇന്ത്യയില്‍ ദേശീയ ബജറ്റിന്റെ നല്ലൊരു ഭാഗവും ആയുധങ്ങള്‍ വാങ്ങുന്നതിന് ചെലവഴിക്കുന്നത് വലിയ അശ്ലീലത തന്നെ. എന്നാല്‍ പാശ്ചാത്യ ആയുധവ്യാപാരികളെ സേവിക്കുന്നതിനായി ജനങ്ങളുടെ അടിയന്തരാവശ്യങ്ങള്‍ തഴയുക എന്നതിനാണ് മോദി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്.ദേശീയതയാവട്ടെ, രാജ്യരക്ഷാവിനിയോഗത്തിന്റെ വിരോധിയല്ല. മോദിയുടെ യുഎസ് പര്യടനത്തിനു തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ രണ്ടു ശതകോടി ഡോളര്‍ വില കൊടുത്ത് 22 യുഎസ് പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്ന കരാറില്‍ ഒപ്പുവച്ചിരുന്നു. ട്രംപിന് തീര്‍ച്ചയായും അത് ഇഷ്ടപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള കരാറുകളെക്കുറിച്ച് പൊങ്ങച്ചം പറയാന്‍ ട്രംപിന് ഇഷ്ടമാണ്. ദരിദ്രരായ ഇന്ത്യന്‍ ജനതയാണ് അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് എന്ന കാര്യം ഇരുനേതാക്കള്‍ക്കും പ്രശ്‌നമല്ല. സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ 22 ഡ്രോണുകള്‍ എങ്ങനെയാണ് ദാരിദ്ര്യത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുക എന്ന് ഒരൊറ്റ മാധ്യമപ്രവര്‍ത്തകന്‍ പോലും ചോദിച്ചില്ല. അങ്ങനെയൊരു ചോദ്യം തന്നെ ഏറ്റവും വലിയ ആഭാസമായേനെ. മോദി യുഎസില്‍ എത്തിയതിനു മുമ്പ് തന്നെ ഒപ്പിട്ട ആയുധക്കരാര്‍ കൂടാതെ മറ്റൊരു നേട്ടവും ഈ സന്ദര്‍ശനം കൊണ്ട് ഉണ്ടായില്ല. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ, യുഎസിനു കമ്പോളത്തില്‍ പ്രവേശനം നിഷേധിക്കുന്ന തന്റെ നയവും രണ്ടു രാജ്യങ്ങള്‍ക്കിടയിലുള്ള വ്യാപാരക്കമ്മിയുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന് വിശദീകരിക്കാന്‍ മോദി മിനക്കെട്ടില്ല. അതേസമയം, മോദി ശക്തമായി പിന്തുണ നല്‍കുന്ന പാരിസ് കാലാവസ്ഥാ കരാറില്‍ നിന്ന് യുഎസ് പിന്മാറിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് പിടികൊടുക്കാതെ ട്രംപും ഒഴിഞ്ഞുമാറി. വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ മുങ്ങിക്കിടക്കുന്ന ഇരുനേതാക്കളും പരസ്പരം മനസ്സിലാക്കി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല എന്നര്‍ഥം. പുറത്ത് തട്ടുന്ന സൗഹൃദ പ്രകടനങ്ങളും പരസ്പരമുള്ള പുകഴ്ത്തലും തന്റേട പ്രകടനവും ഏറെയുണ്ടായിരുന്നു. വീമ്പടിയും വാഗ്ദാനധോരണിയും കുറവായിരുന്നില്ല. ഇതൊക്കെയാണ് ഒരളവില്‍ മോദിയും ട്രംപും പങ്കുവയ്ക്കുന്നത്. നയങ്ങള്‍ പിന്തുടരാത്ത, യാതൊരു ശ്രദ്ധയുമില്ലാതെയുള്ള വാചാടോപം. സകലതും നാടകമായിരുന്നു; പ്രചാരണമായിരുന്നു പ്രധാനം.     ി(പരിഭാഷ: ഷിനില മാത്തോട്ടത്തില്‍)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss