|    Nov 14 Wed, 2018 6:36 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വെറും മൊഴിമാറ്റമല്ല, പച്ചയായ കൂറുമാറ്റം

Published : 1st December 2015 | Posted By: G.A.G

sa-gfoor2002 എ കെ ആന്റണി സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി നാലകത്തു സൂപ്പിക്കെതിരേ വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ‘വെളിപ്പെടുത്തല്‍’: മന്ത്രി ഒരു വിദ്യാര്‍ഥിക്കു വേണ്ടി വഴിവിട്ട് ശുപാര്‍ശ ചെയ്തിരിക്കുന്നു. മാധ്യമങ്ങ ള്‍ ഏറ്റെടുത്തതും വിവാദമായതും സ്വാഭാവികം. ഭൂമി കുലുങ്ങുന്ന ശുപാര്‍ശയും ക്രമക്കേടുമൊന്നുമായിരുന്നില്ല പുറത്തുവന്നത്. വെറും മനുഷ്യത്വത്തിന്റെ പേരില്‍ ഒരു നടപടിക്കുള്ള നിര്‍ദേശം. അതിന് നോട്ടെണ്ണല്‍ മെഷീന്‍വച്ച് പ്രത്യുപകാരം വാങ്ങിയതായും ആരും പറഞ്ഞില്ല. എന്നിട്ടും സൂപ്പിക്ക് വേണ്ട പിന്തുണ ലഭിച്ചില്ല. പോവുന്നെങ്കില്‍ പൊയ്‌ക്കോട്ടെ എന്നു ചിന്തിച്ചവര്‍ കുറച്ചൊക്കെ മന്ത്രിയുടെ പാര്‍ട്ടിയിലും ഉണ്ടായിരുന്നതുകൊണ്ട് ഐക്യദാര്‍ഢ്യ പ്രവാഹവുമുണ്ടായില്ല. പക്ഷേ, തെക്കന്‍ കേരളത്തില്‍ നിന്ന് ഒരു സമുദായ സംഘടനാ നേതാവ് മാധ്യമങ്ങളോടു പറഞ്ഞു, ‘അദ്ദേഹം പിന്നാക്ക സമുദായക്കാരനായതുകൊണ്ടാണ് ഈ വേട്ടയാടല്‍. ഞങ്ങളതു സമ്മതിച്ചുകൊടുക്കില്ല.’ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു അത്. മുതിര്‍ന്ന ഈ ഐഎഎസുകാരന്‍ എന്തിനും മുതിരുമെന്നും അജണ്ടകള്‍ വേറേയുമുണ്ടെന്നും കാലം കുറേക്കഴിഞ്ഞപ്പോള്‍ ബോധ്യപ്പെട്ടു. അല്‍ഫോണ്‍സ് കണ്ണന്താനമായിരുന്നു അത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ മോഹങ്ങള്‍ ആദ്യം സിപിഎം സ്വതന്ത്രനായും പിന്നീട് ശരിയായ ബിജെപിയായും വെളിപ്പെട്ടു. വെള്ളാപ്പള്ളി പറഞ്ഞതു ശരിയാണല്ലോ എന്നു ചിന്തിക്കാനുതകുന്ന മാറ്റം.
പക്ഷേ, വെള്ളാപ്പള്ളിക്കും ഇതിനിടയില്‍ മാറ്റങ്ങള്‍ പലതുണ്ടായി. വെറും മൊഴിമാറ്റമല്ല, പച്ചയായ കൂറുമാറ്റം തന്നെ. പിന്നാക്ക സമുദായ മുന്നണി എന്ന കൂട്ടായ്മയുടെ കാലത്തുനിന്ന് ഘട്ടംഘട്ടമായി അദ്ദേഹം എത്തിനില്‍ക്കുന്നത് ബിജെപിയുമായി ചേര്‍ന്ന് രാഷ്ട്രീയസഖ്യമുണ്ടാക്കുന്നതിന് പാ ര്‍ട്ടി പ്രഖ്യാപിക്കാനുള്ള കേരള യാത്രയിലാണ്. ഒരു രാത്രി പുലര്‍ന്നപ്പോഴല്ല ഇതു സംഭവിച്ചത്. എ ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനമായപ്പോഴേക്കും ചില സൂചനകള്‍ വന്നുതുടങ്ങിയിരുന്നു. പക്ഷേ, അതുകഴിഞ്ഞ് 10 വര്‍ഷം രാജ്യം ഭരിച്ചത് യുപിഎ ആണ്. എങ്കിലും 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വരുന്നതുവരെ നിശ്ശബ്ദനായിരുന്നില്ല വെള്ളാപ്പള്ളി. ഇക്കാലത്തിനിടയില്‍ എ ന്‍എസ്എസുമായി ചേര്‍ന്ന് വിശാല ഹിന്ദു ഐക്യത്തിന് രണ്ടുവട്ടം ശ്രമിച്ചു. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുക്കള്‍ ഒന്നിച്ചുനില്‍ക്കുന്നതില്‍ മറ്റു വിഭാഗങ്ങള്‍ക്ക് വിഷമം തോന്നേണ്ട കാര്യമില്ല, സാധാരണ ഗതിയില്‍. പക്ഷേ, വെള്ളാപ്പള്ളി അതിനു പശ്ചാത്തലമൊരുക്കാനും മെക്കിട്ടു കയറിയത് ന്യൂനപക്ഷങ്ങളുടെ നെഞ്ചത്തായിരുന്നു. ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായി നേട്ടങ്ങളുണ്ടാക്കുന്നു എന്ന ഇന്നത്തെ അതേ ആരോപണം തന്നെയായിരുന്നു അന്നും ഹൈലൈറ്റ്. ജി സുകുമാരന്‍ നായര്‍ കൂടെനിന്നു. പിന്നെ പിരിഞ്ഞു, വീണ്ടും ചേര്‍ന്നു, പിന്നെയും പിരിഞ്ഞു. ഇപ്പോള്‍ പിരിഞ്ഞാണു നില്‍പ്. സുകുമാരന്‍ നായര്‍ക്കെന്തോ വെള്ളാപ്പള്ളിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അത്രയക്കങ്ങു ദഹിച്ചില്ല. കാസര്‍കോട്ടുനിന്ന് ആരംഭിച്ച സമത്വമുന്നേറ്റ യാത്ര ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്തു സമാപിക്കുമ്പോള്‍ പാര്‍ട്ടി പ്രഖ്യാപിക്കും. അത് ഭൂരിപക്ഷ സമുദായത്തിന്റെ പാര്‍ട്ടി ആയിരിക്കുമെന്നും മതേതര പാര്‍ട്ടിയായിരിക്കുമെന്നും എല്ലാ മനുഷ്യരുടെയും പാര്‍ട്ടി ആയിരിക്കുമെന്നുമൊക്കെ തരംപോലെ പറഞ്ഞുകൊണ്ടാണു വരവ്. പക്ഷേ, തുടക്കം മുതല്‍ ഇന്നോളം വെള്ളാപ്പള്ളി പിശകുകളില്ലാതെ പറഞ്ഞുപോരുന്ന ചില കാര്യങ്ങളുണ്ട്. അവയിലാണ് പുതിയ വെള്ളാപ്പള്ളിയുടെയും പിറക്കാന്‍ പോവുന്ന പാര്‍ട്ടിയുടെയും നിലപാടുകളുടെ കാമ്പ്. ‘ന്യൂനപക്ഷങ്ങള്‍ക്കാണ് നേട്ടങ്ങളെല്ലാം. അവര്‍ അനര്‍ഹമായി പലവിധ ആനുകൂല്യങ്ങള്‍ നേടുമ്പോള്‍ ഹിന്ദുക്കളിലെ വിവിധ വിഭാഗങ്ങള്‍ക്ക് അര്‍ഹമായതു പോലും കിട്ടുന്നില്ല. മലപ്പുറത്തേക്കും കോട്ടയത്തേക്കുമാണ് ഭരണത്തിന്റെ പോക്ക്’.
ഈ പറയുന്നതിന് രണ്ടു മുനകളുണ്ട്. അത് മുസ്‌ലിംകള്‍ക്കെതിരേയും ക്രിസ്ത്യാനിക ള്‍ക്കെതിരേയുമാണ്. അതിന്റെ തന്നെ ഭാഗമാണ് മലപ്പുറത്തേക്കും കോട്ടയത്തേക്കും തിരിച്ചുവച്ചിരിക്കുന്ന വിമര്‍ശനം. മലപ്പുറവും കോട്ടയവും ഓരോ പ്രതീകങ്ങളാണ്. മലപ്പുറം മുസ്‌ലിംകള്‍ കൂടുതലുള്ള ജില്ലയും ഭരണത്തില്‍ പ്രധാന പങ്കാളിത്തവുള്ള മുസ്‌ലിം ലീഗിന്റെ ആസ്ഥാനവും അവരുടെ കൂടുതല്‍ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും കേന്ദ്രവുമാണ്. മുഖ്യമന്ത്രിയും സത്യക്രിസ്ത്യാനിയുമായ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കോട്ടയത്താണുള്ളത്. കോട്ടയം ക്രിസ്ത്യാനികളിലേക്കുള്ള കവാടവും മലപ്പുറം മുസ്‌ലിംകളിലേക്കുള്ള കോണിയുമാണു വെള്ളാപ്പള്ളിക്ക്. ഈ പറയുന്നതിനെ രണ്ടായിത്തന്നെ തിരിച്ചറിയുകയും തിരിച്ചു പറയുകയും ചെയ്യേണ്ടതുണ്ട് എന്നതാണു വസ്തുത. കേരളത്തിലെ ക്രിസ്ത്യാനികളെല്ലാം പിന്നാക്ക വിഭാഗമല്ല എന്ന് ഔദ്യോഗികമായിത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മുന്നോക്കവിഭാഗ ക്ഷേമ കോര്‍പറേഷന്റെ മുന്നോക്ക സമുദായങ്ങളുടെ പട്ടികയിലുമുണ്ട് ലത്തീന്‍ കത്തോലിക്കരല്ലാത്ത ക്രിസ്ത്യാനികള്‍. ഇത് വെള്ളാപ്പള്ളിക്ക് അറിയാത്ത കാര്യമല്ല; അതിന്റെ സാമൂഹിക സാഹചര്യങ്ങളും വ്യക്തം. അപ്പോള്‍പ്പിന്നെ മുസ്‌ലിംകള്‍ തന്നെയാണ് ശരിയായ ഉന്നമെന്നു വരുന്നു. അവര്‍ക്ക് സര്‍ക്കാര്‍ വാരിക്കോരി കൊടുക്കുന്നു, അവര്‍ ഭരിക്കുന്നു, അവരുടേതാണു കാലം എന്ന മട്ടിലാണ് പോക്ക്. കാസര്‍കോട്ടു നിന്ന് ഇതേവരെ എത്തിയ ഒരിടത്തും ഈ വിമര്‍ശനം, നുണയെ സത്യമാക്കി തെറ്റിദ്ധരിപ്പിക്കുന്ന തന്റെ അതിസാമര്‍ഥ്യത്തിലൂടെ അദ്ദേഹം അവതരിപ്പിക്കാതിരുന്നില്ല.
കോഴിക്കോട്ട് ഓടയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരിച്ച നൗഷാദ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ കുടുംബത്തിന് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചതുപോലും മുസ്‌ലിമായതുകൊണ്ടാണെന്നു പറഞ്ഞുവയ്ക്കുന്നു. എത്രയോ അധമമാണിത്. ധനസഹായവും മരിച്ചയാളുടെ ഭാര്യക്ക് ജോലിയുമൊക്കെ കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്ന സംഭവങ്ങള്‍ എത്രയോ ഉണ്ട്. എല്ലാ സര്‍ക്കാരുകളുടെ കാലത്തുമുണ്ട് ഇത്. പക്ഷേ, അതിന് മരിച്ചയാളുടെ സമുദായം നോക്കി കുറ്റം പറയുന്നത് ഇതാദ്യമാണ്. ‘നടേശാ, ജ്ജ് ഒരു മനിസനാകാന്‍ നോക്ക്’ എന്നും ‘ചാണകക്കുഴിയില്‍ നിന്നു ചന്ദനഗന്ധം വരുമെന്നു ഞാന്‍ കരുതുന്നില്ല. അതുകൊണ്ടു തന്നെ ആ കൊടും വിഷഭാഷണങ്ങള്‍ എന്നെ ഞെട്ടിപ്പിക്കുന്നുമില്ല.’ എന്നുമൊക്കെ സാമൂഹിക മാധ്യമ വിമര്‍ശനങ്ങള്‍.
വെള്ളാപ്പള്ളിയുടെ പ്രചാരണ മുന ദിശ തെറ്റിയാണു നീങ്ങുന്നതെന്നു തിരിച്ചറിയുമ്പോള്‍ ഇടയ്‌ക്കെങ്കിലും പ്രതികരിക്കുന്നുണ്ട് സാമൂഹിക മാധ്യമങ്ങള്‍. മറ്റു മാധ്യമങ്ങളുടെ മൃദുഭാവം വാക്കിലും പെരുമാറ്റത്തിലും തീരെയില്ലാത്തതുകൊണ്ട് കടുപ്പിച്ചാണു പറയുന്നതെന്നു മാത്രം: അങ്ങനെ കഴിഞ്ഞ ദിവസം ഫേസ്ബുക്കി ല്‍ വന്ന ഒരു പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്: ‘കിട്ടാനുള്ളതു മുഴുവന്‍ വാങ്ങിയെടുത്തിട്ട് ഇപ്പോഴൊരു കളംമാറ്റിച്ചവിട്ടല്‍. പിന്നാക്ക സമുദായം എന്നു പറഞ്ഞുപറഞ്ഞു വന്നിട്ട് പിന്നാക്കക്കാര്‍ക്ക് മൊത്തം വിനയായല്ലോ വെള്ളാപ്പള്ളിജീ. എങ്കില്‍പ്പിന്നെ ഒബിസി പട്ടികയില്‍ നിന്നൊരു മാറ്റംകൂടി വാങ്ങിപ്പോകാന്‍ നോക്ക്.  ത്യാഗം ചെയ്യൂ, വെള്ളാപ്പള്ളിജീ.. ത്യാഗം ചെയ്യൂ.”എസ്എന്‍ഡിപി യോഗത്തിന്റെ സ്വന്തം സൈബര്‍ സേന (അതെ, അങ്ങനെതന്നെയാണ് അതിന്റെ പേര്) ഇത്തരം വിമര്‍ശനങ്ങള്‍ കണ്ടില്ലെന്നാണു നടിക്കാറ്. വെള്ളാപ്പള്ളിയുടെ നയം അതാണെന്നു വ്യക്തം. വെള്ളാപ്പള്ളി ഇതുകേട്ട് ത്യാഗം ചെയ്യാനൊന്നും തയ്യാറാവില്ലെങ്കിലും മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ പിന്നാക്ക സമുദായങ്ങള്‍ വലിയൊരു ത്യാഗം ചെയ്തിട്ടുണ്ട്. വെള്ളാപ്പള്ളിക്ക് വള്ളിപുള്ളി വ്യത്യാസമില്ലാതെ അറിയാവുന്ന ആ വിട്ടുവീഴ്ചയുടെ കഥ കേള്‍ക്കുമ്പോള്‍ മാത്രമേ അനര്‍ഹമായതു നേടുന്നു എന്ന കുറ്റാരോപണത്തിനു പിന്നില്‍ എത്ര വലിയ മറച്ചുവയ്ക്കലാണുള്ളതെന്നു വ്യക്തമാവുകയുള്ളൂ. ഇത് വെള്ളാപ്പള്ളിതന്നെ പറഞ്ഞുനടക്കുന്നല്ലോ എന്നുകൂടി തോന്നും!

(തുടരും)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss