|    Apr 23 Mon, 2018 5:39 am
FLASH NEWS
Home   >  Editpage  >  Readers edit  >  

വെറും പ്രഖ്യാപനംകൊണ്ട് എന്തുകാര്യം?

Published : 3rd July 2016 | Posted By: SMR

slug-enikku-thonnunnathuകണിയാപുരം രമേശ്, ഹോഫുഫ്, സൗദി അറേബ്യ

കേരളപ്പിറവി കണികണ്ടിട്ട് 60 വര്‍ഷം തികയുമ്പോഴും മാറിമാറിവരുന്ന സര്‍ക്കാരുകള്‍ നയപ്രഖ്യാപനങ്ങള്‍കൊണ്ടു കേരളജനതയെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുന്നു. ഓരോ സര്‍ക്കാരും അവരവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നയപ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ അത് ഏറ്റുചൊല്ലി ഗവര്‍ണര്‍മാര്‍ അപഹാസ്യരാവുകയും ചെയ്യുന്നു. എന്താണീ നയപ്രഖ്യാപനം? ആര്‍ക്കുവേണ്ടി നയങ്ങള്‍ പ്രഖ്യാപിക്കുന്നു? ഈ പ്രഖ്യാപിക്കുന്ന നയങ്ങള്‍ അവര്‍ നടപ്പാക്കുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ ആരും ഉന്നയിക്കാറില്ല.
ഇതാ വന്നു ഇടതുസര്‍ക്കാരിന്റെ നയപ്രഖ്യാപനം. അഞ്ചുവര്‍ഷംകൊണ്ട് 25 ലക്ഷംപേര്‍ക്ക് തൊഴില്‍ കൊടുക്കും, എല്ലാ മേഖലയിലുമുള്ള അഴിമതി തുടച്ചുനീക്കും, നവകേരളം സൃഷ്ടിക്കും, പൂട്ടിയ ബാറുകള്‍ ചിലപ്പോള്‍ തുറക്കും, പട്ടിണിമുക്ത സംസ്ഥാനമാക്കും, അഴിമതി തടയാന്‍ ഏഴിന പരിപാടി നടപ്പാക്കും, പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമം ഉറപ്പുവരുത്തും, മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്നു വ്യക്തമാക്കുന്നു, ബാറുകള്‍ സര്‍ക്കാര്‍ പൂട്ടിയതുകൊണ്ട് ഗുണമുണ്ടായില്ലെന്ന വാദവും മുന്നോട്ടുവയ്ക്കുന്നു. അങ്ങനെ സുദീര്‍ഘമായ നയങ്ങളാണ് കേരളത്തിലെ 14ാം നിയമസഭാ സമ്മേളനത്തില്‍ ബഹുമാനപ്പെട്ട ഗവര്‍ണറെക്കൊണ്ട് രണ്ടുമണിക്കൂര്‍ 25 മിനിറ്റ് എടുത്ത് ജനങ്ങളെ അറിയിച്ചത്.
പക്ഷേ, ഒരുകാര്യം ഓര്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ 60 വര്‍ഷമായി 13 നിയമസഭകളിലായി മാറിമാറി നടപ്പാക്കിയ നയങ്ങള്‍ ആര്‍ക്കുപകരിച്ചു? അഞ്ചുവര്‍ഷംകൊണ്ട് 25 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നു പറഞ്ഞാല്‍ അതിനര്‍ഥം 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ്. അതായത് 1,825 ദിവസംകൊണ്ട് 25 ലക്ഷം പേര്‍ക്ക് ജോലി. എന്നുവച്ചാല്‍ കേരളത്തില്‍ ഒരുദിവസം 1,370 പേര്‍ക്കുവീതം ജോലി നല്‍കും എന്നാണു സര്‍ക്കാര്‍ വാചകമടി. മണ്ടന്‍മാരെ മരമണ്ടന്‍മാരാക്കുന്ന പ്രലോഭനം. 60 വര്‍ഷമായി അഴിമതി തുടച്ചുനീക്കുന്നു. തുടച്ചു തുടച്ചു പ്യൂണ്‍ മുതല്‍ മന്ത്രിമാര്‍ വരെ കീശവീര്‍പ്പിച്ചതല്ലാതെ പാവം ജനങ്ങള്‍ക്ക് കൈക്കൂലി കൊടുക്കാതെ വില്ലേജ് ഓഫിസില്‍നിന്നുപോലും ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. മറ്റ് ഓഫിസുകളുടെ സ്ഥിതി പറയുകയും വേണ്ട. ഇടതുപക്ഷം നയിക്കുന്ന എന്‍ജിഒ സംഘടനകള്‍ മാത്രം തീരുമാനിച്ചാല്‍ ഓഫിസുകളിലെ അഴിമതി പകുതികണ്ടു കുറയും.
ബാറുകള്‍ പൂട്ടിയതുകൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ വീട്ടമ്മമാര്‍ക്ക് സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. വാഹനാപകടങ്ങള്‍ കുറഞ്ഞു. സ്ത്രീകള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്ന സംഭവങ്ങളില്‍ കുറവുണ്ടായി. എന്നാല്‍, പുതിയ സര്‍ക്കാര്‍ പറയുന്നത് മദ്യനിരോധനമല്ല, മദ്യവര്‍ജനമാണു വേണ്ടതെന്നാണ്. എന്തായിരിക്കുമത്? മദ്യപിക്കരുതെന്ന് ആഹ്വാനിച്ച് എക്‌സൈസ് വകുപ്പ് നല്‍കുന്ന പരസ്യത്തിന്റെ എണ്ണം കൂട്ടുകയോ?
കേരളത്തിലെ ആദിവാസി ഊരുകളില്‍ ദിനംപ്രതി പട്ടിണിമരണം റിപോര്‍ട്ട് ചെയ്യപ്പെടുന്നു. കുട്ടികള്‍ പോഷകാഹാരക്കുറവിനാല്‍ മരണപ്പെടുന്നു. കഴിഞ്ഞ 60 വര്‍ഷംകൊണ്ട് ഒരു സര്‍ക്കാരിനും കേരളത്തെ പട്ടിണിമുക്തമാക്കാന്‍ സാധിച്ചില്ല. എല്ലാം നയങ്ങളില്‍ ഒതുങ്ങി, പുതിയ സര്‍ക്കാരും പുതിയ പുതിയ മന്ത്രിമാരും മുന്നോട്ടുപോവും. അപ്പോഴും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.
എല്ലാ നയങ്ങളും നല്ലതുതന്നെ. പക്ഷേ, ജനാധിപത്യരാജ്യത്ത് ഓരോ സര്‍ക്കാരും അവരവരുടെ നയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ അവ പ്രായോഗികമാണോ എന്നു പരിശോധിക്കണം. കിടക്കാന്‍ വീടില്ലാത്തവര്‍, വീടുണ്ടെങ്കിലും വെളിച്ചമില്ലാത്തവര്‍, കുടിക്കാന്‍ വെള്ളമില്ലാത്തവര്‍, നടക്കാന്‍ വഴിയില്ലാത്തവര്‍, ചത്താല്‍ കുഴിച്ചിടാന്‍ അടുക്കള ഇടിക്കേണ്ടവര്‍, പഠിക്കാന്‍ സ്‌കൂളില്ലാത്തവര്‍, സ്‌കൂളില്‍ പോവാന്‍ വഴിയില്ലാത്തവര്‍- ഇതൊന്നും ഒരു സര്‍ക്കാരും കാണുന്നില്ല, എംപി കാണുന്നില്ല, എംഎല്‍എ കാണുന്നില്ല. വലിയ വലിയ നയങ്ങള്‍ പ്രഖ്യാപിച്ച് അവയെപ്പറ്റി ചാനല്‍ ചര്‍ച്ചകളില്‍ മുഴുകി സ്വയം അപഹാസ്യരാവുകയാണ് രാഷ്ട്രീയനേതാക്കള്‍ ചെയ്യുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss