|    Jan 25 Wed, 2017 4:57 am
FLASH NEWS

വെമുല, മൃണാളിനി, ഇ ശ്രീധരന്‍

Published : 31st January 2016 | Posted By: swapna en

ROHITH_

”ഒരിക്കല്‍നിങ്ങള്‍ക്കെന്നെചരിത്രത്തില്‍ കണ്ടെത്താനാവും.അതിന്റെ നിറംമങ്ങിയ താളുകളില്‍ഇരുണ്ട വെളിച്ചത്തില്‍അന്നു നിങ്ങള്‍ പറയുംഞാന്‍ വിവേകമുള്ളവനായിരുന്നുവെങ്കില്‍”- രോഹിത് വെമുല
ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ ശാസ്ത്രഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയായിരുന്നു കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രധാന ചര്‍ച്ച. വിദ്യാര്‍ഥികള്‍ ഒന്നടങ്കം രാഷ്ട്രീയവും പ്രത്യയശാസ്ത്രവും മറന്ന് നിരാഹാരമിരുന്നു. അന്താരാഷ്ട്രതലത്തില്‍ വരെ നീതിക്കായുള്ള ആ സമരം ശ്രദ്ധിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ മൗനവും പിന്നീട് അദ്ദേഹം എങ്ങും തൊടാതെ നടത്തിയ ഖേദപ്രകടനവും ഒട്ടേറെ ചര്‍ച്ചചെയ്യപ്പെട്ടു. രോഹിതിന്റെ ജാതിയും രാഷ്ട്രീയവും കുടുംബപശ്ചാത്തലവും ചികഞ്ഞ് മാനവ വികസനമന്ത്രാലയത്തിലെ കങ്കാണികള്‍ പരക്കം പാഞ്ഞപ്പോള്‍ അതിനെ തെളിവുസഹിതം ഖണ്ഡിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ പോസ്റ്റുകളിട്ടു. രോഹിതിന് നീതിയാവശ്യപ്പെട്ടു നടത്തിയ സമരത്തിന്റെ ആത്മാര്‍ഥത പോലും ചോദ്യംചെയ്യപ്പെട്ടു. സമരമിരിക്കുന്ന ദലിത് വിദ്യാര്‍ഥികളെ തഴഞ്ഞ് മാധ്യമങ്ങള്‍ സവര്‍ണ മലയാളിയുടെ വെളുത്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ നെട്ടോട്ടമോടിയതിനെയും സോഷ്യല്‍ മീഡിയ നിശിതമായി വിമര്‍ശിച്ചു.

ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊലപാതകം

രോഹിതിനുവേണ്ടി നിരാഹാരമിരുന്ന വൈഖരി ആര്യാട്ട് പറയുന്നു: രോഹിത് വെമുല, തന്റെ ജീവിതത്തെ രാഷ്ട്രീയമായി പരാവര്‍ത്തനം ചെയ്ത് കടന്നുപോയിരിക്കുന്നു. ദലിത് ജീവിതങ്ങള്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ എങ്ങനെയാണ് ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കു വിധേയരാവുന്നതെന്നാണ് ഇതു കാണിക്കുന്നത്. രോഹിതിന്റേത് ആത്മഹത്യയല്ലെന്നും അതൊരു ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊലപാതകമാണെന്നും ലോകം വിളിച്ചുപറയുന്നു. ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി നേതാവ് രോഹിത് വെമുല അധികാരികളുടെ ബ്രാഹ്മണ ഇടപെടലുകള്‍ കാരണം കൊല്ലപ്പെട്ടു. മണ്ഡല്‍ കാലഘട്ടത്തിനു ശേഷം ഇന്ത്യയിലെ വരേണ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു കടന്നുചെന്ന ദലിത്, മുസ്‌ലിം, പിന്നാക്ക വിദ്യാര്‍ഥികള്‍ നേരിടുന്ന ജാതീയ വിവേചനത്തിന്റെയും കീഴാള വിദ്യാര്‍ഥി രാഷ്ട്രീയം നേരിടുന്ന സംഘടിതമായ ഹിംസയുടെയും കഥകളിലൊന്നാണ് വെമുലയുടെ ആത്മഹത്യ. കേരളത്തിലെ, വരേണ്യ അക്കാദമിക് ഇടങ്ങളോട് മണ്ഡലാനന്തരം കാലഘട്ടത്തില്‍ ദലിത് പിന്നാക്ക വിദ്യാര്‍ഥികള്‍ നടത്തിയ ഇടപെടലുകള്‍ കേരളത്തിന്റെ അധീശ പൊതുബോധത്തെ ചോദ്യംചെയ്യുകയുണ്ടായി. എന്നാല്‍, കീഴാള വിദ്യാര്‍ഥി രാഷ്ട്രീയത്തെ നിശ്ശബ്ദമാക്കാനാണ് സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ശ്രമിച്ചിച്ചത്. അബ്ദുല്‍ കബീര്‍ പറയുന്നു: രോഹിത് ഉയര്‍ത്തിപ്പിടിച്ച മുസ്‌ലിം, ദലിത്, കീഴാള ബഹുജന്‍ രാഷ്ട്രീയത്തെ വിഭാഗീയതയുടേതെന്നും അപക്വമെന്നും വിളിച്ച ഊളകള്‍ ഇപ്പോള്‍ ആ രാഷ്ട്രീയത്തെക്കുറിച്ച് വല്ലാതെ പറയുന്നത് കേള്‍ക്കുമ്പോള്‍ അവരോടൊന്നു പറയാന്‍ തോന്നുന്നു, പോടാ ഊളകളെ നിങ്ങളുടെ സര്‍ട്ടിഫിക്കറ്റൊന്നുമില്ലാതെ തന്നെ മര്‍ദ്ദിതരുടെ രാഷ്ട്രീയത്തിന് സ്വയം പ്രതിനിധാനം ചെയ്യാന്‍ ശേഷിയുണ്ട്.

ഇസ്‌ലാം, മുസ്‌ലിം, ദലിത് വിരുദ്ധത

ഷെഫീഖ് സുബൈദ ഹക്കീം എഴുതുന്നു: ഇസ്‌ലാംഭയത്തെയും ഇസ്‌ലാം വിരുദ്ധതയെയും മാറ്റിവയ്ക്കാം.’ഇസ്‌ലാം എന്ന മറ്റൊരു ഭീകരമതത്തിന്റെ പൊളിറ്റിക്കല്‍ ഇരകളാക്കാനുള്ള സംഘടിത ശ്രമ’മെന്നൊക്കെ വാരിക്കോരി എഴുതുമ്പോള്‍ പൊതുവില്‍ ഇടതു രാഷ്ട്രീയവ്യവഹാരം, ‘മതേതര’ വ്യവഹാരം, സര്‍വോപരി യുക്തിവാദ വ്യവഹാരം എത്രമാത്രം ഇസ്‌ലാം, മുസ്‌ലിം, ദലിത് വിരുദ്ധമാണെന്നത് അദ്ഭുതപ്പെടുത്തുന്നില്ല. കാരണം അതങ്ങനെയാണ്. എന്നാല്‍, ചില സ്റ്റാറ്റസുകളെ പറ്റി ഇപ്പോള്‍  പറയേണ്ടിവരുന്നത് രോഹിത് വെമുലയുടെ മരണം ഇവര്‍ ആഘോഷിക്കുന്ന            വിധത്തില്‍ നിന്നാണ്. എത്ര ദലിത് വിരുദ്ധത വച്ചുപുലര്‍ത്തുന്നവരാണ് ആ മരണത്തെ ആഘോഷിക്കുന്നത് എന്നാലോചിക്കുമ്പോള്‍ ഭയമാണു             തോന്നുന്നത്. ഇന്നോളം ഇന്ത്യയിലെ ഫാഷിസത്തെ (ബ്രാഹ്മണിക് ഭരണക്രമത്തെ) തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നവയാണ് ദലിത് വ്യവഹാരങ്ങള്‍. പൊതുസമൂഹത്തിന് ഇന്നത് അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്…  ഫാഷിസ്റ്റ്/ബ്രാഹ്മണിക ക്രമത്തെ വളരെ ഫലപ്രദമായി തുറന്നുകാട്ടുകയും അതിനോട് ജീവിതം നല്‍കി പോരാടുകയും ചെയ്തുകൊണ്ടിരിക്കുന്ന ദലിതര്‍ വെറും ‘ഇര’കളായും കൂട്ടുകൂടുന്നതിലെ അപകടങ്ങള്‍ മനസ്സിലാവാതെ വാരിക്കുഴിയില്‍ വീണുപോയ മണ്ടന്മാരായും ഇനിയും ഇടത്, മതേതരരുടെ രക്ഷയും വിമോചനവും വേണ്ടിവരുന്ന അപരിഷ്‌കൃതരായും  ചിത്രീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ദലിതരെ ‘ഇസ്‌ലാമിസ്റ്റ്’ ഭീകരരുടെ ‘പിടിയില്‍’ നിന്നു രക്ഷിക്കാനുള്ള ചുമതല സ്വയം ഏറ്റെടുത്ത ഈ ‘രക്ഷകവിമോചകരെ’യല്ലേ രോഹിത് കളിയാക്കി തള്ളിക്കളഞ്ഞത്. സ്ത്രീകളുടെ സ്വതന്ത്രകര്‍തൃത്വം നിഷേധിച്ചുകൊണ്ട് ഹിന്ദു പെണ്‍കുട്ടികള്‍ ‘ലൗജിഹാദെ’ന്ന വാരിക്കുഴിയില്‍ വീണുപോയ ‘പാവങ്ങള്‍’ ആക്കി അവരെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച സംഘികളെയാണ് ഈ സ്റ്റാറ്റസ് വായിച്ചപ്പോള്‍ ഓര്‍മ വന്നത്.

കൊച്ചി മെട്രോ വികസന വോട്ടുപെട്ടി

കൊച്ചി മെട്രോയുടെ പരീക്ഷണഓട്ടം വിജയകരമായെന്ന പ്രഖ്യാപനത്തോട് ഇ ശ്രീധരനോട് ബഹുമാനം പുലര്‍ത്തുന്നവര്‍ തന്നെ ഇത്തവണ സോഷ്യല്‍മീഡിയയില്‍ ഇടഞ്ഞുകൊണ്ട് രംഗത്തെത്തി. സാങ്കേതികരംഗത്തെക്കുറിച്ച് ഏറെ എഴുതാറുള്ള വി കെ ആദര്‍ശ് ‘വികസന പരീക്ഷണ വോട്ടുപെട്ടി ഉദ്ഘാടനങ്ങള്‍ കൊണ്ട് സഹിക്കാന്‍ വയ്യേ’ എന്നാണ് തന്റെ കമന്റിന് തലക്കെട്ടു കൊടുത്തത്. അദ്ദേഹം എഴുതി: കൊച്ചി മെട്രോ പരീക്ഷണഓട്ടം നടത്തിയതിലെ ഔചിത്യമില്ലായ്മയല്ലേ വാര്‍ത്ത ആവേണ്ടിയിരുന്നത്. കുറേ നാള്‍ കൂടി ഇക്കഴിഞ്ഞ രണ്ടു ദിവസം എറണാകുളത്ത് ഉണ്ടായിരുന്നു. അച്ചടി, ദൃശ്യമാധ്യമങ്ങള്‍ എന്നു വേണ്ട ഫേസ്ബുക്കില്‍ വരെ കൊച്ചിമെട്രോയുടെ പരീക്ഷണഓട്ടം വാര്‍ത്തയായി നിറഞ്ഞു നിന്നതിനാല്‍ വലിയ പ്രതീക്ഷയുമായാണ് മെട്രോയുടെ അടിസ്ഥാനസൗകര്യങ്ങള്‍ കാണണമെന്ന് കരുതി യാത്ര ചെയ്തത്. എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍ മുതല്‍ കാക്കനാട് വരെ യാത്ര ചെയ്തപ്പോള്‍ ആകെ കണ്ടത് ക്രിക്കറ്റ് സ്റ്റമ്പ് കുത്തിനിര്‍ത്തിയപോലെ കോണ്‍ക്രീറ്റ് സ്തൂപങ്ങള്‍ മാത്രം. പലയി ടത്തും മുകളിലെ സ്ലാബ് ഇനിയും പിടിപ്പിക്കാനുണ്ട്. കലൂരിലെ നിര്‍ദിഷ്ട സ്‌റ്റേഷന്‍ പണി തീര്‍ന്ന് പരീക്ഷണത്തിനു സജ്ജമാവണമെങ്കില്‍ തന്നെ  കുറഞ്ഞത് അടുത്ത ഓണം ഉണ്ടുകഴിയണം. അപ്പോള്‍ പിന്നെ ഈ ബഹള കോലാഹലം എന്തിനായിരുന്നു. മൂന്നുനാലു കൊല്ലം ഈ കലൂരില്‍ തന്നെ താമസിച്ച എന്നെ സംബന്ധിച്ചിടത്തോളം കടുത്ത നിരാശയായിരുന്നു ഈ പിആര്‍ ബഹള മെട്രോ ഉദ്ഘാടന മഹാമഹവാര്‍ത്ത. സാധാരണയായി വെട്ടിത്തുറന്ന് സംസാരിക്കുന്ന ഇ ശ്രീധരന്‍ ഈ പരീക്ഷണ ഉദ്ഘാടന വെപ്രാളത്തിന് എന്തിന് കൂട്ടുനിന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വരുന്ന ഈ കാട്ടിക്കൂട്ടലുകള്‍   തുറന്നു എതിര്‍ക്കപ്പെടുക തന്നെ വേണം. അടുത്തത് കണ്ണൂര്‍ മട്ടന്നൂര്‍ വിമാനത്താവളമാവും.   സാമാന്യം നല്ല ഒരു റണ്‍വേ ഒപ്പിച്ചെടുത്താല്‍    ഏതു സ്ഥലത്തും വിമാനമിറക്കാം. എന്നാല്‍, ലാന്‍ഡിങ് സിസ്റ്റം ഒക്കെ കൃത്യമായി സംവിധാനം ചെയ്ത് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സുരക്ഷാപരിശോധനയും കടന്ന ശേഷം ഉദ്ഘാടിക്കുന്നതല്ലേ കരണീയം. അല്ല തിരഞ്ഞെടുപ്പിന് മുന്നെ തന്നെ ചെയ്യണമായിരുന്നുവെങ്കില്‍ നിര്‍ദിഷ്ട പദ്ധതിയനുസരിച്ച് വിഭാവനം ചെയ്യുക മാത്രമല്ല, ആ മാസരേഖയിലൂടെ തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു എന്ന് കര്‍ശനമായി ഉറപ്പാക്കുക കൂടി വേണമായിരുന്നു. ഇപ്പോള്‍ നടത്തിയ ഉദ്ഘാടനം ബൂമറാങ്ങായി വരാതിരുന്നാല്‍ നന്ന്. പ്രകാശ്കുമാര്‍ കെ കെ ഇതിനെ പഴയൊരു സിനിമാ ഡയലോഗിനോടാണ് ഉപമിച്ചത്. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോവരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡോ. ആര്‍ കെ തിരൂര്‍ കുറച്ചുകൂടെ സീരിയസായി. ഇനി ഭരണത്തില്‍ വരാന്‍ പോവുന്നില്ലെന്ന് ഉറപ്പുള്ളവര്‍ ശിലാഫലകത്തില്‍ പേരു വരുത്താന്‍ പാടുപെടുന്നു-  അദ്ദേഹം എഴുതി.

അമ്മയ്ക്കുവേണ്ടി ഒരു മകളുടെ നൃത്തം

മല്ലികാ സാരാഭായി അവരുടെ അമ്മയും നര്‍ത്തകിയുമായ മൃണാളിനി സാരാഭായിക്ക് നല്‍കിയ വിടവാങ്ങല്‍ നൃത്തം സോഷ്യല്‍മീഡിയയില്‍ ഇത്തവണ ഒരുപാട് വിവാദങ്ങളുടെ പൊടിപടലമുയര്‍ത്തി. അമ്മയുടെ മൃതദേഹത്തിനു മുന്നില്‍ മകള്‍ മല്ലിക നടത്തിയ നൃത്തം മാത്രമല്ല, തന്റെ അമ്മയുടെ ചിതയ്ക്ക് തീകൊടുത്തതിലും ചിലര്‍ അമര്‍ഷം പൂണ്ടു. അത്തരം വിമര്‍ശനങ്ങളെയാണ് ജേക്കബ് ലാസര്‍ നേരിട്ടത്. ‘മല്ലിക സാരാഭായി അവരുടെ അമ്മയും അതുല്യ നര്‍ത്തകിയുമായ മൃണാളിനി സാരാഭായിക്കു നല്‍കിയ വിടവാങ്ങല്‍ ധീരമാണ്. അത് ചരിത്രത്തില്‍ എന്നും ജ്വലിച്ചു നില്‍ക്കും. മതചിന്തയുടെയും പാരമ്പര്യത്തിന്റെയും അഴുകിയ വ്രണങ്ങള്‍ മനസ്സിലുള്ളവര്‍ക്ക് അതിന്റെ ഓര്‍മകള്‍ പോലും അസഹ്യത ഉളവാക്കും. എന്തിനെന്നറിയാതെ അനുഷ്ഠിക്കുന്ന ആചാരങ്ങളെയാണ്  അനാചാരങ്ങള്‍ എന്നും അന്ധവിശ്വാസങ്ങള്‍             എന്നും യുക്തിചിന്തയും ശാസ്ത്രബോധവുമുള്ളവര്‍ പറയുന്നത്. അതിനെ പിന്തുടരാത്തവരെല്ലാം തെറ്റുകാര്‍ ആണെന്നു ധരിക്കാനുള്ള സ്വാതന്ത്ര്യം കിണറ്റുതവളകള്‍ക്ക് ഉണ്ട്. പക്ഷേ, അന്ധതയും അറിവില്ലായ്മയും അഹങ്കാരമായി കൊണ്ടുനടക്കരുത്. സ്ത്രീകളെ ശവസംസ്‌കാര ചടങ്ങ് നടക്കുന്ന സ്ഥലത്തിനടുത്തു പോലും സവര്‍ണജാതി ഹിന്ദുക്കള്‍ പ്രവേശിപ്പിക്കില്ല. സ്ത്രീകളോടുള്ള വിവേചനം തന്നെ അതും. മല്ലിക കത്തിക്കുന്ന ഓലച്ചൂട്ട്, വിപ്ലവത്തിന്റെ പന്തം തന്നെ. ശരീരാവയവങ്ങള്‍  എന്തിന് മൃതദേഹം പോലും ദാനം ചെയ്യുന്ന വര്‍ത്തമാനകാലത്ത് മല്ലികയ്ക്ക് പൊങ്കാലയിടുന്നത് ദുഷ്ടലാക്ക് തന്നെ.മല്ലിക ചിതകൊളുത്തിയതിനെ എതിര്‍ക്കുന്നവര്‍ക്കു മുന്നിലേക്ക് മറ്റൊരു ചിത്രവും ജേക്കബ്  ലാസര്‍ നീട്ടിവച്ചു. 39 വര്‍ഷം മുമ്പ് 1977 മാര്‍ച്ച് 23ന്        എകെജിയുടെ ചിതയ്ക്ക് തീക്കൊളുത്തിയ മകള്‍ ലൈലയുടെ ചിത്രം. അന്നൊന്നും ഇത്തരം അധിക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നില്ലെന്നും അദ്ദേഹം        കൂട്ടിച്ചേര്‍ത്തു.

കുഞ്ഞുകുഞ്ഞും കുഞ്ഞുമാണിയും

മനോരമയും…ആസിയാന്‍ കരാറിനെതിരേ സമരം ചെയ്യാന്‍ പോയത് ഓര്‍മ വരുന്നു… അന്ന് എന്തൊരു മോഹനവാഗ്ദാനങ്ങളായിരുന്നു ആ തലയില്‍കെട്ടുകാരന്‍ തന്നത്… അന്ന് കൈയടിക്കാന്‍ കേന്ദ്രത്തില്‍ ആന്റണിയും ജോസ് കെ മാണിയും ഉണ്ട്. ഇടതുപക്ഷത്തെ വികസന വിരോധികളാക്കാന്‍ അന്ന് കിണഞ്ഞു പരിശ്രമിച്ചത് ഉമ്മന്‍ചാണ്ടിയും മാണിയും മനോരമയും… ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ സിന്തറ്റിക് റബര്‍ (കൃത്രിമ റബര്‍) ഇറക്കുമതി ചെയ്യുന്ന കമ്പനി റോയല്‍ മാര്‍ക്കറ്റിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി. ഈ കമ്പനിയുടെ ഉടമസ്ഥര്‍ ജോസ് കെ മാണിയും അളിയന്‍ സേവ്യറും. ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തുള്ളത് മനോരമയുടെ ഉപസ്ഥാപനമായ എംആര്‍എഫ് ആണ്.കോമഡി എന്താണെന്നുവച്ചാല്‍ റബര്‍ വിലയിടിവിനെതിരേ നിരാഹാരം കിടക്കുന്നത് ജോസ് കെ മാണി സ്‌പോണ്‍സര്‍ ചെയ്യുന്നത് മനോരമ. ഇതൊക്കെ കണ്ട് റബര്‍ കര്‍ഷകര്‍ ചാട്ടവാറുമായി ഇറങ്ങണം- ജോസ് കെ മാണിയുടെ റബര്‍ നിരാഹാര സമരത്തെക്കുറിച്ചുള്ള മുകേഷിന്റെ വിമര്‍ശനം ഇങ്ങനെ പോവുന്നു. നിരാഹാരസമരവേദി സന്ദര്‍ശിച്ച ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണി ബോധംകെട്ട് വീണതായിരുന്നു ഈ വിഷത്തില്‍ സോഷ്യല്‍മീഡിയയെ ചിരിപ്പിച്ചത്. ഇനിയുമിനിയും ബോധംകെടാനും തളര്‍ന്നുവീഴാനും അതു വാര്‍ത്തയാക്കാനും ഈ തിരുകുടുംബത്തെ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നുള്ളതാണ് കെ എ ഷാജിയുടെ പ്രാര്‍ഥന. ഭര്‍ത്താവ് നിരാഹാരം കിടക്കുന്ന ദിവസങ്ങളില്‍ ഒരുനേരം മാത്രം ഭക്ഷണം                കഴിച്ച് ഒടുവില്‍ ബോധംകെട്ടു വീണ നിഷാ ജോസ് കെ മാണിയാവട്ടെ ഇനിമുതല്‍ ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി. പാലായില്‍ പറ്റില്ലെങ്കില്‍              ചങ്ങനാശ്ശേരിയിലെങ്കിലും ഒരു സീറ്റ് – ബൈജു ബൈജുവിന്റെ പരിഹാസം ഇത്. എനിക്ക് തോന്നുന്നു: നിഷ ജോസ് കെ മാണി അടുത്ത തിരഞ്ഞെടുപ്പില്‍ പാലായില്‍ മല്‍സരിക്കാന്‍ നല്ല സാധ്യതയുണ്ട്. പ്രതിപക്ഷത്തിരുന്നു സമയം കളയാന്‍ ‘മാണിസാര്‍’ ഇനി മല്‍സരിക്കാന്‍ സാധ്യത കുറവാണ്. ചാണ്ടി പുള്ളി മഹാനാണ്  എന്നു തെളിയിക്കാന്‍ ചിലപ്പോള്‍ കുറ്റപത്രം കൊടുത്തു നാറ്റിക്കാനും സാധ്യതയുണ്ട്. നിഷ നിന്നാല്‍ വനിതാ സംവരണം പാലിച്ചു എന്ന ന്യായം പറയുകയും ചെയ്യാം. വേറെ വല്ല വനിതയെയും വിശ്വസിച്ചു മല്‍സരിപ്പിക്കാന്‍ പറ്റുമോ? മാണിക്കെതിരേ പാലായില്‍ മല്‍സരിക്കും എന്ന് ‘പൂഞ്ഞാര്‍ പുലി’ പറഞ്ഞത് നുണയല്ലെങ്കില്‍ മാണി പാലായില്‍ കടുത്ത രീതിയില്‍ മല്‍സരിക്കേണ്ടി വരും  എന്ന പ്രശ്‌നവും ഉണ്ട്. കോണ്‍ഗ്രസ്സുകാര്‍ കഴിഞ്ഞ തവണ നല്ല ‘പിന്തുണ’ കൊടുത്തതുമൂലം കാപ്പന് മുന്നില്‍ വിയര്‍ത്ത ആളാണ് മാണി. നിഷയാവുമ്പോള്‍ യുവത്വം, വനിതാ പ്രാതിനിധ്യം, സ്ത്രീകളെ കൈയിലെടുക്കാം, പൂഞ്ഞാര്‍ പുലിയെ ഒതുക്കാം. പൂഞ്ഞാര്‍ പുലി പെണ്ണുങ്ങളോട് മല്‍സരിച്ചു തേല്‍ക്കാന്‍ നില്‍ക്കാത്ത ദുരഭിമാനിയാണ്. ഇനി അഥവാ ബിജെപി മാടിവിളിച്ചാല്‍ ജോസ്‌മോന് കേന്ദ്രമന്ത്രി ആവേണ്ടി വന്നാല്‍ ഇങ്ങു കേരളത്തിലും പിടി വേണ്ടേ? ഒരു             കുടുംബത്ത് തന്നെ കേന്ദ്രമന്ത്രി, എംഎല്‍എ.  ഹോ കേട്ടിട്ട് തന്നെ കുളിര് കോരുന്നു. സോഷ്യല്‍ മീഡിയയിലെ രസികന്മാര്‍ രസിച്ചില്ലെങ്കിലേ അദ് ഭുതമുള്ളൂ.  ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 108 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക