|    May 24 Wed, 2017 2:33 am
FLASH NEWS

വെമുല കേസ്: വൈസ് ചാന്‍സലറില്‍നിന്ന് ബിരുദം സ്വീകരിക്കാതെ ദലിത് വിദ്യാര്‍ഥി

Published : 2nd October 2016 | Posted By: SMR

ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ അപ്പറാവുവില്‍ നിന്നു ബിരുദം സ്വീകരിക്കാതെ ദലിത് പിഎച്ച്ഡി വിദ്യാര്‍ഥി സുങ്കണ്ണ വെല്‍പുലയുടെ വേറിട്ട പ്രതിഷേധം. ഇന്നലെ സര്‍വകലാശാല അങ്കണത്തില്‍ നടന്ന പതിനെട്ടാമത് ബിരുദദാന ചടങ്ങിലാണ് അപ്പറാവുവില്‍നിന്നു ബിരുദം സ്വീകരിക്കില്ലെന്ന് വെല്‍പുല പ്രഖ്യാപിച്ചത്. സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ സുഹൃത്തായ സുങ്കണ്ണക്കു രോഹിതിനൊപ്പം സര്‍വകലാശാലയുടെ അച്ചടക്കനടപടി നേരിടേണ്ടി വന്നിരുന്നു.
അപ്പറാവുവില്‍നിന്നു ബിരുദം സ്വീകരിക്കാന്‍ വിസമ്മതിച്ച സുങ്കണ്ണയുടെ നടപടി ഹര്‍ഷാരവത്തോടെയാണ് സദസ്സ് എതിരേറ്റത്. സുങ്കണ്ണ നിലപാട് മാറ്റാന്‍ തയ്യാറാവാതിരുന്നതോടെ ബിരുദം നല്‍കുന്നതില്‍ നിന്നും അപ്പറാവുവിന് പിന്‍മാറേണ്ടിവന്നു. തുടര്‍ന്ന് പ്രോ വൈസ് ചാന്‍സലര്‍ വിപിന്‍ ശ്രീവാസ്തവയാണ് സുങ്കണ്ണയ്ക്ക് ബിരുദം നല്‍കിയത്. ദലിതനായതിന്റെ പേരില്‍ ഏല്‍ക്കേണ്ടിവന്ന പീഡനങ്ങളുടെ പേരില്‍  ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവം രാജ്യമാകെ കത്തിപ്പടര്‍ന്നിരുന്നു. ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അപ്പറാവുവിനു ജനുവരിയില്‍ അവധിയില്‍ പ്രവേശിക്കേണ്ടിവന്നു. മെയ് മാസത്തില്‍ തിരിച്ചെത്തിയപ്പോഴും അപ്പറാവു പ്രതിഷേധത്തിന്റെ ചൂടറിഞ്ഞിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായാണ് അദ്ദേഹത്തില്‍നിന്നു ബിരുദം ഏറ്റുവാങ്ങാതിരുന്നതെന്ന് സുങ്കണ്ണ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day