|    Jan 21 Sat, 2017 7:44 am
FLASH NEWS

വെന്നുവള്ളിക്കാവില്‍ ഒന്നര വര്‍ഷത്തിനിടെ അഞ്ചാമത്തെ മോഷണം; നാലു ഭണ്ഡാരകുറ്റികള്‍ തകര്‍ത്ത് പണം കവര്‍ന്നു

Published : 20th October 2016 | Posted By: SMR

തൊടുപുഴ: പെരുമാംകണ്ടം വെന്നുവള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. നാലു ഭണ്ഡാരകുറ്റികള്‍ കുത്തിത്തുറന്ന് പണം അപഹരിച്ചു. ഒന്നര വര്‍ഷത്തിനിടെ നടക്കുന്ന അഞ്ചാമത്തെ മോഷണമാണിത്. സ്വകാര്യ ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നാട്ടുകാരാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 20 ദിവസത്തിനിടെ നാലുമോഷണങ്ങളാണ് ക്ഷേത്രത്തില്‍ നടന്നത്.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. തൊടുപുഴ പോലിസ് സ്റ്റേഷന്റയും കല്ലൂര്‍ക്കാട് പോലിസ് സ്റ്റേഷന്റെയും അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശ്വാസികളെ ഞെട്ടിച്ച് ഇന്നലെ വെളുപ്പിനാണ് ക്ഷേത്രത്തില്‍ വീണ്ടും മോഷണം നടന്നിരിക്കുന്നത്. നൂറുകണക്കിനു വിശ്വാസികളാണ് ദിവസവും ക്ഷേത്രത്തിലെത്തുന്നത്. സാമാന്യം നല്ലരീതിയില്‍ ഭണ്ഡാരകുറ്റികളില്‍ നേര്‍ച്ചയെത്തും. കൃത്യമായി എത്ര രൂപ നഷ്ടപ്പെട്ടെന്ന് ക്ഷേത്രം അധികൃതര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ക്ഷേത്ര വളപ്പിനുള്ളില്‍ സ്ഥാപിച്ച രണ്ട് ഭാണ്ഡാരക്കുറ്റികളില്‍ നിന്നും അകത്തുറപ്പിച്ച ഭണ്ഡാരകുറ്റികളില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്. രാവിലെ വിളക്ക് കത്തിക്കാനെത്തിയയാളാണ് മോഷണം നടന്നതു കണ്ടത്. ഉടന്‍ തന്നെ ക്ഷേത്രം ഭാരവാഹികളെ വിവരമറിയിച്ചു. സംഭവത്തിനു പിന്നില്‍ കഴിഞ്ഞ വര്‍ഷം മോഷണം നടത്തിയവര്‍ തന്നെയാണ് ഇത്തവണയും മോഷണത്തിനെത്തിയതെന്നാണ് പോലിസിന്റെ നിഗമനം. രാത്രി 11നും വെളുപ്പിനെ മൂന്നിനുമിടയിലാണ് മോഷണം നടന്നിരിക്കുന്നത്. റോഡില്‍ നിന്ന് മാറിയിരിക്കുന്ന ക്ഷേത്രമായതിനാല്‍ പോലിസ് കാര്യമായ രീതിയില്‍ ഇവിടെ ശ്രദ്ധപതിപ്പിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ മോഷണം ആവര്‍ത്തിച്ചിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ പോലിസിനു കഴിയാത്തതില്‍ ഭക്തര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുണ്ട്. ക്ഷേത്രം ഭാരവാഹികളാണ് വിവരം കല്ലൂര്‍ക്കാട് പോലിസില്‍ അറിയിച്ചത്. സംഭവത്തെ കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചതായി കല്ലൂര്‍ക്കാട് എസ്‌ഐ അറിയിച്ചു. സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക