|    May 25 Thu, 2017 10:03 pm
FLASH NEWS

വെനിസ്വേല 12 മണിക്കൂര്‍ നേരത്തേക്ക് അതിര്‍ത്തി തുറന്നു; ഭക്ഷണം തേടി കൊളംബിയയില്‍ എത്തിയത് 35,000 പേര്‍

Published : 12th July 2016 | Posted By: SMR

കാരക്കാസ്: ഭക്ഷ്യക്ഷാമം രൂക്ഷമായ വെനിസ്വേലയില്‍നിന്നു 35,000 പേര്‍ അതിര്‍ത്തി കടന്ന് കൊളംബിയയിലെത്തി. ഭക്ഷ്യവസ്തുക്കളും മരുന്നും വാങ്ങുന്നതിനാണ് വെനിസ്വേലക്കാര്‍ അരദിവസത്തെ ആനുകൂല്യം മുതലെടുത്ത് കൊളംബിയയിലേക്കു തിരിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന വെനിസ്വേലയില്‍ അവശ്യവസ്തുക്കളുടെ ക്ഷാമം രൂക്ഷമാണ്. അയല്‍രാജ്യമായ കൊളംബിയയില്‍ നിന്നാണ് ഇവ ശേഖരിച്ചിരുന്നത്. എന്നാല്‍, കൊളംബിയന്‍ സേനയും ക്രിമിനലുകളും നുഴഞ്ഞുകയറുന്നതായി ആരോപിച്ച് കഴിഞ്ഞ ആഗസ്തില്‍ കൊളംബിയയില്‍ നിന്നുള്ള പ്രവേശന മാര്‍ഗം വെനിസ്വേല അടച്ചിരുന്നു. ഇതോടെ അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം രാജ്യത്ത് രൂക്ഷമായി.
കൂടിയ വില നല്‍കുന്നവര്‍ക്കു മാത്രമാണ് അരി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലഭിച്ചിരുന്നത്. ക്ഷാമം രൂക്ഷമായതോടെ കഴിഞ്ഞയാഴ്ച 500 വീട്ടമ്മമാര്‍ വെനിസ്വേലയില്‍ നിന്നു കൊളംബിയയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് സൈന്യം കണ്ടെത്തി തടഞ്ഞിരുന്നു. ഇതോടെയാണ് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദ്യുറോ 12 മണിക്കൂര്‍ നേരത്തേക്ക് സാന്‍ അന്റോണിയോ ദെല്‍ താച്ചിറയിലെ അതിര്‍ത്തി തുറക്കാന്‍ ഉത്തരവിട്ടത്. അതിര്‍ത്തി തുറന്നതോടെ കൊളംബിയയിലെ അതിര്‍ത്തി നഗരമായ കക്ടയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വെനിസ്വേലക്കാരെക്കൊണ്ട് നിറഞ്ഞു.
ദരിദ്രര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിന് 2003ല്‍ തന്നെ വെനിസ്വേലന്‍ സര്‍ക്കാര്‍ വിലനിയന്ത്രണ പദ്ധതി തുടങ്ങിയിരുന്നുവെങ്കിലും സബ്‌സിഡി ഇളവ് മറ്റു പലരിലേക്കുമാണ് എത്തിയിരുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്തിരുന്ന വസ്തുക്കള്‍ കൊളംബിയയിലെ പൊതുമാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയതും അതിര്‍ത്തിയടയ്ക്കുന്നതിന് കാരണമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day