|    Jan 21 Sat, 2017 4:33 pm
FLASH NEWS

വെനിസ്വേല-കൊളംബിയ അതിര്‍ത്തി തുറന്നിടും

Published : 13th August 2016 | Posted By: SMR

കാരക്കസ്: കൊളംബിയ-വെനിസ്വേല അതിര്‍ത്തി ഭാഗികമായി തുറക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി. ഇന്നു മുതല്‍ അതിര്‍ത്തി തുറന്നുപ്രവര്‍ത്തിക്കുമെന്ന് കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാന്വല്‍ സാന്തോസും വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദ്യുറോയും പ്രഖ്യാപിച്ചു. അഞ്ചിടങ്ങളിലായി 2,200 കിലോമീറ്റര്‍ ദൂരത്തിലാണ് അതിര്‍ത്തി തുറന്നത്.
കാല്‍നടയായി മാത്രമേ ആദ്യഘട്ടത്തില്‍ അതിര്‍ത്തി കടക്കാന്‍ സാധിക്കുകയുള്ളൂ. രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് എട്ടുമണി വരെയാണ് ദിനംപ്രതി അതിര്‍ത്തി തുറക്കുന്ന സമയം. കൊളംബിയയുടെ മുന്‍ സമാന്തരസൈന്യം അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന വെനിസ്വേലന്‍ സൈനികരെ ആക്രമിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് അതിര്‍ത്തിയടയ്ക്കാന്‍ കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ മദ്യുറോ ഉത്തരവിട്ടത്. അന്ന് നിരവധി കൊളംബിയക്കാരെ വെനിസ്വേല നാടുകടത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകരുകയും ചെയ്തിരുന്നു. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഏതാനും തീരുമാനങ്ങള്‍ കൈക്കൊണ്ടതായും മദ്യുറോ അറിയിച്ചു. എന്നാല്‍, താല്‍ക്കാലികമായാണ് അതിര്‍ത്തി തുറക്കുന്നതെന്നും കൂടുതല്‍ നിരീക്ഷിച്ച ശേഷമേ അന്തിമതീരുമാനമെടുക്കൂയെന്നും സാന്തോസ് അറിയിച്ചു. സുരക്ഷ, ഊര്‍ജം, വാണിജ്യം എന്നീ മേഖലകളിലെ കരാറുകളില്‍ പരസ്പരം ധാരണയിലെത്തുകയാണെങ്കില്‍ അതിര്‍ത്തി പൂര്‍ണമായും തുറക്കാന്‍ തയ്യാറാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.
സാമ്പത്തിക മാന്ദ്യം നേരിടുന്ന വെനിസ്വേലയില്‍ ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യം രൂക്ഷമായിരിക്കുകയാണ്. അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം മറികടക്കാന്‍ കൊളംബിയയുമായുള്ള അതിര്‍ത്തി വെനിസ്വേല ജൂലൈയില്‍ രണ്ടുതവണ തുറന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക