വെണ്ടുരുത്തി പാലത്തില്‍ മണ്ണ് മാന്തി കപ്പലിടിച്ച സംഭവം: ഷിപ്പിങ് കമ്പനി റെയില്‍വേക്ക് 23 കോടി നഷ്ടപരിഹാരം നല്കാന് ഉത്തരവ്
Published : 10th December 2015 | Posted By: SMR
മട്ടാഞ്ചേരി: പഴയ വെണ്ടുരുത്തി പാലത്തില്‍ കമല്‍ എന്ന മണ്ണ് മാന്തി കപ്പല്‍ രണ്ട് തവണ ഇടിച്ച സംഭവത്തില്‍ ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ എന്‍ജിനീയര്‍ നല്കിയ കേസില്‍ കപ്പലിന്റെ ഉടമകളായ ജയ്സു ഷിപ്പിങ് കമ്പനി റെയില്‍വേക്ക് 23,26,59,749 രൂപ പലിശ സഹിതം നഷ്ടപരിഹാരം നല്‍കണമെന്ന് കൊച്ചി സബ് ജഡ്ജ് എ എസ് മല്ലിക ഉത്തരവിട്ടു. കൊച്ചി തുറമുഖത്തിന് വേണ്ടി കൊച്ചി കായലില്‍ ഡ്രഡ്ജിങ് നടത്തുമ്പോള്‍ 2004 ജൂലൈ 29 നാണ് ആദ്യമായി കമല്‍ വെണ്ടുരുത്തി പാലത്തില്‍ ഇടിക്കുന്നത്.
മണ്ണ് മാന്തി കപ്പല്‍ പാലത്തില്‍ ഇടിച്ചത് അറിയാതെ അന്ന് രാവിലെ കൊച്ചി ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഇത് വഴി കടന്ന് പോയിരുന്നു. തീവണ്ടി കടന്ന് പോയതിന് ശേഷമാണ് റെയില്‍വേ സുരക്ഷ വിഭാഗം പാലത്തിന്റെ അപകടാവസ്ഥ മനസ്സിലാക്കിയത്. തുടര്‍ന്ന് പാലത്തിലൂടെ യാത്രാ തീവണ്ടി ഗതാഗതം റെയില്‍വേ നിര്‍ത്തി വയ്ക്കുകയായിരുന്നു. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഹാര്‍ബര്‍ ടെര്‍മിനല്‍സ് ഇതോടെ ശവപ്പറമ്പിന് സമാനമായി മാറുകയായിരുന്നു. ഇവിടെ നിന്നുള്ള ഷോര്‍ണൂര്‍ പാസഞ്ചര്‍ നിര്‍ത്തുകയും പിന്നീട് എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചര്‍ ആയി മാറ്റുകയും ചെയ്തു.
പാലം അറ്റകുറ്റപ്പണിക്ക് ശേഷം പരിമിതമായ തോതില്‍ ഗുഡ്സ് ട്രെയിന്‍ കടത്തി വിട്ടുവെങ്കിലും 2007 ഫെബ്രുവരി 24ന് കപ്പല്‍ വീണ്ടും വെണ്ടുരുത്തി പാലത്തില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ഹാര്‍ബര്‍ ടെര്‍മിനല്‍സിലേക്ക് പൂര്‍ണമായും റെയില്‍വേ ഗതാഗതം നിര്‍ത്തി. തുടര്‍ന്ന് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് വെണ്ടുരുത്തി പാലത്തിന് സമാന്തരമായി പുതിയ വിക്രാന്ത് പാലവും പുതിയ റെയില്‍വേ പാലവും നിര്‍മിക്കുകയുണ്ടായി. പുതിയ പാലം പൂര്‍ത്തിയായെങ്കിലും ഇതുവരെ ഹാര്‍ബര്‍ ടെര്‍മിനല്‍സിലേക്ക് റെയില്‍വേ ഗതാഗതം പുനരാരംഭിച്ചിട്ടില്ല. റെയില്‍വേ ഡിവിഷണല്‍ എന്‍ജിനീയര്‍ ആര് ഷാജി റോയിക്ക് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി എസ് ദാസാണ് കോടതിയില്‍ ഹാജരായത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.