|    Nov 13 Tue, 2018 11:26 pm
FLASH NEWS
Home   >  Kerala   >  

വെട്ടിയത് എബിവിപിക്കാരെന്ന് ആദ്യ മൊഴി, പിന്നീട് എസ്ഡിപിഐയെന്ന്; ഇപ്പോള്‍ വ്യക്തതയില്ലെന്ന് എസ്എഫ്‌ഐ നേതാവിന്റെ നിലപാട് മാറ്റം പോലിസിനെ വലയ്ക്കുന്നു

Published : 15th July 2018 | Posted By: sruthi srt

പത്തനംതിട്ട: എസ്എഫ്‌ഐ നേതാവിനെ രാത്രിയില്‍ ആക്രമിച്ചെന്ന ആരോപണത്തില്‍ അവ്യക്തത തുടരുന്നു. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കെ, നാലുദിവസം കഴിഞ്ഞിട്ടും പ്രതികളാരെന്ന സൂചന പോലും പോലിസിന് ലഭിച്ചിട്ടില്ല. പോലിസ് പരിശോധന ഊര്‍ജിതമാക്കിയെങ്കിലും തെളിവുകളുടെ അഭാവം അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. കൈക്ക് പരിക്കേറ്റ നിലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ എസ്എഫ്‌ഐ ജില്ലാകമ്മിറ്റിയം ഉണ്ണി രവി(21)യുടെ മൊഴിയിലും വ്യക്തതയില്ല.

ബൈക്കില്‍ യാത്രചെയ്യവെ രണ്ടുപേര്‍ അക്രമിച്ചെന്നും ഇവര്‍ ആരാണെന്ന് വ്യക്തമല്ലെന്നുമാണ് ഇയാളുടെ ഇപ്പോഴത്തെ നിലപാട്. അതേസമയം, സംഭവം കെട്ടിച്ചമച്ചാണെന്നും ആരോപണം ഉയര്‍ന്നതോടെ പോലിസ് ആ നിലയിലും അന്വേഷണം നടത്തുന്നുണ്ട്. ഉണ്ണി രവിയുടെ നിലപാട് മാറ്റമാണ് സംശയത്തിന് ബലമേകുന്നത്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിനും അതുവഴി മുതലെടുപ്പ് നടത്തുന്നതിനും വേണ്ടി സിപിഎം നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത സംഭവമാണിതെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. അക്രമികള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് വെട്ടിയെന്നും കൈക്ക് വേട്ടെറ്റ് താഴെവീണുമെന്നാണ് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ആരോപണം ഉന്നയിച്ചിരുന്നത്. എന്നാല്‍, അത്തരമൊരു അപകടം നടന്നതിന്റെ ലക്ഷണങ്ങള്‍ പോലിസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, പരിക്കിന്റെ സ്വഭാവവും മൊഴിക്ക് വിരുദ്ധമാണ്. സംഭവം വിവാദമായതോടെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും വിഷയത്തില്‍ നിന്നും ഉള്‍വലിഞ്ഞിട്ടുണ്ട്.
ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോള്‍ ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്നാണ് ഉണ്ണി ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി അധികൃതരെ അറിയിച്ചത്. പിന്നീട് കൂടുതല്‍ നേതാക്കള്‍ എത്തിയതോടെ എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ഉണ്ണി മൊഴി തിരുത്തി. ഇയാളുടെ കൈയ്യിലെ മുറിവിലും ദുരൂഹത നിലനിന്നിരുന്നു. ഈ ഘട്ടത്തില്‍ അന്വേഷണം എല്ലാതലത്തിലേക്കും വ്യാപിപ്പിച്ചതോടെയാണ് അക്രമികള്‍ ആരെന്ന് അറിയില്ലെന്ന നിലപാടിലേക്ക് ഉണ്ണി രവി എത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കുന്നതുള്‍പ്പടെ ശാസ്ത്രീയമായ അന്വേഷണ മാര്‍ഗങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്ന് സിഐ പറഞ്ഞു. പരാതിയില്‍ ചൂണ്ടിക്കാട്ടിയവരുടെ മൊഴികള്‍ രേഖപ്പെടുത്തിയെങ്കിലും അന്വേഷണത്തിന് സഹായകരമായിട്ടില്ല.
അതേസമയം, നേരത്തെ മലയാലപ്പുഴ സ്വദേശിയായ എബിവിപി പ്രവര്‍ത്തകന്‍ ആദര്‍ശിനെ പത്തനംതിട്ട ബസ്്സ്റ്റാന്റില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ ഉണ്ണി രവിയ്ക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സോഷ്യല്‍മീഡിയകളില്‍ ഉണ്ണിരവിക്കെതിരെ എബിവിപിക്കാര്‍ ഭീഷണിയും ഉയര്‍ത്തിയിരുന്നു. താഴെവെട്ടിപ്രം റിങ്‌റോഡില്‍ ഇടതുഭാഗത്തുകൂടെ ബൈക്കില്‍ മറികടന്ന് പിന്നില്‍ നിന്നെത്തിയ സംഘം വടിവാളുകൊണ്ട് ഉണ്ണി രവിയെ വെട്ടിയെന്നാണ് ആരോപണം. തുടര്‍ന്ന് നഗരത്തില്‍ പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐഎസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വര്‍ഗീയ ചുവയുള്ള മുദ്രാവാക്യം വിളിക്കുകയും എസ്ഡിപിഐ കൊടിമരങ്ങള്‍ നശിപ്പിച്ച് സംഘര്‍ഷത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ കുറേദിവസങ്ങളായി എസ്ഡിപിഐക്കെതിരേ ജില്ലയിലുടനീളം വ്യാപകമായ കുപ്രചാരണങ്ങളാണ് സിപിഎം നടത്തുന്നത്. എസ്എഫ്‌ഐ നേതാവിനെതിരായ അക്രമണവും ഇത്തരത്തില്‍ സിപിഎം ആസൂത്രണം ചെയ്തതാണോയെന്ന സംശയവും ചിലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിനെതിരേ എസ്ഡിപിഐ പരാതിയും നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss