|    Aug 14 Tue, 2018 9:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വെടിനിര്‍ത്തല്‍ ലംഘനംരജൗരിയില്‍ 120 സുരക്ഷാ കേന്ദ്രങ്ങള്‍ നിര്‍മിച്ചു

Published : 7th August 2018 | Posted By: kasim kzm

രജൗരി: വെടിനിര്‍ത്തല്‍ ലംഘനമുള്‍പ്പെടെയുള്ള സായുധാക്രമണങ്ങളില്‍ നിന്നു ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷിത താവളങ്ങളുടെ നിര്‍മാണം രജൗരി ജില്ലയില്‍ പൂര്‍ത്തിയായി. നൗഷര പ്രദേശത്തെ 120 സുരക്ഷാ കേന്ദ്രങ്ങളുടെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായത്.
ആക്രമണ സമയങ്ങളില്‍ അതിര്‍ത്തിപ്രദേശങ്ങളിലെ ഗ്രാമങ്ങളിലുള്ളവരുടെ ദൈനംദിന ജീവിതത്തെയും വിദ്യാഭ്യാസത്തെയും ബാധിക്കരുതെന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാ കേന്ദ്രങ്ങളൊരുക്കുന്നത്. ജില്ലയിലെ മറ്റു കേന്ദ്രങ്ങളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാവുമെന്ന് രജൗരി ജില്ലാ വികസന കമ്മീഷണര്‍ മുഹമ്മദ് ഐജാസ് അസദ് അറിയിച്ചിട്ടുണ്ട്. സുരക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്. ആക്രമണസമയങ്ങളില്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനും സമയനഷ്ടം വരാതെയും സമയത്തിനു വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനുമാണ് ഇത്തരം സംവിധാനങ്ങളൊരുക്കുന്നതെന്ന് കമ്മീഷണര്‍ പറഞ്ഞു.
പാകിസ്താന്‍ തുടര്‍ച്ചയായി നിയന്ത്രണരേഖ കടന്ന് ആക്രമണത്തിനു മുതിരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമവാസികള്‍ക്കു സുരക്ഷയൊരുക്കാന്‍ നിയന്ത്രണരേഖയിലും (എല്‍ഒസി) രാജ്യാന്തര അതിര്‍ത്തിയിലുമായി (ഐബി) 14,000 ഭൂഗര്‍ഭ സുരക്ഷാകേന്ദ്രങ്ങള്‍ ഒരുക്കുമെന്നു കഴിഞ്ഞ മെയ് മാസത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രഖ്യാപിച്ചത്.
ഇതിനായി മന്ത്രാലയം 415 കോടി രൂപയും അനുവദിച്ചിരുന്നു. ഒന്നരലക്ഷത്തിലധികം പേര്‍ക്കു സുരക്ഷയൊരുക്കാനാണ് കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. നിയന്ത്രണരേഖയിലുള്ള പൂഞ്ച്, രജൗരി ജില്ലകളില്‍ 7298, രാജ്യാന്തര അതിര്‍ത്തിയിലുള്ള ജമ്മു, കഠ്‌വ, സാംബ ജില്ലകളില്‍ 7162 എന്നിങ്ങനെ സുരക്ഷാ കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ആക്രമണങ്ങള്‍ രൂക്ഷമാവുമ്പോള്‍ ഗ്രാമവാസികളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കുകയാണ് നിലവില്‍ സൈന്യം ചെയ്യുന്നത്. പുതിയ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതോടെ ഇത്തരം പ്രതിസന്ധികള്‍ മറികടക്കാനാവും. അപ്രതീക്ഷിത സെല്‍ ആക്രമണങ്ങള്‍, ബോംബാക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയുന്ന തരത്തിലാണ് സുരക്ഷാ കേന്ദ്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം സൈനികരുള്‍പ്പെടെ 35 പേരാണ് സായുധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss