|    Oct 19 Fri, 2018 4:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വെടിക്കെട്ട്: കേന്ദ്രസംഘം 23നു തൃശൂരിലെത്തും

Published : 20th January 2017 | Posted By: fsq

 

തൃശൂര്‍: ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഉല്‍സവങ്ങളിലെ വെടിക്കെട്ട് സംബന്ധിച്ചു തെളിവെടുപ്പ് നടത്തുന്നതിനായി കേന്ദ്രസംഘം 23ന് തൃശൂരിലെത്തും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ വകുപ്പ് ജോയിന്റ് സെക്രട്ടറി ഷൈലേന്ദ്ര സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണു തെളിവെടുപ്പിനെത്തുന്നത്. 23ന് ഉച്ചയ്ക്ക് 2ന് അയ്യന്തോളിലെ ജില്ലാ പ്ലാനിങ് കെട്ടിടസമുച്ചയത്തിലെ ആസൂത്രണഭവനില്‍ വച്ചാണ് തെളിവെടുപ്പ്. നാഗ്പൂരിലെ പെസോ വകുപ്പ് ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് എന്‍ ടി സാഹു പങ്കെടുക്കും. ജില്ലയിലെ വിവിധ ക്ഷേത്ര, പള്ളി കമ്മിറ്റി പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും വെടിക്കെട്ടുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കാവുന്നതാണ്.തൃശൂര്‍ പൂരം വെടിക്കെട്ട് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പൂരം സംഘാടകര്‍ ന്യൂഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ കണ്ടിരുന്നു. എക്‌സ്‌പ്ലോസീവ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത ആ യോഗത്തില്‍ വിദഗ്ധ സംഘത്തെ തൃശൂരിലേക്ക് ആയക്കാമെന്നു കേന്ദ്രമന്ത്രിയും സമ്മതിച്ചിരുന്നു. ഇതുപ്രകാരമാണ് 23ന് ന്യൂഡല്‍ഹിയില്‍ നിന്നുള്ള വിദഗ്ധസംഘം തൃശൂരിലെത്തുന്നത്.കലക്ടറേറ്റിലാണു കൂടിക്കാഴ്ചകളും ചര്‍ച്ചകളും നിശ്ചയിച്ചിട്ടുള്ളത്. തുടര്‍ന്ന് ഉല്‍സവാഘോഷ കമ്മിറ്റി അംഗങ്ങളും ഭാരവാഹികളുമായും ചര്‍ച്ച നടത്തും. കേന്ദ്രസംഘത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പൂരം വെടിക്കെട്ടിന്റെ നടത്തിപ്പു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക. കൊല്ലം പുറ്റിങ്ങലിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടുകള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss