|    Jan 19 Thu, 2017 3:51 am
FLASH NEWS

വെടിക്കെട്ട് അപകടം: സ്വകാര്യ ആശുപത്രികള്‍ ഈടാക്കിയ തുക സര്‍ക്കാര്‍ നല്‍കും

Published : 12th April 2016 | Posted By: SMR

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ അധ്യക്ഷതയില്‍ പ്രത്യേക ഉന്നതതല യോഗം ചേര്‍ന്നു. ചികില്‍സയ്ക്ക് വിവിധ സ്വകാര്യ ആശുപത്രികള്‍ ഈടാക്കിയ തുക രോഗികള്‍ക്ക് ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ചികില്‍സാ ഫീസിന്റെ ബില്ല് കലക്ടര്‍ക്ക് ഹാജരാക്കിയാല്‍ അത് എത്രയായാലും തിരികെനല്‍കും. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.
പരിക്കേറ്റവരുടെ ചികില്‍സാ കാര്യങ്ങള്‍ വിലയിരുത്താന്‍ ഇന്നു രാവിലെ 9ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ യോഗം ചേരും. അപകടസ്ഥലത്ത് ആംബുലന്‍സ് സഹിതമുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയു—ന്നവരുടെ സഹായത്തിനായി ആരോഗ്യ-റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പരാതികള്‍ ഇവരെ അറിയിക്കാം. പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയുന്നവരെ കൊച്ചിയിലേക്കോ ഡല്‍ഹിയിലേക്കോ മാറ്റേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി.
ആശുപത്രിയില്‍ കഴിയുന്നവര്‍ക്കായി എല്ലാ സഹായങ്ങളും ലഭ്യമാക്കും. ഡല്‍ഹിയിലെ എയിംസ്, രാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ ജംഗ് എന്നീ ആശുപത്രികളില്‍ നിന്ന് 20 വിദഗ്ധ ഡോക്ടര്‍മാരും കൊച്ചി അമൃത ആശുപത്രിയില്‍ നിന്നുള്ള 4 വിദഗ്ധ ഡോക്ടര്‍മാരും എത്തിയിട്ടുണ്ട്. ഇവരുടെ സേവനം കൂടി രോഗികള്‍ക്ക് ലഭ്യമാക്കും. 60 ശതമാനത്തിലേറെ പൊള്ളലേറ്റ 7 പേരും 40 ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റ 7 പേരും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ 27 പേരും ചികില്‍സയിലുണ്ട്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു തൊട്ടടുത്തുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവിലേക്ക് രണ്ടു പേരേയും ഗ്യാസ്‌ട്രോ ഐസിയുവിലേക്ക് ഒരാളേയും മാറ്റും. പൊള്ളലേറ്റവരുടെ അടിയന്തര ശസ്ത്രക്രിയക്കായി 3 ഓപറേഷന്‍ തിയേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കുടുംബശ്രീയില്‍ നിന്നും 20 അറ്റന്റര്‍മാരെ അടിയന്തരമായി എടുക്കും. മറ്റ് ആശുപത്രികളില്‍ നിന്നും 3 വെന്റിലേറ്ററുകള്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കും. 5 പുതിയ വെന്റിലേറ്ററുകള്‍ വാങ്ങും. ഇവരുടെ ആരോഗ്യത്തിനായി ഡയറ്റീഷ്യന്‍മാരുടെ നിര്‍ദേശാനുസരണം ഉയര്‍ന്ന പോഷക മൂല്യമുള്ള ഭക്ഷണം ലഭ്യമാക്കിത്തുടങ്ങും. മാനസികമായ അസ്വസ്തതകള്‍ മാറ്റാനായി മാനസികരോഗ ചികില്‍സാ വിദഗ്ധരുടെ സേവനം എല്ലാ ദിവസവും ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. ഇതോടൊപ്പം, ഫിസിക്കല്‍ മെഡിക്കല്‍ ഡിപാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിത്തുടങ്ങി. അണുബാധ തടയാനായി ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ടീമും രൂപീകരിച്ചു.
ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവന്‍, ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജി ആര്‍ ഗോകുല്‍ ഐഎഎസ്, ഡിഎംഇ ഡോ. റംലാ ബീവി, എയിംസിലെ ഡോ. മാത്തൂറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍, ആര്‍എംഎല്‍ ആശുപത്രിയിലെ ഡോ. മനോജ് ഝാ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. മോഹന്‍ദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശ്രീനാഥ് യോഗത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക