|    Jan 23 Mon, 2017 4:02 am
FLASH NEWS

വെടിക്കെട്ടിന് വീരുവില്ല

Published : 21st October 2015 | Posted By: G.A.G

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ തലമുറയില്‍പ്പെട്ട ഒരു താരം കൂടി ഓര്‍മകളുടെ തിരശീലയ്ക്കു പിറകിലേക്കു മറയുന്നു. ക്രീസില്‍ ബാറ്റിങ് വെടിക്കെട്ടൊരുക്കി ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ വീരനായകനായ വീരേന്ദര്‍ സെവാഗ് പാഡഴിച്ചു. തന്റെ 37ാം പിറന്നാള്‍ ദിനത്തിലാണ് ക്രിക്കറ്റ് ആരാധകരെ നിരാശരാക്കി വീരു വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷത്തെ മാസ്റ്റേ്‌ഴ്‌സ് ചാംപ്യന്‍സ് ലീഗ് ട്വന്റിയില്‍ കളിക്കുന്നതിന്റെ ഭാഗമായാണ് സെവാഗ് വിരമിച്ചതെന്നാണ് സൂചന. കാരണം വിരമിച്ച കളിക്കാ ര്‍ക്കു മാത്രമേ ഈ ടൂര്‍ണമെന്റില്‍ കളിക്കാന്‍ സാധിക്കുകയുള്ളൂ.
സെവാഗ് വിരമിച്ചേക്കുമെന്ന തരത്തി ല്‍ തിങ്കളാഴ്ചതന്നെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇന്നലെയാണ് ട്വിറ്ററിലൂടെ മുന്‍ ഓപണര്‍ ഔദ്യോഗികമായി വിരമിക്കുന്നതായി അറിയിച്ചത്. ക്രിക്കറ്റിന്റെ മുഴുവന്‍ ഫോര്‍മാറ്റുകളിലും ഇനി താനുണ്ടാവില്ലെന്നും സെവാഗ് വ്യക്തമാക്കി. ഫോമില്ലാത്തതിനെത്തുടര്‍ന്ന് നേരത്തേ തന്നെ ദേശീയ ടീമിനു പുറത്തായ താരം കഴിഞ്ഞ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിച്ചിരുന്നു.
ദൈവം തന്നോട് ഏറെ ദയ കാണിച്ചെന്നും മനസ്സില്‍ ആഗ്രഹിച്ചതെല്ലാം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞെന്നും വിരമിക്കല്‍ കുറിപ്പില്‍ സെവാഗ് എഴുതി. ”37ാം പിറന്നാള്‍ ദിവസം തന്നെ കളി നിര്‍ത്തണമെന്നു കുറച്ചു കാലങ്ങള്‍ക്കു മുമ്പു തന്നെ ഞാന്‍ തീരുമാനമെടുത്തിരുന്നു. ഈ ദിവസം കുടുംബത്തോടൊപ്പം ആഘോഷിക്കാനും ഞാന്‍ ആഗ്രഹിച്ചിരുന്നു. ക്രിക്കറ്റ് എനിക്കു വെറുമൊരു ഗെയിമല്ല, ജീവിതം കൂടിയാണ്. അത് ഇനിയും അങ്ങനെ തന്നെയാവും.
ഇന്ത്യന്‍ ടീമിനൊപ്പമുള്ള പ്രയാണം മറക്കാനാവില്ല. ടീമംഗങ്ങള്‍ക്കും ഇന്ത്യയുടെ ആരാധകര്‍ക്കും അത് കൂടുതല്‍ ഓര്‍മിക്കപ്പെടുന്നതാക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതില്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ഇതിനായി ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്റെ ടീമംഗങ്ങളോടാ ണ്. ചില ഇതിഹാസതാരങ്ങള്‍ക്കൊപ്പം കളിക്കാന്‍ എനിക്കു ഭാഗ്യം ലഭിച്ചു. എന്റെ മുന്‍ ക്യാപ്റ്റന്‍മാരോടെല്ലാം ഞാന്‍ നന്ദിയറിയിക്കുന്നു. അവര്‍ അര്‍പ്പിച്ച വിശ്വാസവും പിന്തുണയുമാണ് എന്നെ വളര്‍ത്തിയത്. കരിയറില്‍ എന്റെ ഏറ്റവും വലിയ പങ്കാളിയെന്നത് ഇന്ത്യയുടെ ആരാധകര്‍ തന്നെയാണ്. അവര്‍ നല്‍ കിയ സ്‌നേഹവും പിന്തുണ യും ഓര്‍മകളും മറക്കാനാവി ല്ല”- സെവാഗ് മനസ്സ്തുറന്നു.
”കരിയറിന്റെ പല ഘട്ടങ്ങളിലായി എനിക്ക് വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കിയ നിരവധി പേരോട് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു. അവയില്‍ ചിലത് സ്വീകരിക്കാത്തതില്‍ ക്ഷമ യും ചോദിക്കുന്നു. ചിലത് തിരസ്‌കരിക്കാന്‍ എനിക്കു കാരണങ്ങളുണ്ടായിരുന്നു”- താരം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ കണ്ട എക്കാലത്തെ യും മികച്ച ഓപണര്‍മാരിലൊരാളായാണ് സെവാഗ് വാഴ്ത്തപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിങ് ശൈലി തന്നെ ഉടച്ചുവാര്‍ത്തതില്‍ താരത്തിന് നിര്‍ണായക പങ്കുണ്ട്. ആദ്യ പന്ത് മുതല്‍ ആക്രമിച്ചുകളിക്കുകയെന്ന ശൈലി ടെസ്റ്റില്‍ കൊണ്ടുവന്നത് സെവാഗാണ്. ടെസ്റ്റില്‍ 80നു മുകളിലുള്ള താരത്തിന്റെ സ്‌ട്രൈക്ക്‌റേറ്റ് ഇത് അടിവരയിടുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി സെവാഗ് ദേ ശീയ ടീമില്‍ നിന്നു പുറത്താണ്. 2013 മാര്‍ച്ചില്‍ ആസ്‌ത്രേലിയക്കെതിരേ ഹൈദരാബാദില്‍ നടന്ന ടെസ്റ്റിലാണ് താരം അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്.
12 വര്‍ഷത്തിലേറെ നീണ്ടുനിന്ന അന്താരാഷ്ട്ര കരിയറില്‍ 104 ടെസ്റ്റുകളും 251 ഏകദിനങ്ങളും 19 ട്വന്റികളും സെവാഗ് കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക താരമെന്ന ബഹുമതി അദ്ദേഹത്തിന്റെ പേരിലാണ്. പാകിസ്താനെതിരേ മുള്‍ത്താന്‍ ടെസ്റ്റിലായിരുന്നു സെവാഗ് 309 റണ്‍സുമായി ചരിത്രംകുറിച്ചത്. ഇതു കൂടാതെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും താരം ട്രിപ്പിള്‍ സെഞ്ച്വറി (319) കണ്ടെത്തിയിരുന്നു.
രണ്ടു തവണ ലോകകപ്പ് കിരീടവിജയത്തി ല്‍ പങ്കാളിയായ താരമാണ് സെവാഗ്. 2007ലെ പ്രഥമ ട്വന്റി ലോകകപ്പിലും 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലും ജേതാക്കളായ ടീമില്‍ സെവാഗുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക