|    Jan 18 Wed, 2017 12:57 am
FLASH NEWS

വെച്ചൂര്‍ പശു വംശനാശഭീഷണിയില്‍

Published : 11th July 2016 | Posted By: SMR

വൈക്കം: കേരളത്തിലെ പശുക്കളില്‍ എറ്റവും ശ്രേഷ്ഠമായി കണക്കാക്കുന്ന വെച്ചൂര്‍ പശു വംശനാശ ഭീഷണിയില്‍. ഇപ്പോള്‍ കേരളത്തിലുള്ള വെച്ചൂര്‍ പശുക്കളുടെ എണ്ണം നാമമാത്രമാണ്. ഇതില്‍ വിരളമായത് മാത്രമാണ് യഥാര്‍ത്ഥ ജനുസിലുള്ളത്. ലോകത്തിലെ എറ്റവും പൊക്കം കുറഞ്ഞ പശുവെന്ന് ഗിന്നസ് റെക്കോഡില്‍ ഇടം നേടിയ വെച്ചൂര്‍ പശുവിന്റെ ജന്മനാട് വൈക്കത്തെ വെച്ചൂര്‍ ഗ്രാമമാണ്. മറ്റ് പശുക്കളില്‍ നിന്ന് ഏറെ വ്യത്യസ്തതകള്‍ ഇതിനുണ്ട്. പാലിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.
ശ്വാസകോശരോഗങ്ങള്‍, ഓട്ടിസം തുടങ്ങിയ നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇതിന്റെ പാലിന് കഴിവുണ്ട്. ഉയരം കുറവും, കറുത്തനിറവും, നീട്ടമുള്ള വാലും, ചാണകം അല്ലിപോലെയും, ചെറിയ കൊമ്പ് നീണ്ട് വണ്ണം കുറഞ്ഞും, ലേശം പൂച്ചക്കണ്ണോടുംകൂടി വെച്ചൂര്‍ പശു വെച്ചൂരിലെ മിക്കവീടുകളിലും ഒരുകാലത്ത് ഉണ്ടായിരുന്നു്. നാടന്‍ പശുക്കളുടെ പ്രജനനം സംബന്ധിച്ച് സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും പാല്‍ ഉല്‍പാപാദന വര്‍ദ്ധനവിനു വേണ്ടി 1960മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ക്രോസ് ബ്രീങ് പദ്ധതി (അത്യുല്‍പാദനശേഷിയുള്ള വിദേശബീജം ഇറക്കുമതിചെയ്തു കുത്തിവെയ്ക്കല്‍) തുടങ്ങിയതോടെ നാടന്‍ പശുക്കളുടെ വംശനാശം ആരംഭിച്ചു കഴിഞ്ഞിരുന്നു. ടി കെ വേലുപ്പിളളയുടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് എന്ന ഗ്രന്ഥത്തില്‍ വെച്ചൂര്‍ പശുക്കളെയും, പാലിന്റെ ഔഷധഗുണത്തെയും സംബന്ധിച്ചുള്ള പരാമര്‍ശം മനസിലാക്കിയ മണ്ണൂത്തി കാര്‍ഷിക സര്‍വകലശാല ഉദ്യോഗസ്ഥര്‍ വെച്ചൂര്‍ പശുവിന്റെ പുനര്‍ജന്മം എന്ന സ്വപ്‌ന പദ്ധതിയുമായി പദ്ധതികള്‍ക്ക് തുടക്കമിട്ടു.
വെച്ചൂര്‍ പശുവുമായി സാമ്യമുള്ള പശുക്കളെയും കന്നുകളെയും ബീജസംങ്കരണം നടത്തി രണ്ടുമുന്ന് തലമുറ കഴിയുമ്പോള്‍ യഥാര്‍ത്ഥ വെച്ചൂര്‍ പശു പിറക്കുന്നതാണ് പദ്ധതി. വെച്ചൂരില്‍ നിന്നും ഏതാനും പശുക്കളെ വാങ്ങികൊണ്ടുപോയി വിജയകരമയി പദ്ധതി നടപ്പിലാക്കുന്നതിനിടെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍വകലാശാലയിലെ ഫാമില്‍ സംരക്ഷിച്ചു വന്നിരുന്ന വെച്ചൂര്‍ പശുക്കള്‍ ഒന്നൊന്നായി ചത്തൊ ടുങ്ങാന്‍ തുടങ്ങി. പശുക്കളുടെ മരണ കാരണം തേടിയുള്ള പോലിസ് അന്വേഷണം നടത്തി. പദ്ധതി അട്ടിമറിക്കാന്‍ ചിലര്‍ ഈ മിണ്ടാപ്രാണികള്‍ക്ക് വിഷംനല്‍കുകയായിരുന്നുവെന്ന് കണ്ടെത്തി. ഇതിനിടയില്‍ വെച്ചൂര്‍ പശുവിന്റെ പേരും പെരുമയും കടല്‍ കടന്ന് മറുകരയിലും എത്തി.
ഒരിക്കല്‍ പ്രശസ്ത പരിസ്ഥതി പ്രവര്‍ത്തക ഡോ. വന്ദന ശിവ ദില്ലിയില്‍ ഒരു പത്രസമ്മേളനം നടത്തി. ഇംഗ്ലണ്ടിലെ സ്‌കോട്ടിഷ് സ്ഥാപനമായ റോസ്‌ലിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് വെച്ചൂര്‍ പശുവിന്റെ പേറ്റന്റിന് അപേക്ഷിച്ചു എന്നായിരുന്നു അരോപണം. തുടര്‍ന്ന് വലിയ വിവാദങ്ങള്‍ അരങ്ങേറിയെങ്കിലും പിന്നീട് ഇതുസംബന്ധിച്ച് ആരും കാര്യമായ അന്വേഷണം നടത്തിയില്ല.
ഇന്ന് വെച്ചൂര്‍ പശുക്കള്‍ ഒരു അലങ്കാര വളര്‍ത്തുമൃഗമായി മാറിയിരിക്കുകയാണ്. റിസോള്‍ട്ടുകളിലും, സമ്പന്നരുടെ ആധുനിക തൊഴുത്തുകളിലും ആഡംബര കാലിത്തീറ്റകളും കച്ചിലും തിന്നു ജീവിക്കാനാണ് വിധി. മേനി കാണിക്കാന്‍ വലിയ വില നല്‍കി വാങ്ങി സംരക്ഷിക്കുന്ന അവയില്‍ പലതിനും യഥാര്‍ത്ഥ വെച്ചൂര്‍ പശുക്കളുമായി വിദൂര സാമ്യം പോലുമില്ലെന്നതാണ് സത്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക