|    Dec 15 Fri, 2017 3:53 pm
FLASH NEWS

വെങ്ങോല പഞ്ചായത്തില്‍ കെടുകാര്യസ്ഥത

Published : 6th December 2017 | Posted By: kasim kzm

പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തില്‍ ഉദ്യോഗസ്ഥ -ഭരണകൂട കെടുകാര്യസ്ഥത മൂലം ജനങ്ങള്‍ ദുരിതത്തില്‍. കെട്ടിട നികുതി കുടിശ്ശിക പിരിക്കുന്നതിന്റെ പേരില്‍ മുഴുവന്‍ പേര്‍ക്കും ഡിമാന്റ് നോട്ടീസ് നല്‍കി ജനങ്ങളെ പീഡിപ്പിക്കുതായി ആരോപണം.
2012-18 കാലയളവില്‍ നികുതി ഘടനയില്‍ വരുത്തിയ മാറ്റം അനുസരിച്ച് വര്‍ധിത നികുതിയും ലൈബ്രറി ഫീസും ഇതിനു പുറമെ പിഴ പലിശയും ഒടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുത്. പഞ്ചായത്തിലെ അതാത് വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങള്‍ മുഖേനയാണ് ഡിമാന്റ് നോട്ടീസുകള്‍ വീടുകളില്‍ എത്തിക്കുന്നത്. ഡിമാന്റ് നോട്ടീസ് കിട്ടിയ ഭൂരിപക്ഷം കുടുംബങ്ങളും 2017 വരെയുള്ള കെട്ടിട നികുതി അടച്ചവരാണെന്നും പറയുന്നു. നോട്ടീസുമായി പഞ്ചായത്തില്‍ അന്വേഷിച്ചാല്‍ പഞ്ചായത്ത് സെക്രട്ടറിക്കോ പ്രസിഡന്റ് അടക്കമുള്ളവര്‍ക്കോ വ്യക്തമായ മറുപടിയില്ലെന്നും ആക്ഷേപമുണ്ട്. നികുതിപിരിവ് ക്യാംപില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുക കംപ്യൂട്ടറില്‍ യഥാസമയം വരവുവച്ചിട്ടില്ലെന്നും ആരോപണമുണ്ട്. കൃത്യമായി നികുതിയടച്ച വ്യക്തികള്‍ക്ക് അനാവശ്യമായി നോട്ടീസ് നല്‍കിയ നടപടി പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്നും പൊതുജനങ്ങള്‍ ആരോപിക്കുന്നു.
ജില്ലയില്‍ തനത്ഫണ്ട് ഏറ്റവും കൂടുതലുള്ള ഒരു പഞ്ചായത്താണ് വെങ്ങോല. എന്നാല്‍ ഇവ യഥാസമയങ്ങളില്‍ പിരിച്ചെടുക്കാതെ ഏഴു വര്‍ഷത്തെ തുക ഒരുമിച്ച് പിരിച്ചെടുക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് മുസ്ലിം ലീഗ് വെങ്ങോല പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
നികുതി പിരിവ് ക്യാംപില്‍ പിരിച്ചെടുത്ത തുക സമയബന്ധിതമായി കംപ്യൂട്ടറില്‍ കയറ്റാതെ പൈസ തിരിമറി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മൂലം പഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വന്‍പരാജയമാണെന്ന്  ലീഗ് ആരോപിച്ചു. ഉദ്യോഗസ്ഥ-ഭരണകൂട ഒത്തുകളി അവസാനിപ്പിക്കുക, വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക